ഇന്ന് വെള്ളിയുടെ ദിനം; വില വീണ്ടും ഉയർന്ന് സെഞ്ചറിക്ക് അടുത്ത്, മാറ്റമില്ലാതെ സ്വർണവില

Mail This Article
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. എന്നാൽ, വെള്ളിക്ക് വില ഉയർന്നു. ഗ്രാമിന് ഒരു രൂപ വർധിച്ച് വെള്ളിവില 98 രൂപയായി. സ്വർണവില ഗ്രാമിന് 7,130 രൂപയിലും പവൻവില 57,040 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. 18 കാരറ്റ് സ്വർണവിലയും മാറിയില്ല; ഗ്രാമിന് 5,890 രൂപ.
കേരളത്തിൽ ഇന്ന് ജിഎസ്ടിയും (3%) പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) ഹോൾമാർക്ക് ചാർജും (45രൂപ+18%ജിഎസ്ടി) ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് കൊടുക്കേണ്ടത് 61,744 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,718 രൂപ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നത് രാജ്യാന്തര സ്വർണവിലയെ ആലസ്യത്തിലാക്കിയിട്ടുണ്ട്. ഔൺസിന് 2,645 ഡോളർ നിലവാരത്തിൽ തുടരുകയാണ് രാജ്യാന്തരവില. യുഎസിൽ ഒക്ടോബറിൽ പുതിയ തൊഴിലവസരങ്ങൾ സെപ്റ്റംബറിലെ 73.7 ലക്ഷത്തിൽ നിന്ന് 77.4 ലക്ഷമായി മെച്ചപ്പെട്ടതും പണപ്പെരുപ്പം കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിയന്ത്രണപരിധിയായ രണ്ടു ശതമാനത്തിനടുത്ത് തുടരുന്നതും പലിശയിറക്കത്തിനുള്ള വഴിയടയ്ക്കുകയാണ്.

ഫെഡറൽ റിസർവിന്റെ ഈമാസത്തെ പണനയ നിർണയയോഗം പലിശനിരക്ക് കാൽശതമാനം കുറച്ചേക്കാം. തുടർന്ന് 2025ൽ ഉടനീളം പലിശനിരക്ക് നിലനിർത്താനാകും സാധ്യത. ഇത് യുഎസ് ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കിനും (ട്രഷറി ബോണ്ട് യീൽഡ്) നേട്ടമാകും. സ്വർണവിലയുടെ കുതിപ്പിന്റെ ആക്കംകുറയും. എങ്കിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ട്രംപിന്റെ വ്യാപാരപ്പോര് എന്നിവ സ്വർണവിലയ്ക്ക് വീണ്ടും കരുത്ത് പകർന്നേക്കാമെന്ന വിലയിരുത്തലും ശക്തമാണ്.