അക്ഷയതൃതീയ കഴിഞ്ഞതോടെ സ്വർണവില താഴേയ്ക്ക്, ഇനി ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോ

Mail This Article
അക്ഷയ തൃതീയയുടെ പിറ്റേന്ന് സ്വർണ വിലയിൽ കുത്തനെ ഇടിവ്. ഗ്രാമിന് 205 രൂപ ഇടിഞ്ഞ് 8775 രൂപയെത്തി. പവന് 1640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 70,200 രൂപയിലെത്തി. ഇന്നലെ കേരളത്തിലെ സ്വർണ വിപണിയിൽ അക്ഷയ തൃതീയ പ്രമാണിച്ച് പുത്തൻ ഉണർവ് ദൃശ്യമായതിന് പിന്നാലെ വില കുത്തനെ ഇടിഞ്ഞത് അക്ഷയതൃതീയ സ്വർണം വാങ്ങിയവരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആഭരണം വാങ്ങാനിരിക്കുന്നവരും ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോ എന്ന ആശങ്കയിലാണ്.
ഇന്നലെ അക്ഷയ തൃതീയയ്ക്ക് ഗ്രാമിന് 8980 രൂപയും പവന് 71840 രൂപയുമായി മാറ്റമില്ലാതെ നിൽക്കുകയായിരുന്നു വില. കഴിഞ്ഞ വർഷത്തേക്കാൾ 35% ത്തോളം മികച്ച വരുമാനമാണ് സ്വർണത്തിൽ നിന്ന് ലഭിച്ചത് എന്നാണ് സംസ്ഥാനത്തെ സ്വർണവ്യാപാരികൾ പറയുന്നത്. ഏറ്റവും കുറഞ്ഞ തൂക്കം സ്വർണമെങ്കിലും വാങ്ങിക്കുക എന്ന പ്രവണത കാണാനായി. 1500 കോടി രൂപയ്ക്ക് മുകളിൽ വ്യാപാരം നടന്നതായിട്ടാണ് പ്രഥമിക കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
18 കാരറ്റ് സ്വർണത്തിന് 7195 രൂപയാണ് ഗ്രാമിന് ഇന്ന് വില. വെള്ളിയ്ക്ക് ഗ്രാമിന് 109 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ കേരളത്തിലെ റെക്കോർഡ് വില ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9290 രൂപയും പവന് 74320 രൂപയുമാണ്.