ADVERTISEMENT

ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വർണവിലയുടെ (Gold rate) റെക്കോർഡ് തേരോട്ടം തുടരുന്നു. വെള്ളിക്കും വില കുതിക്കുകയാണ്. സ്വർണവില കേരളത്തിൽ (Kerala Gold Price) ഇന്നു ഗ്രാമിന് 40 രൂപ വർധിച്ച് 8,290 രൂപയായി. 320 രൂപ ഉയർന്ന് 66,320 രൂപയാണ് പവൻവില. രണ്ടും സർവകാല ഉയരം. ഇന്നലെ കുറിച്ച ഗ്രാമിന് 8,250 രൂപയും പവന് 66,000 രൂപയുമെന്ന റെക്കോർഡ് ഇനി പഴയകഥ. ഇന്നലെയും ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്.

18 കാരറ്റ് സ്വർണവിലയും റെക്കോർഡ് ഭേദിച്ചു. ചില കടകളിൽ വില ഗ്രാമിന് 30 രൂപ ഉയർന്ന് 6,840 രൂപയായപ്പോൾ മറ്റു ചില കടകളിൽ 20 രൂപ കൂടി 6,810 രൂപയിലാണ് വ്യാപാരം. സ്വർണത്തിന്റെ കുതിപ്പ് വെള്ളിക്കും ആവേശമാകുന്നു. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒരു രൂപ ഉയർന്ന് 112 രൂപയായി. ചില കടകളിൽ വില മാറ്റമില്ലാതെ 111 രൂപ തന്നെ. വൈദ്യുത വാഹന നിർമാണരംഗത്തു നിന്നുൾപ്പെടെ അസംസ്കൃത വസ്തു എന്ന നിലയിൽ മികച്ച ഡിമാൻഡ് കിട്ടുന്നതും വെള്ളിവിലയെ സ്വാധീനിക്കുന്നുണ്ട്.

സ്വർണക്കുതിപ്പിന് വളമിട്ട് യുദ്ധവും പലിശയും

1. യുദ്ധം: ഒരിടവേളയ്ക്കുശേഷം മധ്യേഷ്യ വീണ്ടും യുദ്ധക്കളമാകുന്നത് സ്വർണവിലയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നു. ഇസ്രയേൽ-ഹമാസ് പോര് വീണ്ടും കനക്കുകയാണ്. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ സംഘർഷ വേളകളിൽ ആഗോള വാണിജ്യമേഖല, ഓഹരി-കടപ്പത്ര വിപണികൾ എന്നിവ സമ്മർദത്തിലാവുകയും ‘സുരക്ഷിത നിക്ഷേപം’ എന്നോണം സ്വർണനിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകുകയും വില കൂടുകയും ചെയ്യും. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും സ്വർണത്തിനാണ് ഗുണമാകുന്നത്.

gold-rate-hike - 1

2. പലിശ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് വൈകാതെ പണനയം പ്രഖ്യാപിക്കും. പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങൾ സൃഷ്ടിച്ച ആഗോള വ്യാപാരയുദ്ധം മൂലം യുഎസിൽ പണപ്പെരുപ്പം വരുംമാസങ്ങളിൽ കൂടാമെന്നിരിക്കെ, ഫെഡറൽ റിസർവിന്റെ പലിശനയം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞമാസം പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. അതുമാത്രം പരിഗണിച്ച് യുഎസ് ഫെഡ് പലിശ കുറയ്ക്കുമോ? അതോ, നിലവിലെ നിരക്ക് തന്നെ തുടരട്ടെയെന്ന് തീരുമാനിക്കുമോ? പലിശ കുറച്ചാൽ സ്വർണവില കൂടും. കാരണം, പലിശ കുറയുന്നതിന് ആനുപാതികമായി ഡോളറും ബോണ്ട് യീൽഡും ബാങ്ക് നിക്ഷേപ പലിശനിരക്കും താഴും. ഇതു സ്വർണനിക്ഷേപങ്ങളെ ആകർഷകമാക്കും. മറിച്ചെങ്കിൽ, സ്വർണവില താഴും.

റെക്കോർഡ് പുതുക്കി രാജ്യാന്തര വില

ഇന്നലെ രേഖപ്പെടുത്തിയ ഔൺസിന് 3,014 ഡോളർ എന്ന റെക്കോർഡ് രാജ്യാന്തര വില ഇന്നു പഴങ്കഥയാക്കി 3,038 ഡോളർ വരെയെത്തി. ഇതാണ് കേരളത്തിലും വില കൂടാൻ വഴിയൊരുക്കിയത്. മാത്രമല്ല, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു വ്യാപാരത്തുടക്കത്തിൽ 11 പൈസ ഇടിഞ്ഞ് 86.67ൽ എത്തിയതും സ്വർണവില ഉയരാനുള്ള കാരണമായി. 

Image : Shutterstock/FOTOGRIN
Image : Shutterstock/FOTOGRIN

സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്ടിയുണ്ട്. 53.10 രൂപ ഹോൾമാർക്ക് ഫീസും നൽകണം. പുറമേയാണ് പണിക്കൂലി. ഇതു ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 30% വരെയൊക്കെയാകാം. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും ചേരുമ്പോൾ സ്വർണാഭരണത്തിന് പവന് 5,000 രൂപയിലേറെ അധികം നൽകണം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold Rate Hits All-Time High in Kerala, Silver Price Also Rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com