സ്വർണ വിലയിൽ ഇന്നു പുതിയ കുതിപ്പ്; വെള്ളിക്കും തിളക്കം, ‘വെടിനിർത്തൽ’ ഏശിയാൽ വില താഴേക്ക്

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ‘താരിഫ് വാശിയും’ (Trade war) യുഎസ് നേരിടുന്ന സാമ്പത്തികമാന്ദ്യ ഭീതിയും (US Recession) മൂലം കഴിഞ്ഞദിവസങ്ങളിൽ നേട്ടത്തിലേക്ക് തിരിച്ചുകയറിയ സ്വർണവില (Gold price), വരുംദിവസങ്ങളിൽ കുറഞ്ഞേക്കുമെന്ന് പ്രതീക്ഷ. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ യുക്രെയ്ൻ (Ukraine Ceasefire) പച്ചക്കൊടി വീശിയത് സ്വർണവിലയെ താഴേക്കു നയിക്കുമെന്നാണ് വിലയിരുത്തലുകൾ.
യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ പൊതുവേ സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുകയും വില കുതിക്കുകയും ചെയ്യാറുണ്ട്. നിലവിൽ, വെടിനിർത്തൽ കരാറിന് അംഗീകാരമായാൽ വില താഴേക്ക് നീങ്ങാം. യുഎസ്-കാനഡ താരിഫ് പോര്, യുഎസ് സമ്പദ്‍വ്യവസ്ഥയിലെ പ്രതികൂല ചലനങ്ങൾ എന്നിവമൂലം ഇന്നലെ രാജ്യാന്തര സ്വർണവില ഔൺസിന് 2,880-2,895 ഡോളർ നിലവാരത്തിൽ നിന്ന് 2,921 ഡോളറിലേക്ക് തിരിച്ചുകയറിയിരുന്നു.

ഇതുമൂലം കേരളത്തിലെ വിലയും ഇന്നു കൂടി. ഒപ്പം, ഡോളറിനെതിരെ രൂപ ഇന്ന് 6 പൈസ താഴ്ന്ന് വ്യാപാരം തുടങ്ങിയതും ആഭ്യന്തര സ്വർണവില കൂടാനിടയാക്കി. ഗ്രാമിന് 45 രൂപ ഉയർന്ന് വില 8,065 രൂപയായി. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ 8,075 രൂപയെന്ന റെക്കോർഡ് ഭേദിക്കാൻ 10 രൂപയുടെ മാത്രം അകലം. 360 രൂപ ഉയർന്ന് 64,520 രൂപയാണ് പവൻവില. 64,600 രൂപയാണ് റെക്കോർഡ്.
കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരേ വിലയാണുള്ളത്. എന്നാൽ, 18 കാരറ്റ് സ്വർണത്തിന് ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന എകെജിഎസ്എംഎ 35 രൂപ ഉയർത്തി ഗ്രാമിന് 6,650 രൂപ നൽകിയപ്പോൾ എസ്. അബ്ദുൽ നാസർ വിഭാഗം നൽകിയ വില 35 രൂപ കൂട്ടി 6,635 രൂപയാണ്. വെള്ളിവിലയും കൂടി. ഗ്രാമിന് രണ്ടു രൂപ ഉയർന്ന് 108 രൂപ.
ഇനി സ്വർണവില കുറയുമോ?
കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടിയും കുറഞ്ഞുമാണ് ആഭ്യന്തര-രാജ്യാന്തര സ്വർണവിലയുടെ സഞ്ചാരം. ഈ ട്രെൻഡ് തന്നെ വരുംദിവസങ്ങളിലും തുടരാനാണ് സാധ്യത. യുഎസ്-കാനഡ വ്യാപാരയുദ്ധം കലുഷിതമായേക്കില്ലെന്നാണ് പ്രതീക്ഷ. യുഎസിന് വിതരണം ചെയ്യുന്ന വൈദ്യുതിക്ക് നികുതി കൂട്ടാനുള്ള നീക്കം കാനഡ വേണ്ടെന്നുവച്ചിട്ടുണ്ട്. കാനഡയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 25% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, വൈദ്യുതിനികുതി കൂട്ടിയാൽ തീരുവ 50% ആക്കുമെന്ന് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണിത്.

റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ യാഥാർഥ്യമാകുന്നതും സ്വർണവിലയെ താഴേക്ക് നയിക്കും. അതേസമയം, നിക്ഷേപക-സാമ്പത്തികലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് ഇന്നു പുറത്തുവരുന്ന യുഎസിന്റെ പണപ്പെരുപ്പ കണക്കുകളിലേക്കാണ്. ട്രംപിന്റെ വ്യാപാരനയങ്ങൾ യുഎസിൽ പണപ്പെരുപ്പം കുതിച്ചുയരാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
പണപ്പെരുപ്പം കൂടിയാൽ പലിശനിരക്ക് കുറയ്ക്കുന്ന ട്രെൻഡിന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബ്രേക്കിടും. പലിശനിരക്ക് ഉയർന്നതലത്തിൽ തന്നെ തുടരുന്നത് ഡോളറിനും ബോണ്ട് യീൽഡിനും നേട്ടമാകും. ഇവയിൽ നിന്ന് കൂടുതൽ നേട്ടം ലഭിക്കുമെന്നത് സ്വർണ നിക്ഷേപ പദ്ധതികളെ അനാകർഷകമാക്കുകയും വില കുറയുകയും ചെയ്യാം.
എന്നാൽ, പണപ്പെരുപ്പക്കണക്കുകൾ സ്വർണത്തിനാണ് അനുകൂലമെങ്കിൽ വില ഔൺസിന് 2,950 ഡോളർ ഭേദിച്ചുയരാം. മറിച്ചാണെങ്കിൽ കാത്തിരിക്കുന്നത് 2,800 ഡോളർ നിലവാരമാണ്. അതായത്, യുഎസിന്റെ കണക്കുകൾക്ക് അനുസൃതമായി സ്വർണവില വരുംദിവസങ്ങളിലും കയറ്റിറക്കങ്ങൾക്ക് സാക്ഷിയാകാനാണ് സാധ്യതയേറെയെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business