6 മാസത്തിനിടെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,000 കോടി രൂപയുടെ വായ്പകൾ; മുന്നിൽ എസ്ബിഐ

Mail This Article
നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യ ആറുമാസത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,035 കോടി രൂപയുടെ വായ്പകൾ. കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 8,312 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയ എസ്ബിഐയാണ് മുന്നിൽ.
പഞ്ചാബ് നാഷണൽ ബാങ്ക് 8,061 കോടി രൂപയുടെയും യൂണിയൻ ബാങ്ക് 6,344 കോടി രൂപയുടെയും ബാങ്ക് ഓഫ് ബറോഡ 5,925 കോടി രൂപയുടെയും വായ്പകൾ എഴുതിത്തള്ളി. കഴിഞ്ഞ 6 മാസത്തിനിടെ 37,253 കോടി രൂപയുടെ കിട്ടാക്കടം (എൻപിഎ) തിരിച്ചുപിടിച്ചിട്ടുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ആകെ 1.14 ലക്ഷം കോടി രൂപയുടെ വായ്പകൾ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയിരുന്നു; തൊട്ടുമുമ്പത്തെ വർഷം 1.18 ലക്ഷം കോടി രൂപയും.
ഇനി വായ്പ തിരിച്ചടയ്ക്കേണ്ടേ?
ബാങ്കുകൾ വായ്പ എഴുതിത്തള്ളി (loan write off) എന്നതിന് അർഥം ഇടപാടുകാരൻ ഇനി അത് തിരിച്ചടയ്ക്കേണ്ട എന്നല്ല. വായ്പ എടുത്തയാൾ പലിശ സഹിതം വായ്പ പൂർണമായും തിരിച്ചടയ്ക്കുക തന്നെ വേണം. അല്ലാത്തപക്ഷം ബാങ്ക് നിയമപരമായ റിക്കവറി നടപടികൾ സ്വീകരിക്കും.

തിരിച്ചടവ് മുടങ്ങി കിട്ടാക്കടമാകുകയും (എൻപിഎ) ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പാകുകയും ചെയ്ത വായ്പകൾ ബാലൻസ്ഷീറ്റിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതിനെയാണ് ലോൺ റൈറ്റ് ഓഫ് അഥവാ വായ്പ എഴുതിത്തള്ളി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബാങ്കിന്റെ ബാലൻസ്ഷീറ്റ് മെച്ചപ്പെട്ടതാക്കാനാണിത് ചെയ്യുന്നത്. എഴുതിത്തള്ളുന്നതിന് തുല്യമായ തുക ബാങ്ക് സ്വന്തം ലാഭത്തിൽ നിന്ന് വകയിരുത്തുകയും ചെയ്യും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business