യുഎസ്-ചൈന വ്യാപാരപ്പോര്: കേരളത്തിൽ ഇന്നും സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം, വെള്ളിയും ‘പൊള്ളുന്നു’

Mail This Article
ആഭരണപ്രേമികളെ സങ്കടത്തിലാഴ്ത്തി സ്വർണവില (Kerala Gold Price) ഇന്നും വമ്പൻ കയറ്റവുമായി റെക്കോർഡ് (Gold price record) തകർത്തു. കേരളത്തിൽ ഗ്രാമിന് 95 രൂപ കൂടി വില 7,905 രൂപയായി. പവന് 760 രൂപ വർധിച്ച് 63,240 രൂപ. രണ്ടും സർവകാല റെക്കോർഡ്. പവൻ 63,000 രൂപയും ഗ്രാം 7,900 രൂപയും മറികടന്നത് ചരിത്രത്തിലാദ്യം. 18 കാരറ്റ് സ്വർണവിലയും (18 carat gold) ഒറ്റയടിക്ക് ഇന്ന് 80 രൂപ കയറി 6,535 രൂപയെന്ന എക്കാലത്തെയും ഉയരത്തിലായി. വെള്ളിയും (Silver price) മുന്നേറുകയാണ്; ഇന്ന് ഗ്രാമിന് രണ്ടു രൂപ വർധിച്ച് 106 രൂപയിലാണ് വ്യാപാരം.

രാജ്യാന്തരവിലയുടെ (spot gold) ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണക്കുതിപ്പ്. ഇന്നലെ രേഖപ്പെടുത്തിയ ഔൺസിന് 2,824 ഡോളർ എന്ന റെക്കോർഡിൽ നിന്ന് വില ഇന്ന് 2,857 ഡോളർ എന്ന പുതിയ ഉയരത്തിലെത്തി. പുറമേ, ഡോളറിനെതിരെ ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം 6 പൈസയോളം ഇടിയുകയും ചെയ്തതോടെ കേരളത്തിലും വില കുതിക്കുകയായിരുന്നു. ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടും. ഇതാണ് ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന്റെ ആക്കം കൂട്ടുന്നത്.
കുതിപ്പിന് വളമിട്ട് യുഎസും ചൈനയും
ആഗോളതലത്തിൽ വ്യാപാരയുദ്ധത്തിന് (Sino-US Trade war) വഴിതുറന്നുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) നിലപാടുകളാണ് സ്വർണവിലയിലെ ഇപ്പോഴത്തെ കുതിപ്പിന്റെ മുഖ്യകാരണം. മെക്സിക്കോ, ചൈന, കാനഡ എന്നിവയ്ക്കുമേൽ ട്രംപ് അധിക ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിൽ കാനഡയ്ക്കും മെക്സിക്കോയ്ക്കുംമേൽ തീരുമാനം നടപ്പാക്കുന്നത് ട്രംപ് ഒരുമാസത്തേക്ക് മരവിപ്പിച്ചു. എന്നാൽ, ചൈനയ്ക്ക് ഈ ഇളവ് നൽകിയില്ല. ട്രംപിന്റെ നീക്കത്തെ അതേ നാണയത്തിൽ, യുഎസ് ഇറക്കുമതിക്കുമേൽ അധിക തീരുവ ഏർപ്പെടുത്തി ചൈന തിരിച്ചടിച്ചതോടെ വീണ്ടുമൊരു ചൈന-യുഎസ് വ്യാപാരയുദ്ധത്തിനാണ് തുടക്കമായത്.

ലോക വാണിജ്യ, വ്യവസായ രംഗത്തെ രണ്ട് സുപ്രധാന ശക്തികൾ തമ്മിലെ വ്യാപാരപ്പോര് ഇന്ത്യയടക്കം മറ്റു രാജ്യങ്ങൾക്കും സാമ്പത്തികമായി തിരിച്ചടിയാകുമെന്ന ആശങ്ക അതിശക്തമാണ്. ഇതോടെ സ്വർണത്തിന് ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ വീണ്ടും ലഭിച്ചതും ഗോൾഡ് ഇടിഎഫ് (gold ETF) പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകരുടെ തിരക്ക് വർധിച്ചതുമാണ് രാജ്യാന്തരതലത്തിൽ തന്നെ വില കുതിക്കാൻ കാരണമാകുന്നത്.
പണിക്കൂലിയും ജിഎസ്ടിയും ചേർന്നാൽ വില
ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് കേരളത്തിൽ 63,240 രൂപയ്ക്കൊപ്പം 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) കുറഞ്ഞത് 68,448 രൂപയെങ്കിലും നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,556 രൂപയും. വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്ക് വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഇതു കനത്ത തിരിച്ചടിയാകുന്നത്. 2025ൽ ഇതുവരെ പവന് കേരളത്തിൽ വർധിച്ചത് 6,040 രൂപയാണ്; ഗ്രാമിന് 755 രൂപയും.

2025 സ്വർണത്തിനും വെള്ളിക്കും കുതിപ്പിന്റെ വർഷം തന്നെയായിരിക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്. രാജ്യാന്തരവില വർഷാന്ത്യത്തോടെ 3,000 ഡോളർ ഭേദിച്ചേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 70,000 രൂപ തൊടും. സ്വർണത്തേക്കാൾ മുന്നേറ്റം വെള്ളിക്കായിരിക്കും എന്നും കരുതപ്പെടുന്നു.
നിലവിൽ ഔൺസിന് 32 ഡോളറാണ് രാജ്യാന്തരവില. ഇത് ഈ വർഷാവസാനത്തോടെ 42-47 ഡോളർ ആയേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ വില ഗ്രാമിന് 120-125 രൂപ നിലവാരത്തിലെത്താം. മറിച്ച്, വ്യാപാരയുദ്ധം ശമിക്കുകയും സ്വർണത്തിൽ ലാഭമെടുപ്പ് സമ്മർദം ഉണ്ടാവുകയും ചെയ്താൽ, ഒപ്പം രൂപ ശക്തിപ്പെടുകയും ചെയ്താൽ സ്വർണവിലക്കുതിപ്പിന്റെ വേഗം കുറയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business