പലിശ കുറച്ചില്ലെങ്കിലും പണലഭ്യത കൂട്ടാൻ വഴിയൊരുക്കി റിസർവ് ബാങ്കിന്റെ പണനയം
Mail This Article
കേന്ദ്ര ബാങ്കിന്റെ നിയമപരമായ ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞുകൊണ്ട് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് പ്രഖ്യാപിച്ചു, റിപോ നിരക്കിൽ മാറ്റമില്ല. ഈ തീരുമാനം ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും വിവേകപൂർണവും യുക്തിസഹവും പ്രായോഗികവും സമയോചിതവും ആണെന്നുകൂടെ പറഞ്ഞുകൊണ്ടാണ് ഗവർണർ ഇന്ന് മോനിറ്ററി കമ്മിറ്റി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 5.4 ശതമാനത്തിലേക്ക് താഴ്ന്നു നിൽക്കുന്ന ഈ അവസരത്തിൽ, കേന്ദ്ര സർക്കാരിൽ നിന്ന് നിരക്ക് കുറയ്ക്കണമെന്ന സൂചനകൾ നിലനിൽക്കേയാണ്, ആറിൽ നാല് ഭൂരിപക്ഷത്തിൽ റിപോ നിരക്കിൽ തൽസ്ഥിതി നിലനിർത്തിയത് എന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നു നിൽക്കുന്ന ചുറ്റുപാടിൽ വില നിയന്ത്രണവും വില സ്ഥിരതയും ഉറപ്പാക്കുക തന്നെയാണ് കേന്ദ്ര ബാങ്കിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്ന് ഇന്നത്തെ മോനിറ്ററി പോളിസി തീരുമാനത്തിലൂടെ കേന്ദ്ര ബാങ്ക് ഒരിക്കൽ കൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സമ്പത് വ്യവസ്ഥയിൽ പണലഭ്യത ഉണ്ടാകണം. ബാങ്കുകളിൽ നിന്ന് ആവശ്യക്കാർക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യം വേണം. വ്യവസായത്തിനെന്നവണ്ണം കൃഷിക്കും ബാങ്ക് വായ്പകൾ ലഭ്യമാകണം. റിപോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുമ്പോഴും ഈ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ വേണ്ട നയങ്ങൾ ഇന്നത്തെ മോനിറ്ററി പോളിസി തീരുമാനത്തിൽ ഉണ്ട് എന്നതാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനങ്ങളുടെ ഭംഗി. ക്യാഷ് റിസർവ് റേഷ്യോ (CRR) 4.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറച്ചതുവഴി 1.16 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ കൈയ്യിൽ ഈ മാസം തന്നെ കൂടുതലായി വന്നു ചേരുക.
മാത്രമല്ല, ആവശ്യം അനുസരിച്ച് കേന്ദ്ര ബാങ്ക് വാരിയബിൾ റിപോ റേറ്റ് (VRR) മുതലായ മറ്റു മാർഗ്ഗങ്ങളിലൂടെയും വളർച്ചക്കും വികസനത്തിനും ആവശ്യമായ പണം ലഭ്യമാക്കും എന്നും ഗവർണർ പറഞ്ഞു. ബാങ്കുകൾ ഈടില്ലാതെ കൃഷിക്കാർക്ക് നൽകുന്ന വായ്പ തുക 1.6 ലക്ഷത്തിൽ നിന്നും 2 ലക്ഷമായി ഉയർത്തി ചെറുകിട കൃഷിക്കാർക്ക് ആവശ്യമായ വായ്പകൾ ലഭ്യമാക്കാനും ഈ കമ്മിറ്റിയിൽ തീരുമാനം ഉണ്ട്. FCNR (B) ഡെപ്പോസിറ്റുകൾക്ക് കൂടുതൽ പലിശ നൽകാൻ അനുവദിച്ചത് മൂലം ഡോളറിനും മറ്റും ഉണ്ടായ ഉയർച്ചയെ മുതലെടുക്കുവാനും രാജ്യത്തു കൂടുതൽ വിദേശ നാണ്യ നിക്ഷേപങ്ങൾ ആകർഷിക്കുവാനും സഹായിക്കും.
