പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ സ്വർണ വില, 29 ദിവസം കൊണ്ട് പവന് കൂടിയത് 3,560 രൂപ

Mail This Article
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ സ്വർണ വില. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ചാണ് സ്വർണം വീണ്ടും റെക്കോർഡ് ഇട്ടത്. ഗ്രാമിന് 7595 രൂപയും പവന് 60,760 രൂപയുമാണ് ഇന്നത്തെ നിരക്ക്. രണ്ട് ദിവസം വില ഇടിഞ്ഞു നിന്ന ശേഷമാണ് ഇന്ന് റെക്കോർഡിലേക്ക് സ്വർണം എത്തിയത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 7,510 രൂപയിലും പവന് 60,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് .
ജനുവരി 1 ന് 57,200 രൂപയിൽ വ്യാപാരം തുടങ്ങിയ സ്വർണമാണ് മാസാവസാനത്തിലേക്ക് എത്തുമ്പോൾ പുതിയ റെക്കോർഡ് ഇട്ടത്. 3,560 രൂപയാണ് പവന് ഈ മാസം വർധിച്ചത്.
18 കാരറ്റ് സ്വർണത്തിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 75 രൂപ ഉയർന്ന് 6275 രൂപയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. പവന് 50,200 രൂപയാണ്. ഇതും റെക്കോർഡ് നിരക്കാണ്.
രാജ്യാന്തര വിപണിയില്‍ യു എസ് സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതാണ് സ്വർണ വിലയിൽ നിലവിൽ സ്വാധീനം ചെലുത്തുന്നത്. യുഎസ് താരിഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം സ്വർണം പോലുള്ള സുരക്ഷിതമായ ആസ്തികളുടെ ആവശ്യം വർദ്ധിപ്പിച്ചതും സ്വർണ വിലയെ വരും ദിവസങ്ങളിൽ ഉയർത്തും എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
.