60,000 അകലെയല്ല, അഞ്ചാം ദിവസവും തുടര്ച്ചയായി മുന്നേറി സ്വർണവില

Mail This Article
സംസ്ഥാനത്ത് വീണ്ടും വർധിച്ച് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് തിങ്കളാഴ്ച സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 7,340 രൂപയിലും പവന് 58,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ട് ദിവസം ഗ്രാമിന് 7,315 രൂപയിലും പവന് 58,520 രൂപയിലുമാണ് വ്യാപാരം നടന്നത്.
ജനുവരി 1ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 57,200ലായിരുന്നു വ്യാപാരം നടന്നത്. 13 ദിവസം കൊണ്ട് 1,520 രൂപയാണ് പവന് വർധിച്ചത്. വില വർധന ഇനിയും തുടർന്നാൽ സ്വർണം പവന് 60,000 രൂപ എന്നത് വിദൂരമല്ല. വില ഉയരുന്നത് വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശങ്ക ഉണ്ടാക്കുന്നെങ്കിലും നിക്ഷേപത്തിൽ ശ്രദ്ധ വയ്ക്കുന്ന ആളുകൾ വ്യാപകമായി സ്വർണ നിക്ഷേപങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
18 കാരറ്റ് സ്വർണം
18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6050 രൂപയിലും പവന് 48,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേ സമയം 2024-ൽ, ഇന്ത്യയിലെ 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് 25% വർധിച്ചതായി റിപ്പോർട്ട്. യുവതലമുറ റോസ് ഗോൾഡ്, സ്റ്റഡ്ഡ് വൈറ്റ് ഗോൾഡ് എന്നിവ പോലുള്ള താങ്ങാനാവുന്ന ഫാഷനബിൾ ഓപ്ഷനുകൾ തിരഞ്ഞെടുത്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
രാജ്യാന്തര വിപണി
രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ഒരാഴ്ചയായി സ്വർണത്തിൻ്റെയും വെള്ളിയുടെയും വില ഗണ്യമായി ഉയർച്ച രേഖപ്പെടുത്തി.
ഡോളർ സൂചികയിലെ ചാഞ്ചാട്ടവും വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും കാരണം, സ്വർണത്തിൻ്റെയും വെള്ളിയുടെയും വിലകളിൽ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ വെള്ളി വില
സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപ നിരക്കിൽ തുടരുന്നു