നവംബറിലെ പണപ്പെരുപ്പത്തിൽ നേരിയ ആശ്വാസം; കേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം, റിസർവ് ബാങ്ക് പലിശ കുറച്ചേക്കും
Mail This Article
പച്ചക്കറികളുടെ വില അൽപം താഴേക്കിറങ്ങിയതോടെ കഴിഞ്ഞമാസം ചില്ലറ വിലക്കയറ്റതോതിൽ (CPI Inflation/Retail Inflation) നേരിയ ആശ്വാസം. ഉള്ളിക്കും തക്കാളിക്കും സവാളയ്ക്കും വില കത്തിക്കയറിയ ഒക്ടോബറിൽ റീട്ടെയ്ൽ പണപ്പെരുപ്പം 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിലെത്തിയിരുന്നു. നവംബറിൽ ഇത് 5.48 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യവിലപ്പെരുപ്പവും (Food Inflation) ഒക്ടോബറിലെ 10.87 ശതമാനത്തിൽ നിന്ന് 9.04 ശതമാനമായി കുറഞ്ഞു. ഇതോടെ, ഫെബ്രുവരിയിലെ പണനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് (RBI) പലിശഭാരം കുറയ്ക്കാൻ സാധ്യത ഉയർന്നു.
ഭക്ഷ്യോൽപന്നങ്ങളിൽ പച്ചക്കറികളുടെ വിലക്കയറ്റത്തോത് (Vegetable Prices) ഒക്ടോബറിലെ 42.18 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം 29.33 ശതമാനമായി കുറഞ്ഞത് റീട്ടെയ്ൽ പണപ്പെരുപ്പം കുറയാൻ സഹായകമായി. പയർവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ വിലനിലവാരം കുറഞ്ഞതും നവംബറിൽ ഗുണം ചെയ്തു. ഗ്രാമീണമേഖലകളിലെ പണപ്പെരുപ്പം (Rural Inflation) ഒക്ടോബറിലെ 6.68ൽ നിന്ന് 5.95 ശതമാനത്തിലേക്കും നഗരങ്ങളിലേത് (Urban Inflation) 5.62ൽ നിന്ന് 4.83 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമായി. അതേസമയം, ഭക്ഷ്യവിലപ്പെരുപ്പം ഗ്രാമങ്ങളിൽ 9.10 ശതമാനവും നഗരങ്ങളിൽ 8.74 ശതമാനവുമാണ്.
കുറയുമോ ബാങ്ക് വായ്പകളുടെ പലിശഭാരം?
റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്ക് ഗവർണർ അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (MPC) മുഖ്യ ദൗത്യം. എന്നാലും, പണപ്പെരുപ്പം 2 ശതമാനം വരെ താഴ്ന്നാലും 6 ശതമാനം വരെ ഉയർന്നാലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം പിടിവിട്ടുയർന്നതിനാൽ കഴിഞ്ഞ 11 യോഗങ്ങളിലും എംപിസി പലിശഭാരം കുറയ്ക്കാൻ തയാറായിരുന്നില്ല.
ഭക്ഷ്യവിലപ്പെരുപ്പം വൻതോതിൽ ഉയർന്നുനിൽക്കുന്നതാണ് റിസർവ് ബാങ്കിനെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞമാസം പണപ്പെരുപ്പം കുറഞ്ഞെങ്കിലും തുടർച്ചയായ മൂന്നാംമാസമാണ് 5 ശതമാനത്തിന് മുകളിൽ തുടരുന്നത്. ജൂലൈയിൽ 3.60%, ഓഗസ്റ്റിൽ 3.65%, സെപ്റ്റംബറിൽ 5.49% എന്നിങ്ങനെയായിരുന്നു ഇത്. റാബി വിളവെടുപ്പ് നടക്കുന്നതോടെ പണപ്പെരുപ്പം കുറയുമെന്നാണ് കഴിഞ്ഞ എംപിസി യോഗശേഷം ഗവർണർ ശക്തികാന്ത ദാസ് (Shaktikanta Das) അഭിപ്രായപ്പെട്ടത്. നിലവിൽ, പണപ്പെരുപ്പം, താഴേക്ക് നീങ്ങുന്നത്, റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റ സഞ്ജയ് മൽഹോത്രയ്ക്ക് (Sanjay Malhotra) ആശ്വാസം പകരും.
‘കേന്ദ്രസർക്കാരിന്റെ വിശ്വസ്തൻ’ എന്ന പട്ടവുമായാണ് റിസർവ് ബാങ്കിന്റെ തലപ്പത്തേക്ക് മൽഹോത്രയുടെയും വരവ്. മാത്രമല്ല, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ എന്നിവരടക്കം കേന്ദ്രമന്ത്രിമാർ പോലും പലിശ കുറയ്ക്കണമെന്ന സമ്മർദം ചെലുത്തുന്നുണ്ടെന്നിരിക്കേ, ഫെബ്രുവരിയിൽ പലിശനിരക്ക് കുറഞ്ഞേക്കാമെന്ന് നിരീക്ഷകർ പറയുന്നു. പലിശനിരക്ക് (റിപ്പോനിരക്ക്) കുറഞ്ഞാൽ ബാങ്ക് വായ്പകളുടെ പലിശയും ഇഎംഐ ബാധ്യതയും കുറയും.
കേരളത്തിൽ ശമനമില്ല!
ഒക്ടോബറിനെ അപേക്ഷിച്ച് നേരിയ ഇറക്കം മാത്രമാണ് കഴിഞ്ഞമാസം കേരളത്തിലെ റീട്ടെയ്ൽ പണപ്പെരുത്തിലുണ്ടായത്; 6.47 ശതമാനത്തിൽ നിന്ന് 6.32 ശതമാനമായി താഴ്ന്നു. ഗ്രാമങ്ങളിലെ പണപ്പെരുപ്പം 6.98 ശതമാനത്തിൽ നിന്ന് 7.05 ശതമാനമായി കൂടിയത് വൻ തിരിച്ചടിയായി. നഗരങ്ങളിലേത് 5.37ൽ നിന്ന് 5.02 ശതമാനത്തിലേക്ക് താഴ്ന്നത് ആശ്വാസമാണ്.
പണപ്പെരുപ്പത്തോതിൽ ഒക്ടോബറിൽ ദക്ഷിണേന്ത്യയിൽ നമ്പർ വൺ ആയിരുന്ന കേരളം നവംബറിലും അതു നിലനിർത്തി. തെലങ്കാനയിൽ 4.24%, തമിഴ്നാട്ടിൽ 5%, ആന്ധ്രയിൽ 5.02%, കർണാടകയിൽ 5.07% എന്നിങ്ങനെയാണ് കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പം.
ദേശീയതലത്തിൽ കേരളം ടോപ് 5ലും ഇടംപിടിച്ചു. 8.39 ശതമാനവുമായി ചണ്ഡീഗഡ് ആണ് വിലക്കയറ്റത്തോതിൽ ഒന്നാമത്. ബിഹാർ 7.55 ശതമാനവുമായി രണ്ടാമതുണ്ട്. ഒഡീഷ (6.78%), ഉത്തർപ്രദേശ് (6.56%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഒക്ടോബറിൽ കേരളത്തേക്കാളും മുന്നിലായിരുന്ന ഹരിയാന, മധ്യപ്രദേശ് എന്നിവയ്ക്ക് കഴിഞ്ഞമാസം വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business