ഇനി ചെറുബാങ്കുകളിൽ നിന്നും കിട്ടും അതിവേഗം യുപിഐ വായ്പ; വ്യക്തികൾക്കും ചെറുകിട കച്ചവടക്കാർക്കും നേട്ടം
Mail This Article
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ വഴി ഇനി ചെറു ബാങ്കുകളിൽ നിന്നും (സ്മോൾ ഫിനാൻസ് ബാങ്കുകൾ) ഉപഭോക്താക്കൾക്ക് അതിവേഗം വായ്പ നേടാം. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച യുപിഐ ക്രെഡിറ്റ് ലൈൻ സൗകര്യം നിലവിൽ വാണിജ്യബാങ്കുകളിൽ മാത്രമാണുള്ളത്. ഇതാണ് ചെറു ബാങ്കുകളിലും അവതരിപ്പിക്കുകയെന്നും ഇതിന്റെ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. റിസർവ് ബാങ്ക് പണനയ നിർണയ സമിതിയുടെ (എംപിസി) പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
മൊബൈൽഫോണിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തുപയോഗിക്കുന്ന യുപിഐ ആപ്പ് മുഖേന ഉപഭോക്താക്കൾക്ക് യുപിഐ ക്രെഡിറ്റ് ലൈൻ സേവനം നേടാം. യുപിഐ ആപ്പിൽ നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുത്തശേഷം യുപിഐ പിൻ ജനറേറ്റ് ചെയ്തു സേവനം നേടാനാകും. മുൻകൂർ അംഗീകൃതമായ കുറഞ്ഞ തുകയും കുറഞ്ഞ തിരിച്ചടവ് കാലാവധിയുമുള്ള വായ്പകളാകും ചെറുബാങ്കുകളിലൂടെ ലഭിക്കുക.
രാജ്യത്ത് ചെറുബാങ്കുകളുടെ സേവനം കൂടുതലും ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലുമാണെന്നതിനാൽ, ക്രെഡിറ്റ് ലൈൻ ഓൺ യുപിഐ സേവനം വ്യാപിപ്പിക്കുന്നത് സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ലൂഷൻ) കൂടുതൽ ശക്തമാക്കാനും സാധാരണക്കാരായ വ്യക്തികൾക്കും ചെറുകിട കച്ചവടക്കാർക്കും പണലഭ്യത ഉടനടി ഉറപ്പാക്കാനും സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.