വിട്ടുവീഴ്ചയില്ലെന്ന് ട്രംപ്; കത്തിക്കയറി സ്വർണം, പവൻ 64,000 ഭേദിച്ചു, യുഎസിന് ‘തിരിച്ചടി’ ഉറപ്പെന്ന് ചൈനയും കാനഡയും

Mail This Article
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും കൂടുതൽ ആശങ്കയുമായി സ്വർണവിലയിൽ ഇന്നു വൻ കുതിച്ചുകയറ്റം.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) റിപ്പോർട്ടുപ്രകാരം ഗ്രാമിന് ഇന്നു 70 രൂപ ഉയർന്ന് 8,010 രൂപയായി. 560 രൂപ വർധിച്ച് 64,080 രൂപയാണ് പവൻ വില. ഗ്രാമിന് 60 രൂപ ഉയർന്ന് 18 കാരറ്റ് സ്വർണവില 6,600 രൂപയും ഒരു രൂപ ഉയർന്ന് വെള്ളിവില ഗ്രാമിന് 106 രൂപയുമായി.

എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ വിലനിർണയ പ്രകാരവും ഇന്നു സ്വർണത്തിനും വെള്ളിക്കും ഇതേ വിലയാണ്. എന്നാൽ, ഇവരുടെ ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഗ്രാമിന് ഇന്ന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്. 18 കാരറ്റ് സ്വർണവിലയിലെ വർധന 70 രൂപ. വെള്ളിക്ക് കൂടിയത് ഒരു രൂപ തന്നെ. ഇന്നലെ വിവിധ അസോസിയേഷനു കീഴിലെ കടകളിൽ സ്വർണത്തിന് പലവിലയായിരുന്നു (Read more). ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.
വാശിയിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്
മെക്സിക്കോ, കാനഡ ചൈന എന്നിവയ്ക്കുമേൽ യുഎസ് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ ഇന്നു പ്രാബല്യത്തിൽ വന്നു. മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ 25 ശതമാനവും ചൈനയ്ക്കുമേൽ 10 ശതമാനവുമാണ് അധികമായി ചുമത്തുന്നത്. യുഎസ് ഉൽപന്നങ്ങൾക്കുമേലും അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തി തിരിച്ചടിക്കുമെന്ന് കാനഡയും ചൈനയും വ്യക്തമാക്കി. ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ 20 ശതമാനമായാണ് ട്രംപ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്.

തീരുമാനം പുനഃപരിശോധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കുകയും തിരിച്ചടിക്കുമെന്ന് ചൈനയും മറ്റും വ്യക്തമാക്കുകയും ചെയ്തതോടെ ആഗോള വ്യാപാരയുദ്ധം കൂടുതൽ വഷളാകുമെന്ന് ഉറപ്പായി. ഈ പശ്ചാത്തലത്തിൽ യുഎസ് ഓഹരി വിപണികൾ ഉൾപ്പെടെ നഷ്ടത്തിലാകുകയും യുഎസ് ഡോളറും ഗവൺമെന്റ് ബോണ്ട് യീൽഡും വീഴുകയും ചെയ്തതോടെ സ്വർണവില കൂടുകയായിരുന്നു.

ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റുകയാണ് നിക്ഷേപകർ. ഇതുവഴി ഡിമാൻഡ് വർധിച്ചതാണ് വില കൂടാൻ കാരണം. മാത്രമല്ല, യുക്രെയ്ൻ വിഷയത്തിലും യുഎസ്-യൂറോപ്പ് തർക്കം മുറുകുന്നത്, ഭൗമരാഷ്ട്രീയ സംഘർഷം കൂടുതൽ കലുഷിതമാകുമെന്ന വിലയിരുത്തലുകളും സ്വർണത്തിന് ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന ഖ്യാതി നൽകുകയും വില ഉയരുകയുമാണ്. യുക്രെയ്നുള്ള സൈനിക സഹായം ട്രംപ് നിർത്തലാക്കിയിട്ടുണ്ട്.

ഇന്നലെ ഔൺസിന് 2,865-2,873 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില, ഇന്ന് 2,894 ഡോളർ വരെ ഉയർന്നു. അതേസമയം, ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നു രാവിലെ 8 പൈസ താഴുകയും കൂടി ചെയ്തതോടെ ഇന്ത്യയിൽ സ്വർണവില വർധനയുടെ ആക്കവും കൂടി. നിലവിലെ ട്രെൻഡ് തുടർന്നാൽ സ്വർണവില കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാമെന്നാണ് വിലയിരുത്തലുകൾ.
പണിക്കൂലി ഉൾപ്പെടെ ഇന്നത്തെ വില
മൂന്ന് ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി. 53.10 രൂപയാണ് ഹോൾമാർക്ക് ചാർജ്. പുറമേ പണിക്കൂലിയും നൽകണം. ഇത് 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണത്തിന് നൽകേണ്ടത് 69,357 രൂപ. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,669 രൂപയും.