റബറിനും ട്രംപാഘാതം! രാജ്യാന്തരവില 200 രൂപയ്ക്കും താഴെ; കേരളത്തിലും കിതപ്പ്, കാപ്പിക്കും കറുത്തപൊന്നിനും നേട്ടം

Mail This Article
യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘തീരുവഭൂതം’ റബർ വിപണിയിലും ആശങ്ക പടർത്തുന്നു. വ്യാപാരയുദ്ധ ഭീതിമൂലം ചൈന, ജപ്പാൻ, മലേഷ്യ വിപണികളിൽ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് ഇടിഞ്ഞതോടെ രാജ്യാന്തരവില 200 രൂപയ്ക്ക് താഴെയായി. ബാങ്കോക്കിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് 4 രൂപ ഇടിഞ്ഞു.

കേരളത്തിലും ഈ പ്രതിസന്ധിയുടെ പ്രതിഫലനത്താൽ വില താഴേക്കിറങ്ങി. സംസ്ഥാനത്തെ കടുത്ത ചൂട് ഉൽപാദനത്തെ ബാധിക്കുകയാണെങ്കിലും വിലയിറക്കം പിടിച്ചുനിർത്താനാകുന്നില്ല. ഉൽപാദനത്തിനൊപ്പം വിലയും കുറയുന്നത് കർഷകർക്ക് തിരിച്ചടിയാണ്.

കൊച്ചിയിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കുരുമുളക് അൺഗാർബിൾഡ് വില 100 രൂപ കയറി. കുരുമുളകിന്റെ ഉൽപാദന സീസണിൽ വില കുറയുമെന്ന പ്രതീക്ഷയോടെ, കുറഞ്ഞവിലയ്ക്ക് ചരക്കുവാങ്ങാൻ ഉത്തരേന്ത്യൻ ഇടനിലക്കാർ ശ്രമിക്കുന്നതിനെ കേരളത്തിലെ കർഷകർ ചരക്കുനിയന്ത്രിച്ച് ചെറുക്കുന്നതാണ് വില മെച്ചപ്പെടാൻ വഴിയൊരുക്കിയത്.

കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു വില 500 രൂപ വർധിച്ചു. ഇഞ്ചിക്ക് മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business