കത്തിക്കയറി സ്വർണവില

Mail This Article
കൊച്ചി∙ റെക്കോർഡ് കുതിപ്പു തുടർന്നതോടെ പവന് 61,000 രൂപയും പിന്നിട്ട് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 120 രൂപയും പവന് 960 രൂപയും ഉയർന്ന് 61840 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപ വർധിച്ച് 6385 രൂപയും പവന് 51,080 രൂപയുമായി. ഒരു പവൻ സ്വർണാഭരണം (22 കാരറ്റ്) വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും കണക്കാക്കിയാൽ തന്നെ 67000 രൂപ നൽകണം.
ജനുവരിയിൽ ഒരു പവൻ സ്വർണത്തിന് 4640 രൂപയാണു കൂടിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 1760 രൂപയും. ഒരു ഗ്രാം വെള്ളിയുടെ വില 101 രൂപയാണ്.

രാജ്യാന്തര സ്വർണവിലയിലുണ്ടായ റെക്കോർഡ് കുതിപ്പാണ് ഇവിടെയും വില കൂടാൻ കാരണം. ട്രോയ് ഔൺസിന് (31.1ഗ്രാം) 2795 ഡോളർ എന്ന റെക്കോർഡ് നിരക്കിലാണ് രാജ്യാന്തര സ്വർണവില. ഒക്ടോബർ 31ലെ 2790 ഡോളർ ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും സ്വർണവിലയെ ബാധിച്ചു.