1,050 രൂപയുടെ ഗ്യാസ് സിലിണ്ടർ വിറ്റത് 503 രൂപയ്ക്ക്! എണ്ണക്കമ്പനികൾക്ക് നഷ്ടം 40,000 കോടി; നഷ്ടപരിഹാരം നൽകാൻ കേന്ദ്രം

Mail This Article
എൽപിജി സിലിണ്ടർ ‘കുറഞ്ഞവിലയ്ക്ക്’ വിറ്റഴിച്ചതുവഴി 2023-24ൽ പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ നേരിട്ട സംയോജിത നഷ്ടം 40,000 കോടി രൂപ.
2023-24ൽ രാജ്യാന്തരവില 60% കൂടിയെങ്കിലും ഇന്ത്യയിൽ എണ്ണക്കമ്പനികൾ ആനുപാതികമായി വില കൂട്ടിയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, എണ്ണക്കമ്പനികൾ നേരിട്ട നഷ്ടം നികത്താൻ കേന്ദ്രം നടപടിയെടുക്കുമെന്നും അടുത്തിടെ ഒരു പരിപാടിയിൽ വ്യക്തമാക്കിയിരുന്നു.
വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് (14.2 കിലോഗ്രാം) 1,050 രൂപ വിലയുണ്ടായിരുന്നപ്പോൾ ഡൽഹിയിലെ പ്രധാനമന്ത്രി ഉജ്വല യോജന ഉപയോക്താക്കൾക്ക് എണ്ണക്കമ്പനികൾ അവ നൽകിയത് 503 രൂപയ്ക്കാണ്. ഇത്തരത്തിൽ രാജ്യമെമ്പാടും കുറഞ്ഞവിലയ്ക്ക് എൽപിജി വിതരണം ചെയ്തതുവഴി 2023-24ൽ മാത്രം 40,000 കോടി രൂപയുടെ നഷ്ടമുണ്ടായി. 28,000 കോടി രൂപയായിരുന്നു 2022-23ലെ നഷ്ടം.
എണ്ണക്കമ്പനികൾക്കുള്ള നഷ്ടം വീട്ടുമെന്നത് 100 ശതമാനവും ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. നേരത്തേ 22,000 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാൽ, ഇതു തികയില്ലെന്നായിരുന്നു എണ്ണക്കമ്പനികളുടെ പ്രതികരണം. 2014ൽ 55% കുടുംബങ്ങളിൽ മാത്രമാണ് എൽപിജി ലഭ്യമായിരുന്നതെങ്കിൽ ഇപ്പോൾ 100 ശതമാനമാണെന്ന് മന്ത്രി പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് AFP(Photo by Arun SANKAR)ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.