ADVERTISEMENT

കേരളത്തിൽ സ്വർണവിലയുടെ (Kerala gold price) കയറ്റിറക്കത്തിന് ‘താൽകാലിക’ ബ്രേക്ക്. ഇന്ന് വില (gold rate) മാറിയിട്ടില്ല. ഗ്രാമിന് 8,720 രൂപയും പവന് 69,760 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. അതേസമയം, 18 കാരറ്റ് സ്വർണത്തിനും (18 carat gold) വെള്ളിക്കും വില മാറിയിട്ടില്ലെങ്കിലും വ്യത്യസ്ത അസോസിയേഷനുകൾക്ക് കീഴിലെ കടകളിൽ വ്യത്യസ്ത വിലയാണുള്ളത്. ചില കടകളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 7,185 രൂപ; മറ്റു കടകളിൽ 7,150 രൂപ. വെള്ളിക്ക് (Silver price) ചില കടകളിൽ ഗ്രാമിന്  108 രൂപ; മറ്റുകടകളിൽ 107 രൂപ.

2024 ഏപ്രിൽ 12ന് ഒരു പവൻ സ്വർണം 53,200 രൂപയ്ക്ക് വാങ്ങിയവർക്ക് 2025 ഏപ്രിലിൽ ഇതിനു ലഭിക്കുന്ന മൂല്യം 70,000 രൂപ (Photo by Narinder NANU / AFP)
Photo by Narinder NANU / AFP

ആഗോളതലത്തിൽ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങൾ സ്വർണവിലയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ ഔൺസിന് 3,251 ഡോളർ‌ വരെ കയറിയ രാജ്യാന്തരവില, പിന്നീട് 3,210 ഡോളറിലേക്ക് താഴ്ന്നിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,201 ഡോളറിൽ. യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യ-യുക്രെയ്ൻ ചർച്ചകൾ, താരിഫ് (ഇറക്കുമതി ചുങ്കം) പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിവിധ രാജ്യങ്ങളുമായി യുഎസ് നടത്തുന്ന ചർച്ചകൾ, ന്യൂക്ലിയർ വിഷയത്തിൽ ബദ്ധവൈരികളായ യുഎസും ഇറാനും തമ്മിലെ സമവായ ചർച്ചകൾ എന്നിവ സ്വർണവിലയുടെ കുതിപ്പിന് പ്രതികൂലമാണ്.

അനലിസ്റ്റുകളുടെ പ്രവചനങ്ങൾ

ഇനിയൊരു കുതിപ്പിന് മുമ്പ് രാജ്യാന്തര വില 2,980 ഡോളറിലേക്ക് വീണേക്കാമെന്ന് ചില അനലിസ്റ്റുകൾ പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ‌ പവൻവില 67,000 രൂപയ്ക്കും താഴെയെത്താം. മറ്റുചിലർ 2,800 ഡോളറിന് താഴെയെത്തിയേക്കാമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഈ വാദത്തിന് വലിയ പിന്തുണയില്ല. രാജ്യാന്തരവില ഔൺസിന് 2,800ലേക്ക് താഴ്ന്നാൽ കേരളത്തിൽ പവൻ 64,000 രൂപയ്ക്കും താഴെയാകും.

Image: Shutterstock/R Photography Background
Image: Shutterstock/R Photography Background

അതേസമയം, സ്വർണത്തിന് അനുകൂലമായേക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്. ഒന്ന്, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് നേരിടുന്ന സമ്പദ്പ്രതിസന്ധി. യുഎസിൽ കഴിഞ്ഞമാസം റീട്ടെയ്ൽ സെയിൽസ്, പ്രൊഡ്യൂസർ പ്രൈസ് ഇൻ‌ഡക്സ് വളർച്ചനിരക്കുകൾ പ്രതീക്ഷിച്ചിതിലും മോശമായിരുന്നു. ഇതിനു പിന്നാലെ, ഉപഭോക്തൃസംതൃപ്തി ഇടിഞ്ഞുവെന്ന റിപ്പോർട്ടും പുറത്തുവന്നു. യുഎസ് ഡോളർ ഇൻഡക്സും താഴ്ന്നു. ഇതെല്ലാം സ്വർണവിലയെ കരകയറ്റാൻപോന്ന കാര്യങ്ങളാണ്. 

ട്രംപിന്റെ സമ്മർദം

പണപ്പെരുപ്പം ആശ്വാസതലത്തിൽ തുടരുന്നതിനാൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. പലിശനിരക്ക് കുറഞ്ഞാൽ യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), യുഎസ് ഡോളറിന്റെ മൂല്യം എന്നിവയും താഴ്ന്നേക്കും. ഇവയിൽ നിന്നുള്ള നിക്ഷേപനേട്ടം കുറയുന്നത് നിക്ഷേപകരെ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപകങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കും. ഇതും സ്വർണവിലയെ ഉയർത്തും. 

gold

മറ്റൊന്ന്, ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകളെല്ലാം കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ്. ഇങ്ങനെ ഡിമാൻഡ് കൂടുന്നതും സ്വർണവിലയിൽ തിരിച്ചുകയറ്റം സൃഷ്ടിക്കും.

Image : iStock/Dragon Claws and Shutterstock/Harshit Srivastava S3
Image : iStock/Dragon Claws and Shutterstock/Harshit Srivastava S3

ഡോളർ‌ ദുർബലമാകുന്നത് സ്വർണം വൻതോതിൽ വാങ്ങാനുള്ള താൽപര്യവും കൂട്ടും. രണ്ടാഴ്ച മുമ്പ് കുറിച്ച 3,500 ഡോളറാണ് രാജ്യാന്തര വിലയിലെ റെക്കോർഡ്. ഉണർവിന്റെ ട്രാക്കിലേക്ക് വീണ്ടും കടന്നാൽ സ്വർണവിലയുടെ അടുത്ത കുതിപ്പ് 3,400 ഡോളറിലേക്ക് ആയേക്കാമെന്നാണ് നിരീക്ഷകവാദങ്ങൾ. പൊടുന്നനെ 3,500 ഡോളറിലേക്ക് എത്താനുള്ള സാധ്യത ഉടനില്ലെന്നും അവർ പറയുന്നു. ഏപ്രിൽ 22ന് കുറിച്ച ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala gold price: Gold price remains steady in Kerala, silver also unchanged.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com