പൊന്നിൻ കുതിപ്പ് തുടരുന്നു; കേരളത്തിൽ വില റെക്കോർഡിനരികെ, ട്രംപ് എന്തു പറയും? കാതോർത്ത് വിപണി

Mail This Article
കേരളത്തിൽ സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 10 രൂപ ഉയർന്ന് 8,050 രൂപയായി. 80 രൂപ വർധിച്ച് 64,400 രൂപയാണ് പവൻവില. കഴിഞ്ഞമാസം 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയരം. റെക്കോർഡിൽ നിന്ന് ഗ്രാം 25 രൂപയും പവൻ 200 രൂപയും മാത്രം അകലെ.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (എകെജിഎസ്എംഎ) എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും ഇന്നു സ്വർണത്തിന് ഒരേ വിലയാണ് നിർണയിച്ചിട്ടുള്ളത്. ഡോ.ബി. ഗോവിന്ദൻ ചെയർമാനായ എകെജിഎസ്എംഎയുടെ നിർണയപ്രകാരം വെള്ളിവില ഇന്നു ഗ്രാമിന് രണ്ടുരൂപ കുറഞ്ഞത് 106 രൂപയായപ്പോൾ, എസ്. അബ്ദുൽ നാസർ വിഭാഗത്തിനു കീഴിലെ കടകളിൽ വെള്ളിവില 106 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

കനം കുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ പ്രയോജനപ്പെടുത്തുന്ന 18 കാരറ്റ് സ്വർണത്തിനു പക്ഷേ, ഇന്ന് വ്യത്യസ്ത വിലയാണുള്ളത്. എകെജിഎസ്എംഎയുടെ വില ഗ്രാമിന് 5 രൂപ ഉയർന്ന് 6,635 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം നിശ്ചയിച്ച വില ഗ്രാമിന് 5 രൂപ ഉയർന്ന് 6,620 രൂപയും.
ട്രംപിന്റെ വാക്കുകളിലേക്ക് കാതോർത്ത്
രാജ്യാന്തര വില ഔൺസിന് 2,910 ഡോളർ എന്ന പിന്തുണനിരക്കിനടുത്ത് (critical support line) തുടരുകയാണെങ്കിലും കുതിപ്പ് ദൃശ്യമല്ല. 2,904-2,911 ഡോളർ നിലവാരത്തിൽ മാറിമറിയുകയാണ് വില. ഡോളറിനെതിരെ ഇന്ന് വ്യാപാരത്തുടക്കത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം 34 പൈസ ഇടിഞ്ഞ് 86.92ൽ എത്തിയ പശ്ചാത്തലത്തിലാണ്, കേരളത്തിലും ഇന്നു സ്വർണവില കൂടിയത്.

കാനഡ, മെക്സിക്കോ എന്നിവയ്ക്കുമേൽ കൂടുതൽ ഇറക്കുമതി തീരുവ ചുമത്തിയേക്കുമെന്ന സൂചന യുഎസ് പ്രസിഡന്റ് ട്രംപ് നൽകിയിട്ടുണ്ട്. ധാതുക്കൾ യുഎസിന് ലഭ്യമാക്കുന്നത് സംബന്ധിച്ച് താൻ വരച്ചവരയിലേക്ക് യുക്രെയ്ൻ എത്തുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. കാനഡ, മെക്സിക്കോ, യുക്രെയ്ൻ എന്നിവയുടെ പ്രതികരണം യുഎസിന് എതിരായാൽ സ്വർണവില കൂടാനത് വഴിവയ്ക്കും.

നയതന്ത്ര ബന്ധങ്ങളും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും കനക്കുന്നത് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുമെന്നതാണ് കാരണം. മാത്രമല്ല, യുഎസിന്റെ സമ്പദ്‍സ്ഥിതി ശോഭനമല്ലെന്ന് സൂചിപ്പിച്ച് തൊഴിലില്ലായ്മനിരക്ക് കൂടുന്നതും സ്വർണത്തിനാണ് നേട്ടമാവുക. 2,930 ഡോളർ എന്ന പ്രതിരോധം മറികടക്കാനായാൽ രാജ്യാന്തര വില ആ കുതിപ്പു തുടരുമെന്നും 2,970 ഡോളർ വരെ എത്തിയേക്കാമെന്നും നിരീക്ഷകർ പറയുന്നു. മറിച്ചാണ് സാഹചര്യമെങ്കിൽ, വില ഇടിഞ്ഞ് 2,835 ഡോളർ വരെയും എത്തിയേക്കാം. കേരളത്തിലും സ്വർണവില അതിനു ആനുപാതികമായി കയറ്റിറക്കങ്ങൾ നേരിട്ടേക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business