പൊന്നല്ല, ഫയർ! റെക്കോർഡ് തകർത്ത് സ്വർണവില, ‘മാജിക്സംഖ്യ’ മറികടന്ന് പവൻ, പണിക്കൂലിയും ചേർന്നാൽ വില ഇങ്ങനെ

Mail This Article
വില കുറയുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് കേരളത്തിൽ ഇന്നു സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും ഇന്നു വില മുന്നേറുകയായിരുന്നു. ഗ്രാമിന് 55 രൂപ ഉയർന്ന് വില സർവകാല ഉയരമായ 8,120 രൂപയിലെത്തി. 440 രൂപ മുന്നേറി 64,960 രൂപയാണ് പവന്. 65,000 രൂപയെന്ന നാഴികക്കല്ലിലേക്ക് വെറും 40 രൂപയുടെ അകലം. 48,280 രൂപയായിരുന്നു 2024 മാർച്ച് 13ന് പവൻവില. ഒരു വർഷത്തിനിടെ മാത്രം കൂടിയത് 16,680 രൂപ.
Update: കേരളത്തിൽ മാർച്ച് 14ന് സ്വർണവില സർവകാല റെക്കോർഡ് കുറിച്ചു. വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം

കഴിഞ്ഞമാസം 25ന് കുറിച്ച ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഒറ്റയടിക്ക് 45 രൂപ കുതിച്ച് എക്കാലത്തെയും ഉയരമായ 6,695 രൂപയിലെത്തി. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില ഇന്നു 45 രൂപ ഉയർത്തി 6,680 രൂപയാണ്. വെള്ളിവില ഗ്രാമിന് രണ്ടുരൂപ ഉയർന്ന് 108 രൂപ.
കുതിച്ചുകയറി രാജ്യാന്തര പൊന്ന്
ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസിൽ പണപ്പെരുപ്പം കുറഞ്ഞതും ആഗോള വ്യാപാരയുദ്ധത്തിൽ യുഎസിനെതിരെ യൂറോപ്യൻ യൂണിയനും രംഗത്തെത്തിയതോടെ താരിഫ് പോര് കനക്കുന്നതും സ്വർണത്തിന് പുത്തൻ ഉന്മേഷമായി. പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തിൽ യുഎസ് ഡോളർ ഇൻഡക്സും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) താഴേക്കു നീങ്ങിയതും സ്വർണത്തെ ആകർഷകമാക്കി. ഇന്നലെ ഔൺസിന് 2,921 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില, ഇന്നു 2,945.28 ഡോളർ വരെയെത്തി. ഇന്നുമാത്രം 30 ഡോളറിലധികം കയറ്റം. ഇതോടെ കേരളത്തിലും വില കുതിച്ചു.
പ്രതീക്ഷകൾ തെറ്റിച്ച് ട്രംപും പണപ്പെരുപ്പവും
ട്രംപിന്റെ താരിഫ് നയങ്ങൾ യുഎസിലെ പണപ്പെരുപ്പം കൂടാനിടയാക്കുമെന്നാണ് പൊതു വിലയിരുത്തൽ. എങ്കിലും, ചില രാജ്യങ്ങൾക്കുമേല്‍ ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നത് ട്രംപ് താൽകാലികമായി മരവിപ്പിച്ചതിനാൽ കഴിഞ്ഞമാസത്തെ പണപ്പെരുപ്പത്തിൽ അതു പ്രതിഫലിച്ചില്ല. ജനുവരിയിൽ 3 ശതമാനമായിരുന്ന ഉപഭോക്തൃ പണപ്പെരുപ്പം ഫെബ്രുവരിയിൽ 2.9 ശതമാനമായി കുറയുമെന്നായിരുന്നു പ്രതീക്ഷ. ഇതിനേക്കാൾ താഴെ 2.8 ശതമാനമാണ് പണപ്പെരുപ്പമെന്ന് യുഎസ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.

ഇതോടെ, യുഎസിൽ അടിസ്ഥാന പലിശനിരക്ക് അടുത്തെങ്ങും കുറയ്ക്കേണ്ടെന്ന തീരുമാനം കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പുനഃപരിശോധിച്ചേക്കുമെന്ന പ്രതീക്ഷകൾ ഡോളറിനും ബോണ്ടിനും സമ്മർദമായി. യുഎസ്-യൂറോപ്യൻ യൂണിയൻ വ്യാപാരയുദ്ധം മുറുകുമെന്ന വിലയിരുത്തൽ മൂലം സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപ’ പെരുമ കിട്ടുന്നതും വില കൂടാനിടവരുത്തി.
ഏശാതെ ധാരണ
റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് ധാരണയാകുന്നു എന്നത് സ്വർണവില കുറയാൻ ഇടവരുത്തേണ്ടതായിരുന്നു. എന്നാൽ, ട്രംപ് തുടക്കമിട്ട താരിഫ് പോരും അമേരിക്കയെ പല രാജ്യങ്ങളും അതേ നാണയത്തിൽ തിരിച്ചടിക്കുന്നതു മൂലം ആഗോള വ്യാപാരയുദ്ധം കലുഷിതമാകുന്നതും യുഎസിൽ പണപ്പെരുപ്പം കുറഞ്ഞതും സ്വർണത്തിന് വിലക്കുതിപ്പിനുള്ള ഊർജം പകർന്നു.

പണിക്കൂലി ഉൾപ്പെടെ വില
സ്വർണത്തിന് 3 ശതമാനമാണ് ജിഎസ്ടി. ഹോൾമാർക്ക് ഫീസ് 45 രൂപയും അതിന്റെ 18 ശതമാനവും, അതായത് 53.10 രൂപ. പുറമേ പണിക്കൂലിയും നൽകണം. ഇതു ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. പണിക്കൂലി 5% കണക്കാക്കായിൽ തന്നെ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 70,308 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,789 രൂപയും. ചരിത്രത്തിലാദ്യമായാണ് പവന്റെ മിനിമം വാങ്ങൽ വില (5% പണിക്കൂലി പ്രകാരം) 70,000 രൂപ ഭേദിക്കുന്നത്. ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കുമാണ് ഇതു തിരിച്ചടി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business