വീണ്ടും റെക്കോർഡ് താഴ്ചയിൽ ഇന്ത്യൻ റുപ്പി; രക്ഷയ്ക്കെത്തി റിസർവ് ബാങ്ക്, പ്രവാസികൾക്ക് വൻ നേട്ടം
Mail This Article
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇന്ന് നഷ്ടത്തോടെ 84.82ൽ വ്യാപാരം ആരംഭിച്ച രൂപ, ഒരുവേള ചരിത്രത്തിലെ ഏറ്റവും താഴ്ചയായ 84.88 വരെ എത്തി. നിലവിൽ മൂല്യം 84.85. പൊതുമേഖലാ എണ്ണവിതരണക്കമ്പനികളിൽ നിന്ന് ഡോളറിന് വൻതോതിൽ ഡിമാൻഡ് ഉണ്ടായതും ആഗോളതലത്തിൽ പ്രമുഖ കറൻസികൾക്കെതിരെ ഡോളർ ശക്തമായി തുടരുന്നതും രൂപയെ തളർത്തി. മാത്രമല്ല, സ്വന്തം കറൻസിയായ യുവാന്റെ മൂല്യം കുറയുന്നതിന് ചൈന തന്നെ ‘പ്രോത്സാഹനം’ നൽകുന്നതും രൂപ ഉൾപ്പെടെ ഏഷ്യൻ കറൻസികളെ വീഴ്ത്തുകയായിരുന്നു.
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരത്തിലേറുമ്പോൾ ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. ഇതുവഴിയുണ്ടായേക്കാവുന്ന വരുമാനത്തിരിച്ചടി തരണം ചെയ്യാനാണ് യുവാനെ തളർത്താൻ ചൈന തന്നെ മുൻകൈ എടുക്കുന്നത്.
രക്ഷാദൗത്യവുമായി റിസർവ് ബാങ്ക്
ഡോളറിനെതിരെ രൂപയുടെ മൂല്യം വലിയതോതിൽ ഇടിയുന്നതിന് തടയിടാൻ റിസർവ് ബാങ്ക് സമയോചിത ഇടപെടലുമായി രംഗത്തെത്തി. വിദേശനാണയ ശേഖരത്തിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ വഴി വൻതോതിൽ ഡോളർ വിറ്റഴിച്ചായിരുന്നു അത്. ഈ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ രൂപ കൂടുതൽ തളരുമായിരുന്നു. നോൺ-ഡെലിവറബിൾ ഫോർവേർഡ്സ് (എൻഡിഎഫ്) വിപണിയില്‍ ഡോളറിന് വൻതോതിൽ ഡിമാൻഡ് ഉണ്ടായത് ഇന്ന് രൂപയ്ക്ക് കനത്ത സമ്മർദ്ദമായിരുന്നു. എണ്ണക്കമ്പനികളായിരുന്നു ഡോളർ വാങ്ങിക്കൂട്ടാൻ തിക്കിത്തിരക്കിയത്. രൂപ, ഡോളർ എന്നിവയുടെ നിശ്ചിത കാലത്തിന് ശേഷമുള്ള മൂല്യം മുൻകൂട്ടി നിശ്ചയിച്ച് രണ്ടുപാർട്ടികൾ തമ്മിൽ നടത്തുന്ന ഇടപാടാണ് എൻഡിഎഫ്. ഭാവിയിൽ കറൻസിയുടെ മൂല്യം വൻതോതിൽ ഇടിയുന്നതിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന സൗകര്യമാണിത്.
പ്രവാസികൾക്ക് കോളടിച്ചു
ഡോളറിനെതിരെയും യുഎഇ ദിർഹം, സൗദി റിയാൽ എന്നിവ ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം താഴ്ന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്കാണ് കോളടിച്ചത്. ഏതാനും മാസംമുമ്പുവരെ ഒരു ഡോളർ നാട്ടിലേക്ക് അയച്ചാൽ 83 രൂപയോളമാണ് കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ 84.85 രൂപ കിട്ടും. നേരത്തേ ഒരു യുഎഇ ദിർഹം നാട്ടിലേക്ക് അയച്ചാൽ 22 രൂപയോളമാണ് കിട്ടിയിരുന്നെങ്കിൽ ഇന്നത് 23.12 രൂപയെന്ന റെക്കോർഡാണ്. യുഎഇ ദിർഹം, സൗദി റിയാൽ തുടങ്ങിയ ഗൾഫ് കറൻസികളുടെ അടിസ്ഥാനം യുഎസ് ഡോളർ തന്നെയാണെന്നതിനാൽ, ഡോളർ കുതിക്കുമ്പോൾ ഈ കറൻസികളുടെ മൂല്യവും ആനുപാതികമായി ഉയരും.
കയറ്റുമതിക്കാർക്കും നേട്ടം
രൂപയുടെ വീഴ്ച ഇന്ത്യക്ക് ഒരേസമയം നേട്ടവും കോട്ടവുമാണ്. രൂപ ദുർബലമാകുന്നതോടെ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് കൂടുതൽ പണം കണ്ടെത്തേണ്ടി വരും. ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ ഇറക്കുമതിച്ചെലവേറും. ഇത് ഇവയുടെ ആഭ്യന്തര വില വർധിക്കാനിടയാക്കും. പണപ്പെരുപ്പം കൂടും. ഇറക്കുമതിച്ചെലവ് ഉയരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി (ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം), കറന്റ് അക്കൗണ്ട് കമ്മി (വിദേശനാണയ വരുമാനവും ചെലവും തമ്മിലെ അന്തരം) എന്നിവയും കൂടാനിടയാക്കും. ഇത് സർക്കാരിനും റിസർവ് ബാങ്കിനും സമ്മർദ്ദമാകും. സർക്കാർ ഇറക്കുമതി നിയന്ത്രണങ്ങളിലേക്ക് കടന്നേക്കാം.
മറ്റൊന്ന് വിദേശയാത്ര, വിദേശപഠനം എന്നിവയ്ക്ക് കൂടുതൽ പണം കണ്ടെത്തേണ്ടിവരുമെന്നതാണ്. ഇത് വിദേശത്ത് പഠിക്കുന്നവർക്കും വിദേശയാത്ര തീരുമാനിച്ചവർക്കും തിരിച്ചടിയാണ്. അതേസമയം, കയറ്റുമതി രംഗത്തുള്ളവർക്ക് രൂപയുടെ വീഴ്ച നേട്ടമാകും. കയറ്റുമതിയിലൂടെ കൂടുതൽ വരുമാനം നേടാമെന്നതാണ് നേട്ടം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business