സ്വർണത്തിൽ ചാഞ്ചാട്ടം; കേരളത്തിൽ നേരിയ കയറ്റം, അമേരിക്കയ്ക്ക് വീണ്ടും ‘പണപ്പെരുപ്പച്ചൂട്’, സ്വർണവില ഇടിയുമോ?

Mail This Article
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കയറ്റം. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വില മാറുന്നത്. ഗ്രാമിന് ഇന്ന് 10 രൂപ ഉയർന്ന് 7,225 രൂപയായി. പവന് 80 രൂപ വർധിച്ച് 57,800 രൂപ. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ വർധിച്ച് 5,965 രൂപയായി. വെള്ളി വില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങളാണ് സ്വർണവിലയെ ഇപ്പോൾ സ്വാധീനിക്കുന്നത്. ഒരുവേള രാജ്യാന്തരവില ഔൺസിന് 2,630 ഡോളർ നിലവാരത്തിൽ നിന്ന് 2,651 ഡോളറിലേക്ക് ഇന്നലെ ഉയർന്നെങ്കിലും ഇപ്പോഴുള്ളത് 2,647 ഡോളറിൽ. യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 108.64 എന്ന ശക്തമായ നിലയിൽ എത്തിയിട്ടുണ്ട്. യുഎസ് ഗവൺമെന്റിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) 4.688 ശതമാനമായും ഉയർന്നു.
കുതിച്ച് ഡോളറും ബോണ്ടും, പൊന്നിന് തിരിച്ചടി?
ഡോളറും ബോണ്ടും കുതിക്കുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. യുഎസിൽ വീണ്ടും പണപ്പെരുപ്പം തലപൊക്കുന്നു എന്ന സൂചനകളാണ് ഡോളറിനും ബോണ്ട് യീൽഡിനും കരുത്തായത്. ഡിസംബറിലെ സേവനനിരക്കുകൾ (ഐഎസ്എം സർവീസസ് ഇൻഡെക്സ്) 54.1 ശതമാനമായി വർധിച്ചതാണ് വിലക്കയറ്റത്തിന്റെ സൂചന നൽകുന്നത്. നവംബറിനെ അപേക്ഷിച്ച് 2% അധികമാണിത്.

പണപ്പെരുപ്പം കൂടുമെന്ന സൂചന ഇതുനൽകുന്നതിനാൽ, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനയം കടുപ്പിക്കുമെന്ന വിലയിരുത്തൽ ശക്തമായി. ഇതോടെയാണ് ഡോളറും ബോണ്ട് യീൽഡും മുന്നേറിയത്. പലിശ ഇനി കാര്യമായി കുറയില്ലെന്നതും ഡോളറും ബോണ്ടും മുന്നേറുന്നതും സ്വർണത്തിന് തിരിച്ചടിയാണ്.
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈമാസം അധികാരത്തിലേറും. അദ്ദേഹത്തിന്റെ ഇറക്കുമതി തീരുവ നയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതും സ്വർണത്തെ ഉലയ്ക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുമെന്ന സൂചന ഇതു നൽകുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business