കർഷകരെ ‘ഇഞ്ചിഞ്ചായി’ വേദനിപ്പിച്ച് ഇഞ്ചിവില; വില കുത്തനെ താഴേക്ക്

Mail This Article
കൽപറ്റ (വയനാട്) ∙ ഇഞ്ചിവില കുത്തനെ കുറയുന്നതു മൂലം വിളവെടുപ്പു കാലത്തു കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ. കഴിഞ്ഞ രണ്ടു സീസണിലും നല്ല വില ലഭിച്ചിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 60 കിലോഗ്രാം ചാക്കിന് 1400 രൂപ മാത്രമാണു വില. 4 മാസം മുൻപ് 7500 രൂപ വരെ വിലയുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ 60 കിലോയുടെ ചാക്കിനു 6000 രൂപയാണു ലഭിച്ചത്. ഒന്നര വർഷം മുൻപ് ഇഞ്ചിവില 13,000 രൂപ വരെയെത്തി റെക്കോർഡിട്ട സ്ഥാനത്തു നിന്നാണ് ഇപ്പോഴത്തെ തുടർച്ചയായ തകർച്ച.
കർണാടകയിൽ അടക്കം ഇഞ്ചി ഉൽപാദനം കൂടിയതാണു വിളവെടുപ്പു കാലത്തു വില കൂപ്പുകുത്താൻ കാരണം. കേരളത്തിൽ ഭൂമി ലഭിക്കാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിൽ പോയി ഇഞ്ചിക്കൃഷി ചെയ്യുന്ന ആയിരക്കണക്കിനു കർഷകരുണ്ട്. ഭൂമിയുടെ പാട്ടം, പണിക്കൂലി, വളം, ജലസേചനത്തിനുള്ള ചെലവ് എന്നിവയെല്ലാം കണക്കാക്കിയാൽ ചാക്കിന് 3000 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കർഷകർക്ക് പിടിച്ചുനിൽക്കാനാകൂ.

കഴിഞ്ഞ വർഷം ഉയർന്ന വില കൊടുത്തു വിത്തു വാങ്ങിയാണു പലരും കൃഷിയിറക്കിയത്. വില ഇത്രയും കുറഞ്ഞതിനാൽ തൊഴിലാളികൾക്കു കൂടിയ കൂലി നൽകി ഇഞ്ചി പറിച്ചു വൃത്തിയാക്കി ചന്തയിലെത്തിക്കാനും കഴിയുന്നില്ല. ഒരേക്കറിൽ കുറഞ്ഞത് 7 ലക്ഷം രൂപയെങ്കിലും ചെലവാക്കിയാണു മറുനാടുകളിലെ ഇഞ്ചിക്കൃഷി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business