കടൽപായൽ കൃഷിക്ക് 7 ഇടങ്ങൾ, ഇനി പച്ചപിടിക്കും !

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു കടൽപായൽ കൃഷിക്ക് അനുയോജ്യമായ 7 ഇടങ്ങൾ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) കണ്ടെത്തി. വിഴിഞ്ഞം (തിരുവനന്തപുരം), തിരുമുല്ലവാരം (കൊല്ലം), എലത്തൂർ, പുതിയാപ്പ, തിക്കോടി (കോഴിക്കോട്), പടന്ന, ബേക്കൽ (കാസർകോട്) എന്നിവിടങ്ങളിലെ 80 ഹെക്ടറോളം വരുന്ന തീരപ്രദേശത്ത് വൈകാതെ കടൽപായൽ കൃഷിക്കുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും.
സംസ്ഥാനത്ത് ഇപ്പോൾ ഒരിടത്തും കടൽപായൽ കൃഷിയില്ല. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് നേട്ടം കൊയ്യുന്നത്. ആന്ധ്ര, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ ചെറിയ തോതിൽ കൃഷിയുണ്ട്. ഈ മേഖലയിൽ കേരളത്തിനു സാധ്യതകൾ ഏറെയുള്ളതിനാൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീ പോലെയുള്ള ഗ്രൂപ്പുകൾ എന്നിവയ്ക്കു വലിയ തോതിൽ ഗ്രാന്റുകൾ കൈമാറാൻ കേന്ദ്ര സർക്കാർ തയാറെടുക്കുകയാണ്. 590 കിലോമീറ്റർ കടൽത്തീരമുള്ള സംസ്ഥാനത്ത് വിവിധയിനം കടൽപായലുകൾ കൃഷി ചെയ്യാനാകുമെന്നും സിഎംഎഫ്ആർഐ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

വനിതകൾക്ക് അവസരം
പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജന പദ്ധതി പ്രകാരം കടൽപായൽ കൃഷിക്ക് വനിതാ സംരംഭങ്ങൾക്കാണു മുൻഗണന. പൊതു വിഭാഗത്തിൽപ്പെടുന്ന ഗ്രൂപ്പുകൾക്ക് 35 ലക്ഷം രൂപയും എസ്‌സി–എസ്ടി വിഭാഗങ്ങൾക്ക് 45 ലക്ഷം രൂപയും ലഭിക്കും. ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് വായ്പ ലഭ്യമാക്കാനും സൂക്ഷ്മ സംരംഭങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും അവസരമുണ്ട്. സിഎംഎഫ്ആർഐ, സിഐഎഫ്ടി,സിഎസ്എംസിആർഐ) പോലെയുള്ള സ്ഥാപനങ്ങളിൽ കൃഷിയിൽ പരിശീലനം നൽകും.
കടൽപായൽ: സമുദ്രത്തിലെ അദ്ഭുത സസ്യം
കടലിൽ പാറകളിലും പവിഴപ്പുറ്റുകളിലും പറ്റിപ്പിടിച്ചു വളരുന്ന ചെറു സസ്യമാണ് കടൽപായൽ. ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. ഇതിലുള്ള ചില വിശേഷ ഘടകങ്ങൾ മരുന്ന്, സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നു.