വിലക്കയറ്റം ഈ സാമ്പത്തിക വർഷം നേരത്തെ കരുതിയിരുന്ന 4.5 ശതമാനത്തിൽ നിൽക്കില്ല. അത് 4.8 ശതമാനമായിരിക്കും. ഈ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ റാബി വിളയിലും പച്ചക്കറി വിളവിലും മറ്റും ഉണ്ടാകുന്ന വർദ്ധനവോടെ, ഭക്ഷ്യ വിലവർദ്ധനയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണിത്. ഉൽപാദന രംഗത്തും ഖനന മേഖലയിലും വൈദ്യുതിയുടെ ഉപയോഗത്തിലും ഉണ്ടായ കുറവാണ് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചത്. ഈ രംഗങ്ങളിൽ അടുത്ത പാദത്തിൽ മാറ്റമുണ്ടാകുമെന്ന് കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു. അതിനാൽ തന്നെ, സാമ്പത്തിക വളർച്ചാ നിരക്കിൽ താൽക്കാലികമായ കാണുന്ന കുറവിൽ വലിയ ആശങ്ക വേണ്ട.
ജനുവരിയിൽ തുടങ്ങുന്ന നാലാം പാദത്തിൽ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ കേന്ദ്ര സർക്കാർ കൂടുതൽ മുതൽ മുടക്കുകയും ഉപഭോഗം പൊതുവെ വർദ്ധിക്കുകയും ചെയ്യുമ്പോൾ ഇപ്പോഴുള്ള അവസ്ഥയിൽ മാറ്റം വരും. അതിനാൽ സാമ്പത്തിക വളർച്ച നേരത്തെ കണ്ടിരുന്ന ഉയർന്ന നിലയിൽ നിന്ന് കുറയുമെങ്കിലും, വർഷാവസാനം അത് 6.6 ശതമാനത്തിൽ എത്തുമെന്നും കേന്ദ്ര ബാങ്ക് കരുതുന്നു.
ഉയരുന്ന വിലക്കയറ്റത്തെ നിയന്ത്രിച്ചില്ലെങ്കിൽ അത് സാധാണക്കാരുടെ ജീവിതം ദുരിതത്തിലാക്കുമെന്നും, ആളുകളുടെ കൈയ്യിലെ പണലഭ്യത കുറഞ്ഞാൽ സാമ്പത്തിക വളർച്ച സാധ്യമല്ലായെന്നും ഗവർണർ ആവർത്തിച്ചു പറഞ്ഞത് നിരക്കുകൾ കുറച്ച് വികസനത്തെ സഹായിക്കണം എന്നതിനുള്ള മറുപടിയായി കാണാം.
കാലാവധി നീട്ടിയില്ലെങ്കിൽ ഇത് ശക്തികാന്ത ദാസ് എന്ന മിടുക്കനായ ഗവർണർ നൽകുന്ന അവസാനത്തെ സാമ്പത്തിക അവലോകന പ്രഖ്യാപനമാകും. വിലക്കയറ്റവും വികസനവും എങ്ങനെ സമതുലിതമായി കൊണ്ടുപോകാൻ കഴിയും എന്ന് ഒരിക്കൽ കൂടെ നമ്മെ കാണിച്ചു തന്ന പ്രഖ്യാപനങ്ങളാണ് ഇന്നത്തേത്. കേന്ദ്ര ബാങ്ക് ഗവർണർ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തം എന്തെന്ന് പൂർണമായും തനിക്കറിയാം എന്നും അദ്ദേഹം ആവർത്തിച്ചു പറയുകയാണ്.
രാജ്യത്തിന്റെ സാമ്പത്തിക തീരുമാനങ്ങൾ താത്കാലിക താല്പര്യങ്ങളെയും വിഷയങ്ങളെയും മാത്രം കണ്ടു കൊണ്ട് എടുക്കേണ്ടതല്ല. ഇന്ത്യയുടെ ഭാവിയിൽ ഒരിക്കലും ശുഭ പ്രതീക്ഷ കൈവിടേണ്ടതില്ല എന്ന സുഭാഷ് ചന്ദ്ര ബോസിന്റെ വാക്കുകളും ക്ഷമയോടെ കാത്തിരിക്കുകിൽ അസാധ്യമായി ഒന്നുമില്ല എന്ന മഹാത്‌മാജിയുടെ വാക്കുകളും ഗവർണർ ഓർത്തു പറഞ്ഞത് തീർച്ചയായും അതിനാലാണ്.
ലേഖകൻ കെ എ ബാബു ബാങ്കിങ് & ഫിനാൻഷ്യൽ വിദഗ്ദ്ധനാണ്.