ADVERTISEMENT

ആഭരണപ്രേമികൾക്കും വിവാഹാവശ്യത്തിനും മറ്റും വലിയ തോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 80 കുറഞ്ഞ് വില 7,930 രൂപയായി. പവന് 640 രൂപ ഇ‍ടിഞ്ഞ് 63,440 രൂപയിലെത്തി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 25) രേഖപ്പെടുത്തിയ പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. ഇതോടെ, കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം പവന് 1,160 രൂപയും 145 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണവിലയും ഇന്ന് 70 കുറഞ്ഞ് ഗ്രാമിന് 6,520 രൂപയായി. വെള്ളിവിലയും ഒരു രൂപ താഴ്ന്ന് ഗ്രാമിന് 104 രൂപയിലെത്തി.

Image : Shutterstock AI
Image : Shutterstock AI

കഴിഞ്ഞ 10 ദിവസത്തിനുശേഷം ആദ്യമായാണ് പവൻവില 64,000 രൂപയ്ക്കും ഗ്രാം വില 8,000 രൂപയ്ക്കും താഴെയെത്തുന്നത്. സ്വർണവില കുറയുന്നത് മുൻകൂർ ബുക്ക് ചെയ്യാനുള്ള അവസരമായി കാണാവുന്നതാണ്. വിവാഹ സ്വർണാഭരണങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവർക്കാണ് ഇതു കൂടുതൽ പ്രയോജനം. വാങ്ങാനാഗ്രഹിക്കുന്ന സ്വർണാഭരണങ്ങളുടെ 10% തുക നൽകി അഡ്വാൻസ് ബുക്കിങ് നടത്താം. 

trump

ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏതാമോ കുറവ് ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ നേടാമെന്നതാണ് നേട്ടം. ബുക്ക് ചെയ്തശേഷം ഏതെങ്കിലും ദിവസം വില വീണ്ടും കുറഞ്ഞാൽ ആ ദിവസം സ്വർണാഭരണം വാങ്ങിയും മികച്ച വിലക്കുറവിൽ ആഭരണങ്ങൾ വാങ്ങാനാകും. ഫലത്തിൽ, ബുക്കുചെയ്ത ശേഷം വില കൂടിയാൽ അതു ഉപഭോക്താവിനെ ബാധിക്കില്ല.

ട്രംപിൽ തെന്നിവീണ് രാജ്യാന്തര വില

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 25) ഔൺസിന് 2,956 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തര സ്വർണവില, ഇന്നലെ 2,868 ഡോളറിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലും വില വൻതോതിൽ കുറയാൻ സഹായിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ സമ്പദ്‍രംഗത്തെ ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Image - Shutterstock/NAOWARAT
Image - Shutterstock/NAOWARAT

യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രമുഖ കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 106 നിലവാരത്തിൽ നിന്ന് 107ന് മുകളിൽ എത്തി. ഇതോടെ, സ്വർണം വാങ്ങുന്നത് ചെലവേറിയതാവുകയും വില താഴേക്കു പതിക്കുകയുമായിരുന്നു. മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയ 25% ഇറക്കുമതി തീരുവ മാർച്ച് 4ന് പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഡോളറിന്റെ മുന്നേറ്റം. ചൈനയ്ക്കുമേൽ ഏർപ്പെടുത്തിയ അധിക 10% ഇറക്കുമതി തീരുവയും അന്നുമുതൽ നടപ്പാകും.

ട്രംപിന്റെ നീക്കം ആഗോള വ്യാപാരയുദ്ധം കലുഷിതമാക്കുമെന്ന വിലയിരുത്തലും ഡോളറിനെ ഉയർത്തുകയും സ്വർണവിലയെ വീഴ്ത്തുകയുമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ തത്തുല്യ താരിഫ് (Reciprocal Tariff) ഏപ്രിൽ മുതൽ ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ഉൽപന്നങ്ങൾക്കുമേൽ എത്ര ഇറക്കുമതി തീരുവയാണോ ഒരു രാജ്യം ഈടാക്കുന്നത്, അതേ തീരുവ തിരിച്ച് ആ രാജ്യത്തു നിന്നുള്ള ഉൽപന്നങ്ങൾക്കും ഈടാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതു ഇന്ത്യക്കായിരിക്കും കൂടുതൽ തിരിച്ചടിയാവുക.

Image : shutterstock/India Picture
Image : shutterstock/India Picture

രൂപ ഇന്നും ഡോളറിനെതിരെ 16 പൈസ ഇടിഞ്ഞ് 87.16ലാണ് വ്യാപാരം തുടങ്ങിയത്. രൂപ ദുർബലമാകുകയും ഡോളർ കുതിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിച്ചെലവ് കൂടും. ഇത് ആഭ്യന്തര വിലയും കൂടാനിടയാക്കും. രൂപ വീണില്ലായിരുന്നെങ്കിൽ സ്വർണവില ഇന്നു കൂടുതൽ കുറയുമായിരുന്നു.

ഉറ്റുനോട്ടം യുഎസിന്റെ പണപ്പെരുപ്പത്തിലേക്കും

യുഎസിന്റെ ജിഡിപി വളർച്ച സ്ഥിരത പുലർത്തുന്നുവെന്നും തൊഴിലവസരങ്ങൾ മെച്ചപ്പെട്ടുവെന്നുമുള്ള കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് പുറത്തുവരുന്ന യുഎസിന്റെ പണപ്പെരുപ്പക്കണക്കുകളിലേക്ക് ഏവരും ഉറ്റുനോക്കുന്നത്. പണപ്പെരുപ്പം കൂടുകയാണെങ്കിൽ പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും നീട്ടിവയ്ക്കും. ഇത് ഡോളറിനും യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡിനും കൂടുതൽ കരുത്തുപകരും. ബോണ്ടും ഡോളറും ശക്തമാകുന്നതോടെ സ്വർണവില കൂടുതൽ താഴേക്കും നീങ്ങും.

വാങ്ങൽ വിലയിലും വൻ ആശ്വാസം

മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേർന്നാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 68,665 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,583 രൂപയും. ഇതു സ്വർണാഭരണം വാങ്ങാവുന്ന ഏറ്റവും കുറഞ്ഞവില മാത്രമാണ്. 

Image: shutterstock/srigani
Image: shutterstock/srigani

പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബ്രാൻഡഡ് ആഭരണങ്ങൾക്ക് ഇതു 30% വരെയൊക്കെ ആകാം. അങ്ങനെയെങ്കിൽ വാങ്ങൽവില ഇതിലും കൂടുതലായിരിക്കും. ചൊവ്വാഴ്ച വാങ്ങൽവില പവന് 69,920 രൂപയും ഗ്രാമിന് 8,740 രൂപയുമായിരുന്നു. മിനിമം 5% പണിക്കൂലി പ്രകാരം അന്നു സ്വർണം വാങ്ങിയവരേക്കാൾ പവന് 1,255 രൂപയും ഗ്രാമിന് 157 രൂപയും കുറവാണ് ഇന്നത്തെ വാങ്ങൽവില.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold rate crashes in Kerala, silver also declines.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com