ADVERTISEMENT

അക്ഷയ തൃതീയയ്ക്ക് (Akshaya Tritiya) ഒറ്റദിവസം മാത്രം ബാക്കിനിൽക്കേ, ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. കേരളത്തിൽ (Kerala gold price) ഗ്രാമിന് ഇന്ന് 40 രൂപ വർധിച്ച് വില 8,980 രൂപയും പവന് 320 രൂപ ഉയർന്ന് 71,840 രൂപയുമായി. രാജ്യാന്തര വിലയിലുണ്ടായ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയെയും ഉയർത്തിയത്. ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ റുപ്പി 5 പൈസയുടെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെന്നതും സ്വർണവില കൂടാനിടയാക്കി.

Image - Shutterstock/NAOWARAT
Image - Shutterstock/NAOWARAT

ഇന്നലെ സംസ്ഥാനത്ത് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു. ഏറെദിവസത്തിനുശേഷമായിരുന്നു ഗ്രാം വില 9,000 രൂപയ്ക്കും പവൻവില 72,000 രൂപയ്ക്കും താഴെ എത്തിയതും.  രാജ്യാന്തര വില കുറഞ്ഞുനിന്നതിനെ തുടർന്ന് വാങ്ങൽ താൽപര്യം (ബൈയിങ് ദ ഡിപ്) മെച്ചപ്പെട്ടതും ഇന്നു വില കൂടാൻ‌ കളമൊരുക്കി. 18 കാരറ്റ് സ്വർണവിലയിലും വർധനയുണ്ട്. ചില കടകളിൽ വില ഗ്രാമിന് 30 രൂപ ഉയർന്ന് 7,435 രൂപ. മറ്റു ചില കടകളിൽ വ്യാപാരം ഗ്രാമിന് 35 രൂപ വർധിച്ച് 7,395 രൂപയിൽ. വെള്ളി വില ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

Image : Shutterstock/AI
Image : Shutterstock/AI

യുഎഇയിലും വില ഇന്നു കുതിച്ചുകയറി. ഗ്രാമിന് ഇന്നലെ 366 ദിർഹമായിരുന്ന വില ഇന്ന് 371.25 ദിർഹമാണ്. അവധിക്കാലം പ്രമാണിച്ച് നിരവധി ഇന്ത്യക്കാർ യുഎഇ സന്ദർശിക്കുന്നുണ്ട്. ഇവരിൽ പലരും അക്ഷയ തൃതീയയ്ക്കായി സ്വർണം വാങ്ങാനും ശ്രമിക്കുന്നുണ്ട്.

Image : Shutterstock/sasirin pamai
Image : Shutterstock/sasirin pamai

അതേസമയം, യുഎഇയിലും കേരളത്തിലും അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങാനായി നേരത്തെ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയവരെ ഈ വിലവർധന ബാധിക്കില്ലെന്ന പ്രത്യേകതയുണ്ട്. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് കുറഞ്ഞവിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാമെന്നതാണ് നേട്ടം. യുഎഇയിലും കേരളത്തിലും അക്ഷയ തൃതീയയോട് അനുബന്ധിച്ച് മുൻകൂർ ബുക്കിങ് സജീവമായിരുന്നു എന്ന് വ്യാപാരികൾ പറയുന്നു. 

രാജ്യാന്തര വിലയിൽ വൻ ചാഞ്ചാട്ടം; വില കുറയുമോ?

രാജ്യാന്തര വിപണിയിലെ ബൈയിങ് ദ ഡിപ് ട്രെൻഡാണ് തുടക്കത്തിൽ വില കൂടാൻ വഴിയൊരുക്കിയത്. അമേരിക്കയും വിവിധ രാജ്യങ്ങളുമായുള്ള താരിഫ് പ്രശ്നം അകലുന്നു എന്ന വിലയിരുത്തലുകളെ തുടർന്ന് ഇപ്പോൾ വില താഴാനുള്ള പ്രവണത കാട്ടുന്നുമുണ്ട്. ഈ ട്രെൻഡ് നിലനിന്നാൽ വില നാളെ കുറഞ്ഞേക്കാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Image : shutterstock/AI Image Generator
Image : shutterstock/AI Image Generator

താരിഫ് തർക്കം രൂക്ഷമായിരുന്നപ്പോൾ ഓഹരി, കടപ്പത്ര വിപണികൾ ഇടിയുകയും ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികൾക്ക് ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ ലഭിക്കുകയും സ്വർണ വില കൂടുകയുമായിരുന്നു. കഴിഞ്ഞവാരം വില ഔൺസിന് 3,500 ഡോളർ എന്ന റെക്കോർഡിലെത്തിയിരുന്നു. 

Image : Shutterstock
Image : Shutterstock

എന്നാൽ, ഇപ്പോൾ പല രാജ്യങ്ങളും അമേരിക്കയുമായുള്ള തർക്കം പരിഹരിക്കാനുള്ള നിർദേശങ്ങളുമായി മുന്നോട്ടെത്തിയിട്ടുണ്ട്. ഇതിൽ, ഏറ്റവുമാദ്യം നേട്ടം സ്വന്തമാക്കുക ഇന്ത്യയാണെന്നാണ് റിപ്പോർട്ടുകൾ. താരിഫ് തർക്കങ്ങൾക്ക് ശമനമാകുന്നുവെന്ന വിലയിരുത്തലുകളെ തുടർന്ന് സ്വർണത്തിന്റെ ‘സെയ്ഫ്-ഹാവൻ’ പെരുമ നഷ്ടപ്പെടുകയും വില താഴുകയുമാണ്. രാജ്യാന്തര വില ഔൺസിന് 3,353 ഡോളർ വരെ ഉയർന്നശേഷം നിലവിൽ 3,311 ഡോളറിലേക്ക് താഴ്ന്നു. 

Image : Shutterstock/PradeepGaurs
Image : Shutterstock/PradeepGaurs

വാഹന, വാഹനഘടക ഇറക്കുമതിക്കുമേൽ പ്രഖ്യാപിച്ച താരിഫിലും ട്രംപ് ഭരണകൂടം ഇളവു പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഇതും സ്വർണത്തിന് പ്രതികൂലമാണ്. ഓഹരി വിപണികൾ മെച്ചപ്പെടുമെന്നതാണ് കാരണം. നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ നിന്ന് പടിയിറങ്ങി ഓഹരി വിപണികളിലേക്ക് ചുവടുമാറ്റാനുള്ള സാധ്യതയേറെ.

പണിക്കൂലിയും ചേർന്നാൽ ഇന്നു വില

3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും കൂടി നൽകിയാലേ കേരളത്തിൽ സ്വർണാഭരണം വാങ്ങാനാകൂ. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. ഇന്നു നിങ്ങൾ സ്വർണാഭരണം വാങ്ങുന്നത് 5% പണിക്കൂലി പ്രകാരമാണെങ്കിൽ ഒരു പവൻ ആഭരണത്തിന് നൽകേണ്ട വില 77,750 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,719 രൂപയും. 

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold Price Rises in Kerala and UAE Ahead of Akshaya Tritiya Despite Global Surge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com