വിശ്രമം കഴിഞ്ഞു; സ്വർണം വീണ്ടും റെക്കോർഡ് തകർത്തു തുടങ്ങി, കേരളത്തിൽ ഗ്രാം വില പുത്തൻ നാഴികക്കല്ലിലേക്ക്

Mail This Article
റെക്കോർഡ് കുതിപ്പിന് ഇന്നലെ ‘താൽകാലിക’ വിശ്രമമെടുത്ത സ്വർണവില, ഇന്നു വീണ്ടും മുന്നേറ്റപ്പാതയിൽ. കേരളത്തിൽ പുതിയ റെക്കോർഡും പിറന്നു. ഗ്രാമിന് 15 രൂപ വർധിച്ച് 7,945 രൂപയായി. 8,000 രൂപയെന്ന നാഴികക്കല്ല് വൈകാതെ മറികടക്കുമെന്നാണ് വിലയിരുത്തൽ. പവൻവില 120 രൂപ മുന്നേറി 63,560 രൂപ. ഈമാസം ആറിന് രേഖപ്പെടുത്തിയ പവന് 63,440 രൂപയും ഗ്രാമിന് 7,930 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ.

18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് പുതിയ ഉയരമായ 6,515 രൂപയിലെത്തി. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 106 രൂപ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട വ്യാപാരയുദ്ധ ഭീതിയുടെ പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുന്നതാണ് സ്വർണവിലയുടെ മുന്നേറ്റത്തിന് മുഖ്യകാരണം. മാത്രമല്ല, ഇന്ത്യയുടെ റിസർവ് ബാങ്കും ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും ഉൾപ്പെടെ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില കൂടാനുള്ള കാരണങ്ങളിലൊന്നാണ്.

ലോകത്തെ മറ്റു പ്രമുഖ കറൻസികളെയെല്ലാം തരിപ്പണമാക്കി ഡോളർ മുന്നേറുന്നതും സ്വർണവിലയെ ‘പൊള്ളിക്കുന്നു’. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളറിന്റെ മൂല്യം ഉയരുമ്പോൾ സ്വർണം വാങ്ങാനുള്ള ചെലവും (ഇറക്കുമതിച്ചെലവ്) കൂടും. ഇത് ആഭ്യന്തര വില വർധനയുടെ ആക്കം കൂട്ടും. ഔൺസിന് കഴിഞ്ഞദിവസം 2,886.07 ഡോളർ എന്ന റെക്കോർഡ് തൊട്ട രാജ്യാന്തര വില, പിന്നീട് 2,850 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇന്നു വീണ്ടും 2,861 ഡോളറിലേക്ക് ഉയർന്നതോടെ കേരളത്തിലും വില കൂടുകയായിരുന്നു.

സംസ്ഥാനത്ത് ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് ഇന്ന് 68,794 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,600 രൂപയും. വിവാഹ പാർട്ടികൾക്കാണ് ഈ വിലക്കുതിപ്പ് കൂടുതൽ തിരിച്ചടിയാകുന്നത്. കല്യാണാവശ്യത്തിനായി 5 പവൻ ആഭരണം എടുക്കാൻ തന്നെ മൂന്നരലക്ഷം രൂപയോളം മിനിമം കൈയിൽ കരുതണം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business