ട്രംപ് വന്നു; സ്വർണം കുതിച്ചു, പവൻവില ആദ്യമായി 60,000 രൂപയ്ക്ക് മുകളിൽ, പണിക്കൂലി ഉൾപ്പെടെ ഇന്നു വില ഇങ്ങനെ

Mail This Article
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 60,000 രൂപ ഭേദിച്ചു. ഇന്ന് ഒറ്റയടിക്ക് 600 രൂപ കയറി വില 60,200 രൂപയായി. 75 രൂപ ഉയർന്ന് 7,525 രൂപയാണ് ഗ്രാം വില. കഴിഞ്ഞവർഷം ഒക്ടോബർ 31ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കുതിച്ച് സർവകാല റെക്കോർഡായ 6,205 രൂപയിലെത്തി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയിൽ തുടരുന്നു.
എന്തുകൊണ്ട് സ്വർണക്കുതിപ്പ്?
യുഎസ് പ്രസിഡന്റ് ആയി തിങ്കളാഴ്ച ചുമതലയേറ്റ ഡോണൾഡ് ട്രംപ് ചൈന, കാനഡ, മെക്സികോ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചത് ആഗോള സമ്പദ്‍രംഗത്ത് ആശങ്ക വിതച്ചിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷം യുഎസ്-ചൈന വ്യാപാരപ്പോര് കലുഷിതമാകുമെന്ന ഭീതി ശക്തമായി. ഡോളറിനെ തള്ളി പൊതുകറൻസി എന്ന നിലപാടിലേക്ക് ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് രാജ്യങ്ങൾ നീങ്ങുന്നതിനെതിരെയും ട്രംപ് രംഗത്തെത്തി. ബ്രിക്സിനുമേലും ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ മടിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരയുദ്ധം ആഗോളതലത്തിൽ ഓഹരി, കടപ്പത്രവിപണികളെ സമ്മർദത്തിലേക്ക് തള്ളിയതോടെ നിക്ഷേപകലോകം, സുരക്ഷിതനിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുമാറ്റം തുടങ്ങി. ഇതോടെ, ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) താഴേക്കും നീങ്ങി. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 109 നിലവാരത്തിൽ നിന്ന് 108ലേക്ക് വീണു. 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 4.6 ശതമാനത്തിൽ നിന്ന് 4.57 ശതമാനത്തിലേക്കും കുറഞ്ഞു. ഇതോടെയാണ്, ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികൾക്ക് പ്രിയമേറിയതും വില കുതിച്ചതും.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് രണ്ടുപൈസ ഇടിഞ്ഞ് 86.60 നിലവാരത്തിൽ എത്തിയതും സ്വർണവിലയെ സ്വാധീനിച്ചു. രൂപ തളരുന്നത്, സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർധിക്കാനിടയാക്കും. ഇത് ആഭ്യന്തരവില കൂടാനും കളമൊരുക്കും.
രാജ്യാന്തര വിലയുടെ കുതിപ്പ്
രാജ്യാന്തര സ്വർണവില ഇന്ന് ഔൺസിന് ഒറ്റയടിക്ക് 43 ഡോളർ വർധിച്ച് 2,752 ഡോളറിലെത്തി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,751 ഡോളറിൽ. കഴിഞ്ഞ ഒക്ടോബർ 31ലെ 2,790 ഡോളറാണ് റെക്കോർഡ്. രാജ്യാന്തരവില നിലവിൽ 2,750 ഡോളർ എന്ന പ്രതിരോധനിരക്ക് ഭേദിച്ചസ്ഥിതിക്ക് കുതിപ്പ് 2,790-2,800 ഡോളർ വരെ തുടർന്നേക്കാമെന്ന വിലയിരുത്തലുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ വരുംദിവസങ്ങളിലും സ്വർണവില കുത്തനെ കൂടും. അതേസമയം, രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് ഉണ്ടായാൽ വില 2,700 ഡോളറിലേക്ക് വീഴാം. അത്, കേരളത്തിലെയും ആഭരണപ്രിയർക്ക് ആശ്വാസമേകി വില കുറയാനിടയാക്കും.
പണിക്കൂലി ഉൾപ്പെടെ വില
ഇന്നൊരു പവന് വില 60,200 രൂപ. ഇതിനുപുറമേ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ സ്വർണാഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 30% വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി പരിഗണിച്ചാൽ, ഇന്നൊരു പവൻ ആഭരണത്തിന് കേരളത്തിൽ നൽകേണ്ടത് 65,161 രൂപയാണ്; ഒരു ഗ്രാം സ്വർണാഭരണത്തിന് 8,145 രൂപയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business