സുഗന്ധവ്യഞ്ജനങ്ങളിലെയും കാർഷിക വിളകളിലെയും കീടനാശിനിയുടെ അളവ്: പരിധി പുനർനിർണയിക്കും

Mail This Article
ന്യൂഡൽഹി∙ സുഗന്ധ വ്യഞ്ജനങ്ങളിലും കാർഷിക ഉൽപന്നങ്ങളിലും അനുവദനീയമായ കീടനാശിനിയുടെ അളവ് പരിധി പുനർനിർണയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) തയാറെടുക്കുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
98 ഇനം കീടനാശിനികളുടെ അനുവദനീയമായ അളവ് പരിധി ഉടൻ പുറത്തിറക്കുമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. നിലവിൽ 18 തരം കീടനാശിനികളുടെ അനുവദനീയമായ അളവ് പരിധി മാത്രമാണ് നിർഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ ഇതു വളരെ കർശനമായതിനാൽ പാലിക്കാൻ കഴിയുന്നില്ലെന്ന് കർഷകരിൽനിന്ന് വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്ന് ഇവ ഉൾപ്പെടെ പരിഷ്കരിച്ച പുതിയ അളവു പരിധിയാണ് പുറത്തിറക്കുക.
കീടനാശിനികളുടെ പരമാവധി അവശിഷ്ട അളവ് നിശ്ചയിക്കുന്നതിനുള്ള പൊതു നടപടിക്രമം അടക്കമുള്ള വിജ്ഞാപനം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും എഫ്എസ്എസ്എഐ അധികൃതർ പറഞ്ഞു.
ശാസ്ത്രജ്ഞർ, കാർഷിക വിദഗ്ധർ എന്നിവരുടെ പാനലാണ് പുതിയ മാർഗനിർദേശങ്ങൾ തയാറാക്കിയത്. രാജ്യാന്തര ഏജൻസികളുടെ ചടങ്ങളുമായി യോജിക്കുന്ന തരത്തിലാണ് പരിധി പുനർനിർണയിച്ചിരിക്കുന്നത്.