സ്വർണവില വീണ്ടും മേലോട്ട്; കളമൊരുക്കി വൈറ്റ്ഹൗസിലെ ട്രംപ്-സെലെൻസ്കി പോര്, കേരളത്തിൽ ഇന്നും വെവ്വേറെ വില!

Mail This Article
സംസ്ഥാനത്ത് സ്വർണവില (Kerala gold price) പിന്നെയും ഉയരങ്ങളിലേക്ക്. എന്നാൽ, പലകടകളിലും ഇന്നും പലവിലയാണ്! ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു സ്വർണവിലയിൽ (gold rate) മാറ്റമില്ല. ഗ്രാമിന് 7,940 രൂപയും പവന് 63,520 രൂപയുമാണ് വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് മാറ്റമില്ലാതെ 6,540 രൂപയിൽ തുടരുന്നു. അതേസമയം, വെള്ളിവില ഗ്രാമിന് ഒരുരൂപ കൂടി 105 രൂപയായി.

എസ്. അബ്ദുൽ നാസർ ജനറൽ സെക്രട്ടറിയായുള്ള വിഭാഗത്തിന്റെ നിർണയപ്രകാരം ഇന്നു കേരളത്തിൽ സ്വർണവില ഗ്രാമിന് 15 രൂപ കൂടി 7,945 രൂപയായി. അതായത്, പവന് 120 രൂപ വർധിച്ച് 63,560 രൂപ. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 6,530 രൂപയായി. വെള്ളിക്ക് ഇവരുടെ കണക്കുപ്രകാരവും ഗ്രാമിന് ഒരു രൂപ ഉയർന്ന് 105 രൂപയാണ്. സംസ്ഥാനത്തെ മുൻനിര ബ്രാൻഡഡ് ജ്വല്ലറി ഷോറൂമുകളിലും ഇന്നു 7,945 രൂപയാണ് ഗ്രാം വില.
ഉപഭോക്താക്കൾക്ക് കൺഫ്യൂഷൻ
ഇന്ന് സംസ്ഥാനത്ത് സ്വർണവില കൂടിയോ അതോ മാറ്റമില്ലേ? ഓരോ അസോസിയേഷനു കീഴിലെ കടകളിലും വില വ്യത്യസ്തം. എകെജിഎസ്എംഎയാണ് സംസ്ഥാനത്ത് സ്വർണവില മാനദണ്ഡങ്ങളനുസരിച്ച് നിർണയിക്കുന്നതെന്നും എല്ലാ സ്വർണവ്യാപാരികളും ഈ വിലയാണ് പിന്തുടരുന്നതെന്നും ഡോ.ബി. ഗോവിന്ദനും സംഘടനയുടെ പ്രസിഡന്റ് ജസ്റ്റിൻ പാലത്രയും വ്യക്തമാക്കിയിട്ടുണ്ട്.

എകെജിഎസ്എംഎയുടേത് എന്ന പേരിൽ സ്വർണവില നിർണയിക്കാൻ മറ്റാർക്കും അവകാശമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ, രാജ്യാന്തരവിലയും മറ്റ് ഘടകങ്ങളും വിലയിരുത്തി സുതാര്യമായാണ് താനുൾപ്പെടുന്ന വിഭാഗം വില നിർണയിക്കുന്നതെന്നും അതാണ് ശരിയായ വിലനിർണയമെന്നും എസ്. അബ്ദുൽ നാസർ വ്യക്തമാക്കിയിരുന്നു.
സ്വർണം വീണ്ടും മുന്നോട്ട്, വഴിയൊരുക്കി വാക്പോര്
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും തമ്മിൽ വൈറ്റ്ഹൗസിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞതിനെ തുടർന്ന്, യുദ്ധം സമീപഭാവിയിലെങ്ങും അവസാനിക്കാനുള്ള സാധ്യത മങ്ങിയതും വിഷയത്തിൽ യുഎസും യൂറോപ്പും രണ്ടു ചേരിയിലായതും സ്വർണത്തിനാണ് നേട്ടമാകുന്നത്.

രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധം തന്നെ മോശമാകുന്നത്, രാജ്യാന്തര വ്യാപാര, വാണിജ്യ ഇടപാടുകളെയും ഓഹരി വിപണികളെയും സാരമായി ബാധിക്കും. ഇതോടെ, സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടിയതും ഡോളർ താഴേക്കിറങ്ങിയതും സ്വർണവില കൂടാനിടയാക്കി. ഔൺസിന് 22 ഡോളർ വർധിച്ച് വില ഇപ്പോൾ 2,865 ഡോളർ ആയതോടെ കേരളത്തിലും വില ഉയരുകയായിരുന്നു.

ഇന്നു ഡോളറിനെതിരെ ഇന്ത്യൻ റുപ്പി 6 പൈസ മെച്ചപ്പെട്ടാണ് വ്യാപാരം ആരംഭിച്ചത്. അല്ലായിരുന്നെങ്കിൽ സ്വർണവില ഇന്നു കൂടുതൽ ഉയരുമായിരുന്നു. ഒരുവേള രാജ്യാന്തരവില 2,873 ഡോളർ വരെയെത്തിയിരുന്നു. ട്രംപ് പല രാജ്യങ്ങൾക്കുംമേൽ കനത്ത ഇറക്കുമതി തീരുവ ചുമത്തുന്നതും ചൈന ഉൾപ്പെടെ ഇതിനെതിരെ തിരിച്ചടിക്കാൻ ഒരുങ്ങുന്നതും പ്രതിസന്ധി കൂടുതൽ കടുപ്പിക്കും. വരുംദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന് നിരീക്ഷകർ പറയുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business