ട്രംപിന്റെ ചുങ്കം ബൂമറാങ്ങായി; അമേരിക്കയ്ക്ക് വീണ്ടും മാന്ദ്യപ്പേടി, സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം, പവൻ 70,000ന് അടുത്ത്

Mail This Article
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി വലിയതോതിൽ ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം നൽകി ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയിൽ (gold rate) ഇന്നു മികച്ച തിരിച്ചുകയറ്റം. കേരളത്തിൽ (Kerala gold price) ഗ്രാമിന് 110 രൂപ വർധിച്ച് വില 8,720 രൂപയും പവന് 880 രൂപ ഉയർന്ന് 69,760 രൂപയുമായി. ഇന്നലെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയും ഇടിഞ്ഞിരുന്നു; പവൻവില 68,880 രൂപയുമായിരുന്നു.

സംസ്ഥാനത്ത് ചില കടകളിൽ ഇന്ന് 18 കാരറ്റ് (18 carat gold) സ്വർണവില ഗ്രാമിന് 90 രൂപ വർധിച്ച് 7,185 രൂപയായപ്പോൾ മറ്റുചില കടകളിൽ വില 90 രൂപ തന്നെ വർധിച്ചെങ്കിലും 7,150 രൂപയേയുള്ളൂ. വില നിർണയത്തിൽ അസോസിയേഷനുകൾക്കിടയിലെ ഭിന്നതയാണ് വില വ്യത്യാസപ്പെട്ടിരിക്കാൻ കാരണം. അതേസമയം, വെള്ളിക്ക് (silver price) ഗ്രാമിന് ഒരു രൂപ ഉയർന്ന് എല്ലാ ആഭരണശാലകളിലും 108 രൂപയായി. സ്വർണാഭരണം വാങ്ങുമ്പോൾ ജിഎസ്ടി (3%), ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 30-35% വരെയൊക്കെയാകാം.
മലക്കംമറിയുന്ന പൊന്ന്
ചൈന, യുകെ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള താരിഫ് (ഇറക്കുമതിച്ചുങ്കം) തർക്കത്തിന് ചർച്ചയിലൂടെയും വ്യാപാര കരാറിലൂടെയും പരിഹാരം കാണാനുള്ള ഡോണൾഡ് ട്രംപിന്റെ (Donald Trump) നീക്കങ്ങളെ തുടർന്ന് ഇന്നലെ ഔൺസിന് ഒരുമാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞ രാജ്യാന്തര സ്വർണവില, ഇന്ന് 3,251 ഡോളറിലേക്കുവരെ തിരിച്ചുകയറി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,210 ഡോളറിൽ.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് വീണ്ടും മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന സൂചനയുമായി കഴിഞ്ഞമാസം രാജ്യത്തെ ചില്ലറ വിൽപന (Retail Sales) വളർച്ചനിരക്ക് കുറഞ്ഞതും യുഎസ് കമ്പനികളുടെ ഉൽപാദന വിലനിലാരം (Producer Price Index/PPI) പ്രതീക്ഷിച്ചതിലുമേറെ ഇടിഞ്ഞതുമാണ് സ്വർണത്തിന് വീണ്ടും ഊർജമായത്. യുഎസിന്റെ സമ്പദ്‍രംഗത്ത് പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഴ്ചകൾ. സാമ്പത്തികരംഗത്ത് പ്രതിസന്ധികളുണ്ടാകുമ്പോൾ സ്വർണത്തിനാണ് അതു നേട്ടമാകുക.

ഇത്തരം സാഹചര്യങ്ങളിലെപ്പോഴും ‘സുരക്ഷിത നിക്ഷേപം’ (Safe-haven demand) എന്ന പെരുമ സ്വർണത്തിന് കിട്ടും. നിക്ഷേപകർ ഓഹരി, കടപ്പത്രം, ഡോളർ എന്നിവയെ കൈവിട്ട് ഗോൾഡ് ഇടിഎഫിലേക്ക് (gold ETF) നിക്ഷേപം മാറ്റും. അതോടെ, സ്വർണവില കൂടുകയും ചെയ്യും. അതാണ് ഇപ്പോൾ സംഭവിക്കുന്നതും. യുഎസിന്റെ കഴിഞ്ഞമാസത്തെ റീട്ടെയിൽ സെയിൽസ് വളർച്ചനിരക്ക് മാർച്ചിലെ 1.7 ശതമാനത്തിൽ നിന്ന് വെറും 0.1 ശതമാനമായി താഴ്ന്നു. പിപിഐ വളർച്ച മാർച്ചിൽ 0.4% ഇടിഞ്ഞിരുന്നു; ഏപ്രിലിൽ ഇടിവ് 0.5 ശതമാനം.
ട്രംപ് തൊടുത്ത ബൂമറാങ്!
യുഎസിലേക്കുള്ള ഇറക്കുമതിക്കുമേൽ ട്രംപ് കനത്ത ചുങ്കം പ്രഖ്യാപിച്ചതോടെ, ഒട്ടുമിക്ക ഇറക്കുമതി ഉൽപന്നങ്ങൾക്കും വില കൂടിയത് റീട്ടെയ്ൽ വിൽപനയെ ബാധിച്ചു. ഉദാഹരണത്തിന്, മാർച്ചിൽ 5.5% വളർന്ന വാഹന വിൽപന ഏപ്രിലിൽ കുറിച്ചത് 0.1 ശതമാനം ഇടിവ്. ചുങ്കപ്രഖ്യാപനത്തിന് പുറമെ കാനഡ, ഗ്രീൻലൻഡ് എന്നിവയെ അമേരിക്കയുടെ ഭാഗമാക്കാനുള്ള ട്രംപിന്റെ നീക്കങ്ങളും പിപിഐയെ വീഴ്ത്തി. ടൂറിസം, ട്രാവൽ, വിമാന ടിക്കറ്റ് വിൽപന, ഹോട്ടൽ ബുക്കിങ് എന്നിവയെല്ലാം വൻതോതിൽ ഇടിഞ്ഞത് തിരിച്ചടിയായി.

രാജ്യാന്തര വില 3,251 ഡോളർ നിലവാരത്തിൽ നിന്ന് 3,210 ഡോളർ നിലവാരത്തിലേക്ക് നേട്ടം നിജപ്പെടുത്തിയതും ഡോളറിനെതിരെ രൂപ (Indian Rupee) ഇന്ന് 25 പൈസ ഉയർന്ന് 85.30ൽ വ്യാപാരം തുടങ്ങിയതും കേരളത്തിൽ സ്വർണവില വർധനയുടെ ആക്കം കുറച്ചിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ വില ഇന്ന് ഇതിലും കൂടുമായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business