സ്വർണം കത്തിക്കയറി പുത്തൻ റെക്കോർഡിൽ; 5 പവന്റെ താലിമാല വാങ്ങാൻ ഇന്നു മിനിമം വിലയെത്ര?

Mail This Article
ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സ്വർണവില ഇന്നും കത്തിക്കയറി പുതിയ ഉയരത്തിലെത്തി. കേരളത്തിൽ പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ച് വില 62,480 രൂപയായി. ഗ്രാമിന് 105 രൂപ ഉയർന്ന് 7,810 രൂപയും. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 90 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,455 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 104 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

3% ജിഎസ്ടിയും ഹോൾമാർക്ക് ചാർജും (53.10 രൂപ) പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) ചേർത്ത് കുറഞ്ഞ് 67,626 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,453 രൂപയും. അതായത്, 5 പവന്റെ ഒരു താലിമാല വാങ്ങണമെങ്കിൽ പോലും ഉപഭോക്താവ് കൈയിൽ മിനിമം 3.40 ലക്ഷം രൂപയ്ക്കടുത്ത് കരുതണം.
ആവേശമായി ട്രംപ്, തിളക്കമേറി സ്വർണം
ആഗോള വ്യാപാരയുദ്ധത്തിന് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം ചുഴറ്റിയ ‘ഇറക്കുമതി തീരുവ’ ആയുധമാണ് സ്വർണത്തിന് രാജ്യാന്തരതലത്തിൽ തന്നെ ആവേശമായത്. മെക്സിക്കോ, ചൈന, കാനഡ എന്നിവയ്ക്കുമേൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനത്തിൽ ഉലഞ്ഞ് ആഗോളതലത്തിൽ ഓഹരി വിപണികൾ ഇടിഞ്ഞു. ട്രംപിന്റെ തീരുമാനം യുഎസിൽ തന്നെ പണപ്പെരുപ്പം കുതിക്കാൻ ഇടയാക്കുമെന്ന് വിലയിരുത്തപ്പെട്ടതോടെ ഡോളറും യുഎസ് ഗവൺമെന്റിന്റെ ബോണ്ട് യീൽഡും (കടപ്പത്ര ആദായനിരക്ക്) കുതിച്ചു.

ഓഹരികൾ വീഴുകയും ഡോളർ മുന്നേറുകയും ചെയ്യുകയും ആഗോളതലത്തിൽ വ്യാപാരയുദ്ധ ഭീതി കനക്കുകയും ചെയ്തതോടെ, സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടി. നിക്ഷേപകർ ഓഹരികളെ കൈവിട്ട് നിക്ഷേപം ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ഒഴുക്കിത്തുടങ്ങി. ഇത് വിലകുതിക്കാൻ വഴിയൊരുക്കി.

ഡോളറിനെതിരെ രൂപ സർവകാല റെക്കോർഡിലേക്ക് ഇടിഞ്ഞതോടെ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിച്ചെലവും ഉയർന്നു. ഇത്, കേരളത്തിലെ വിലക്കയറ്റത്തിന്റെ ആക്കവും കൂട്ടുകയായിരുന്നു. ഇന്ന് രൂപ നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവില കൂടുതൽ ഉയരുമായിരുന്നു.
വില ഇനി എങ്ങോട്ട്?
അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ തീരുമാനം ട്രംപ് തൽകാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. യുഎസുമായി ചൈന, മെക്സിക്കോ, കാനഡ എന്നിവയുടെ നയതന്ത്ര, വ്യാപാര ബന്ധങ്ങൾ മോശമായാൽ സ്വർണവില വീണ്ടും കുതിച്ചുയരും. നിലവിൽ രാജ്യാന്തര സ്വർണവില ഔൺസിന് കഴിഞ്ഞദിവസത്തെ 2,818 ഡോളർ എന്ന റെക്കോർഡ് തകർത്ത് 2,824.29 ഡോളറിൽ എത്തിയിട്ടുണ്ട്. ഇതു വൈകാതെ 2,850 ഡോളർ കടന്നേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ വില പവന് 63,000 രൂപ ഭേദിച്ചേക്കും. മറിച്ച്, വ്യാപാരയുദ്ധ ഭീതി ഒഴിഞ്ഞാൽ രാജ്യാന്തര വിലയും ആനുപാതികമായി കേരളത്തിലെ വിലയും താഴും.
UPDATE : കേരളത്തിൽ ഫെബ്രുവരി 5നും സ്വർണ വില റെക്കോർഡ് തകർത്തു. വിശദാംശങ്ങൾ ഇവിടെ ക്ലിക്കു ചെയ്തു വായിക്കാം
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business