ADVERTISEMENT

കേരളത്തിൽ സ്വർണവിലയിൽ (Kerala gold price)) ഇന്ന് വൻ ഇടിവ്. ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം സമ്മാനിച്ച് ഗ്രാമിന് 100 രൂപ ഇടിഞ്ഞ് ഇന്ന് 7,890 രൂപയായി. പവന് 800 രൂപ താഴ്ന്നിറങ്ങി വില 63,120 രൂപ (gold rate). ഈ മാസം 11ന് ഗ്രാം വില 8,060 രൂപയും പവൻ വില 64,480 രൂപയുമെന്ന സർവകാല റെക്കോർഡ് കുറിച്ചിരുന്നു. ആ വിലയിൽ നിന്ന് പവൻ 1,360 രൂപയും ഗ്രാം 170 രൂപയും കുറഞ്ഞിട്ടുണ്ട്.

Image: iStock/VSanandhakrishna
Image: iStock/VSanandhakrishna

രാജ്യാന്തരവിലയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് ഗോൾഡ് ഇടിഎഫ് (gold ETF) പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ വൻതോതിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിറക്കത്തിന് വഴിവച്ചത്. ഔൺസിന് കഴിഞ്ഞദിവസം 2,942 ഡോളർ എന്ന റെക്കോർഡിലെത്തിയ രാജ്യാന്തരവില, ഇന്നലെ ഒരുവേള 2,877 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതു കേരളത്തിലും വില കുറയാൻ സഹായിച്ചു. നിലവിൽ വില 2,882.74 ഡോളർ. 

Image : Istock/Casarsa
Image : Istock/Casarsa

രൂപയുടെ മൂല്യം ഡോളറിനെതിരെ കഴിഞ്ഞദിവസങ്ങളിൽ മെച്ചപ്പെട്ടതിനാൽ ഇറക്കുമതിച്ചെലവ് താഴ്ന്നതും കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ ഇടിഞ്ഞ് 6,495 രൂപയായി. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ ഉയർന്ന വെള്ളിവില ഇന്നു മാറാതെ നിൽക്കുന്നു. ഗ്രാമിന് 107 രൂപ.

സ്വർണവില താഴേക്കിറങ്ങിയതിനു പിന്നിൽ

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ കഴിഞ്ഞമാസം റീട്ടെയ്ൽ വിൽപന ഡിസംബറിലെ പോസിറ്റിവ് 0.7 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 0.9 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ഡോളറും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) ഇടിയുകയും ചെയ്തത് സ്വർണവില താഴാനും കളമൊരുക്കി. നെഗറ്റീവ് 0.1 ശതമാനം പ്രതീക്ഷിച്ചിടത്താണ് അതിനേക്കാൾ മോശമായി റീട്ടെയ്ൽ വിൽപന വളർച്ച ഇടിഞ്ഞത്. കഴിഞ്ഞമാസം 108ന് മുകളിലായിരുന്ന യുഎസ് ഡോളർ ഇൻഡക്സ് 106 നിലവാരത്തിലേക്കും 4.5 ശതമാനത്തിന് മേലെയായിരുന്ന 10-വർഷ ട്രഷറി യീൽഡ് 4.48 ശതമാനത്തിലേക്കും താഴ്ന്നു.

Image : iStock/Dragon Claws and Shutterstock/Harshit Srivastava S3
Image : iStock/Dragon Claws and Shutterstock/Harshit Srivastava S3

അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ വിതയ്ക്കുന്ന ആഗോള വ്യാപാരയുദ്ധ ഭീതിമൂലം സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ ഇപ്പോഴുമുണ്ട്. ഇന്ത്യയുടെ റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്. ഇതു വരുംദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടത്തിന് വഴിവച്ചേക്കാം. 

മുൻകൂർ ബുക്ക് ചെയ്യണോ?

സ്വർണവിലയിൽ അസ്ഥിരത തുടരുമെന്നു തന്നെയാണ് നിരീക്ഷകർ പറയുന്നത്. വരുംദിവസങ്ങളിലും വില കയറ്റിറങ്ങൾക്ക് സാക്ഷിയായേക്കും. അതേസമയം, വില കുറഞ്ഞുനിൽക്കുമ്പോൾ മുൻകൂർ ബുക്ക് ചെയ്തു നേട്ടമുണ്ടാക്കാമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ പ്രമുഖ ജ്വല്ലറികളെല്ലാം മുൻകൂർ ബുക്കിങ്ങിന് അവസരം നൽകുന്നുണ്ട്.

Image : Shutterstock
Image : Shutterstock

വാങ്ങാനുദ്ദേശിക്കുന്ന സ്വർണാഭരണങ്ങളുടെ നിശ്ചിത ശതമാനം തുക മുൻകൂർ അടച്ച് ബുക്ക് ചെയ്യാം. വലിയ അളവിൽ സ്വർണം ആവശ്യമായ വിവാഹ പർച്ചേസുകാർക്കും മറ്റുമാണ് ഇതു നേട്ടമാകുക. മുൻകൂർ ബുക്ക് ചെയ്യുമ്പോൾ, ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്യും. ഏതാണോ കുറവ്, ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം.

പണിക്കൂലിയും ചേർന്നാൽ

സ്വർണാഭരണം വാങ്ങുമ്പോൾ മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം.

Image : shutterstock/AI Image Generator
Image : shutterstock/AI Image Generator

എങ്കിലും, മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 68,319 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,540 രൂപയോളവും. ഫെബ്രുവരി 11ന് പവന്റെ വാങ്ങൽവില 69,097 രൂപയും ഒരു ഗ്രാം ആഭരണത്തിന് 8,637 രൂപയുമായിരുന്നു. അതായത്, അന്നു ഒരു പവൻ ആഭരണം വാങ്ങിയവർ നൽകിയതിനേക്കാൾ 778 രൂപ കുറവാണ് ഇന്നത്തെ വില.

വാങ്ങുമ്പോൾ ശ്രദ്ധിക്കാം

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ വില മാത്രം നോക്കിയാൽ മതിയോ? സ്വർണത്തെ ആഭരണമായി മാത്രമല്ല, അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാവുന്ന നിക്ഷേപ മാർഗമായും മലയാളികൾ കാണുന്നുണ്ട്. എന്തൊക്കെയാണ് സ്വർണാഭരണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala gold price: Gold rate fell sharply in Kerala today, silver unchanged.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com