ADVERTISEMENT

UPDATE: ഇന്ന് ഉച്ചയ്ക്ക് കേരളത്തിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. വ്യാപാരയുദ്ധത്തിൽ യുഎസും ചൈനയും ‘വെടിനിർത്തൽ‌’ പ്രഖ്യാപിച്ചതാണ് വഴിയൊരുക്കിയത്. വിശദാംശങ്ങൾ (click here)


ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate today) ഇന്നു കനത്ത ഇടിവ്. കേരളത്തിൽ (Kerala gold price) ഗ്രാമിന് ഒറ്റയടിക്ക് 165 രൂപ കുറഞ്ഞ് വില 8,880 രൂപയും പവന് 1,365 രൂപ താഴ്ന്ന്  71,040 രൂപയുമായി. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 135 രൂപ ഇടിഞ്ഞ് 7,320 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 108 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റ് സ്വർണത്തിന് 135 രൂപ കുറച്ച് വില 7,290 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. വെള്ളി ഒരു രൂപ കുറച്ച് 108 രൂപയും.

Image: Shutterstock/idiltoffolo
Image: Shutterstock/idiltoffolo

ഇന്ത്യ-പാക്കിസ്ഥാൻ (India-Pakistan conflict) യുദ്ധസമാന സാഹചര്യത്തിന് ശമനമുണ്ടായതും ലോക സമ്പദ്‍വ്യവസ്ഥയെയാകെ ആശങ്കയുടെ നിഴലിലാഴ്ത്തിനിന്ന യുഎസ്-ചൈന (US-China trade deal) തീരുവത്തർക്കം സമവായത്തിലേക്ക് കടന്നതുമാണ് സ്വർണവിലയെ പ്രധാനമായും റിവേഴ്സ് ഗിയറിലാക്കിയത്. യുദ്ധം, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമ സ്വർണത്തിനുണ്ട്. ഈ സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികളെ കൈവിടുന്ന നിക്ഷേപകർ പണം സുരക്ഷിതമാക്കാനായി ഗോൾഡ് ഇടിഎഫ് (Gold ETFs) പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റും. അതോടെ സ്വർണവില കൂടും. കഴിഞ്ഞ ആഴ്ചകളിൽ അതായിരുന്നു ട്രെൻഡ്.

Image: Shutterstock/R Photography Background
Image: Shutterstock/R Photography Background

ഇപ്പോൾ പ്രതിസന്ധികൾ അകലുന്നതിനാൽ, സ്വർണത്തിന്റെ സെയ്ഫ്-ഹാവൻ പെരുമയും വിലയും മങ്ങുകയുമാണ്. കഴിഞ്ഞ വാരാന്ത്യം ഔൺസിന് 3,346 ഡോളറായിരുന്ന രാജ്യാന്തരവില, ഇന്നൊരു ഘട്ടത്തിൽ 3,262 ഡോളർ വരെ ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,280 ഡോളറിൽ. ഈ ഇടിവാണ് ഇന്നു കേരളത്തിലും വില താഴാൻ സഹായിച്ചത്.

സ്വർണവില ഇനിയും താഴ്ന്നേക്കാം

സ്വർണവില ഇനിയും താഴ്ന്നേക്കാമെന്ന് അനലിസ്റ്റുകൾ നിലവിൽ പറയുന്നു. രണ്ടാഴ്ച മുമ്പ് ഔൺസിന് 3,500 ഡോളറായിരുന്ന രാജ്യാന്തര വിലയാണ് നിലവിൽ 3,300 ഡോളറിന് താഴെയുള്ളത്. യുദ്ധ, സാമ്പത്തിക അനിശ്ചിതത്വ പ്രതിസന്ധികൾ അകലുകയും ഡോളർ, കടപ്പത്രം, ഓഹരി വിപണികൾ എന്നിവ കരകയറുകയും ചെയ്യുന്നത് സ്വർണനിക്ഷേപ പദ്ധതികളുടെ തിളക്കം കെടുത്താനും വില ഇടിയാനും വഴിവച്ചേക്കാം.

Indian rupee notes of different denominations of the Republic of India and a gold bar of 999 fineness
representative image from Shutterstock

രാജ്യാന്തരവില 3,138 ഡോളർ വരെ താഴ്ന്നേക്കാമെന്ന വിലയിരുത്തുന്ന അനലിസ്റ്റുകളുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 70,000 രൂപയ്ക്കും താഴെയെത്താം. പക്ഷേ, നിലവിലെ രാജ്യാന്തര സാമ്പത്തിക മേഖലയുടെ ഗതിയെ ആശ്രയിച്ചിരിക്കും ഇത്. താരിഫ് തർക്കം, ഇന്ത്യ-പാക്കിസ്ഥാൻ, യുക്രെയ്ൻ-റഷ്യ സംഘർഷങ്ങൾ എന്നിവ വഷളായാൽ വില വീണ്ടും 3,500 ഡോളർ ലക്ഷ്യമിട്ടു നീങ്ങിയേക്കാം.

gold-business-main-sack-1

ഡോളറിനെതിരെ (US Dollar) കഴിഞ്ഞ സെഷനുകളിൽ ഇന്ത്യൻ റുപ്പി (Indian Rupee) ദുർബലമായത്, ഇന്ത്യയിൽ സ്വർണവില ഉയർന്നുനിൽക്കാൻ കാരണമായിരുന്നു. രൂപ നിലവിൽ നില മെച്ചപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നതും സ്വർണവിലയെ താഴേക്ക് നയിച്ചേക്കാം. ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസിന്റെ പണപ്പെരുപ്പ, തൊഴിലില്ലായ്മ കണക്കുകളാണ് ഇനി പ്രധാനമായും സ്വർണവിലയെ സ്വാധീനിക്കുക. പണപ്പെരുപ്പം ഉയർന്നുനിന്നാൽ അടിസ്ഥാന പലിശനിരക്കും ഉയർന്നു നിൽക്കും. പലിശ കുറയാതിരുന്നാൽ ഡോളറും കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) ശക്തിയാർജ്ജിക്കും. ഇത്, സ്വർണനിക്ഷേപങ്ങളെ തളർത്തുകയും വില താഴുകയും ചെയ്യും.

പണിക്കൂലിയും ചേർന്നാൽ

സ്വർണവില കുറഞ്ഞതോടെ ആനുപാതികമായി നികുതിഭാരവും കുറയുമെന്നത് ഉപഭോക്താക്കൾക്ക് നേട്ടമാണ്. ഇന്ന് പവനു വില 71,040 രൂപ. 3% ജിഎസ്ടി, ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർന്നാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന് നൽകേണ്ട വില 76,885 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,610 രൂപയും. കഴിഞ്ഞവാരങ്ങളിൽ പവന്റെ വാങ്ങൽവില 80,000 രൂപയ്ക്കടുത്തായിരുന്നു. 

Image: Shutterstock/Africa Studio
Image: Shutterstock/Africa Studio

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold price fell sharply in Kerala, Silver price also decreases.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com