ADVERTISEMENT

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 7 ത്രൈമാസങ്ങൾക്കിടയിലെ (21 മാസങ്ങൾ) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർ‌ട്ട് വ്യക്തമാക്കി. 8.1 ശതമാനമായിരുന്നു മുൻവർഷത്തെ സമാനപാദത്തിൽ വളർച്ച. 2022-23ലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ 4.3% രേഖപ്പെടുത്തിയ ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വളർച്ചയാണ് കഴിഞ്ഞപാദത്തിലേത്.

നഗരങ്ങളിൽ ഉപഭോക്തൃച്ചെലവഴിക്കലുകൾ (urban consumer spending) ഇടിഞ്ഞതും മധ്യവർഗ കുടുംബങ്ങൾ (middle-class families) നേരിട്ട സാമ്പത്തിക ഞെരുക്കവും ജിഡിപി വളർച്ചയെ താഴ്ത്തിയെന്നാണ് വിലയിരുത്തലുകൾ. റിസർവ് ബാങ്കിന്റേതടക്കം പ്രവചനങ്ങൾ അമ്പേ പാളുന്ന കാഴ്ചയും കഴിഞ്ഞപാദത്തിൽ കണ്ടു. ഇന്ത്യ 7% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രതീക്ഷ. നേരത്തേ 7.2% വളരുമെന്ന് റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീടത് 7 ശതമാനത്തിലേക്ക് താഴ്ത്തുകയായിരുന്നു. 

gdp-uuuuuu-1211
ജിഡിപി വളർച്ച കഴിഞ്ഞ പാദങ്ങളിൽ (ഫോട്ടോ: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം)

എസ്ബിഐ റിസർച്ച് 6.5%, റോയിട്ടേഴ്സ് 6.5%, േററ്റിങ് ഏജൻസിയായ ഇക്ര 6.6%, ജെപി മോർഗൻ 6.3-6.5% എന്നിങ്ങനെയും വളർച്ച അനുമാനിച്ചിരുന്നെങ്കിലും അതിനേക്കാൾ താഴ്ചയിലേക്ക് വളർച്ചാനിരക്ക് നീങ്ങിയത് സാമ്പത്തിക വിദഗ്ദ്ധരെപ്പോലും അമ്പരിപ്പിച്ചിട്ടുണ്ട്. 44.10 ലക്ഷം കോടി രൂപയാണ് കഴിഞ്ഞപാദ ജിഡിപിമൂല്യം. അതായത്, മുൻവർഷത്തെ സമാനപാദത്തിലെ 41.86 ലക്ഷം കോടി രൂപയേക്കാൾ 5.4% വളർന്നു. ഇക്കഴിഞ്ഞ ഏപ്രിൽ-ജൂണിൽ മൂല്യം 43.64 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ (fastest growing major economy) എന്ന നേട്ടം ഇന്ത്യ കഴിഞ്ഞപാദത്തിലും നിലനിർത്തി (Read Details).

കുറയുന്ന ജിഡിപി വളർച്ച

2023-24ലെ ഒന്നാംപാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യ 8.2% വളർന്നിരുന്നു. ജൂലൈ-സെപ്റ്റംബറിൽ 8.1%, ഒക്ടോബർ-ഡിസംബറിൽ 8.6% എന്നിങ്ങനെയും വളർന്നു ആ വർഷം ജനുവരി-മാർച്ച് പാദം (7.8%) മുതൽ പക്ഷേ, വളർച്ച താഴേക്കായി. നടപ്പുവർഷം ഏപ്രിൽ-ജൂണിൽ 6.7 ശതമാനമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുടെ മൂലധനച്ചെലവ് കുറഞ്ഞതും രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലായതും ജൂൺപാദ ജിഡിപി വളർച്ചയെ ബാധിച്ചു. എന്നാൽ, വെല്ലുവിളികൾ സെപ്റ്റംബർ പാദത്തിലും വിട്ടൊഴിഞ്ഞില്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പുവർഷത്തെ ആദ്യപകുതിയിലെ (ഏപ്രിൽ-സെപ്റ്റംബർ) ജിഡിപി വളർച്ചാനിരക്ക് മുൻവർഷത്തെ സമാനകാലത്തെ 8 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി ഇടിഞ്ഞെന്നും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷത്തെ രണ്ടാംപാതിയിലെ (ഒക്ടോബർ-മാർച്ച്) വളർച്ച 6.5 ശതമാനമായിരുന്നു.

തളർന്ന് മാനുഫാക്ചറിങ്ങും മൈനിങ്ങും; പ്രതീക്ഷ നൽകി കൃഷി

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്ചറിങ് മേഖലയുടെ വളർച്ച 14.3 ശതമാനത്തിൽ നിന്ന് 2.2 ശതമാനത്തിലേക്ക് ഇടിഞ്ഞതാണ് കഴിഞ്ഞപാദത്തിൽ ജിഡിപി വളർച്ച കൂപ്പുകുത്താൻ മുഖ്യകാരണം. ഖനന (മൈനിങ്) മേഖലയുടെ വളർച്ച 11.1ൽ നിന്ന് നെഗറ്റീവ് 0.1 ശതമാനത്തിലേക്കും ഇ‍ടിഞ്ഞത് തിരിച്ചടിയായി. വൈദ്യുതി, കുടിവെള്ളം, ഗ്യാസ് തുടങ്ങിയ സേവനമേഖലകളുടെ വളർച്ച 10.5ൽ നിന്ന് 3.3 ശതമാനത്തിലേക്കും നിർമാണ (കൺസ്ട്രക്ഷൻ) മേഖലയുടെ വളർച്ച 13.6ൽ നിന്ന് 7.7 ശതമാനത്തിലേക്കും കുറഞ്ഞതും വലച്ചു.

gdp-444444-1212
സാമ്പത്തികരംഗത്തെ വിവിധ മേഖലകളുടെ ജൂലൈ-സെപ്റ്റംബർപാദ പ്രകടനം (ഫോട്ടോ: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം)

അതേസമയം, ഇന്ത്യൻ തൊഴിൽമേഖലയുടെ മുഖ്യപങ്ക് വഹിക്കുന്ന കാർഷികരംഗം 1.7ൽ നിന്ന് 3.5 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തിയെന്നത് നേട്ടമാണ്. വ്യാപാരം, ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിങ് എന്നിവ ഉൾപ്പെടുന്ന വിഭാഗം 4.5ൽ നിന്ന് 6 ശതമാനത്തിലേക്കും ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗം 6.2ൽ നിന്ന് 6.5 ശതമാനത്തിലേക്കും പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന വിഭാഗം 7.7ൽ നിന്ന് 9.2 ശതമാനത്തിലേക്കും വളർച്ച മെച്ചപ്പെടുത്തിയില്ലായിരുന്നെങ്കിൽ ജിഡിപി വളർച്ച കൂടുതൽ ഇടിയുമായിരുന്നു.

English Summary:

Economic Slowdown: India's Q2 GDP Growth Misses Estimates at 5.4% - India's GDP growth has decelerated to 5.4% in the second quarter of FY24, marking the slowest pace in recent times. This slowdown, attributed to factors like declining consumer spending and manufacturing sector weakness, has surprised experts. While sectors like agriculture offer a silver lining, the overall economic outlook remains a concern.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com