നവംബറിൽ 5.48 ശതമാനം, വിലക്കയറ്റത്തോതിൽ അൽപം ആശ്വാസം; പലിശ കുറക്കുമോ റിസർവ് ബാങ്ക്

Mail This Article
ന്യൂഡൽഹി∙ നവംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോതിൽ ആശ്വാസം. ഒക്ടോബറിൽ 6.21 ശതമാനമായിരുന്നത് നവംബറിൽ 5.48 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവിലയിലെ കുറവാണ് നിരക്കിൽ പ്രധാനമായും പ്രതിഫലിച്ചത്. ആർബിഐയുടെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ് നവംബറിലെ നിരക്ക്.
ഇതേ രീതിയിൽ വരും മാസങ്ങളിലും നിരക്ക് കുറഞ്ഞാൽ ഫെബ്രുവരിയിൽ പുതിയ റിസർവ് ബാങ്ക് ഗവർണർക്ക് കീഴിൽ പലിശയിളവിനു വഴിതുറന്നേക്കാം. പച്ചക്കറി, പയറുവർഗങ്ങൾ, പലഹാരങ്ങൾ, പഴങ്ങൾ, മുട്ട, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ വിലയിൽ കുറവുണ്ടായി.
വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവ് പ്രതീക്ഷിക്കാനാവൂ എന്നാണ് മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നത്.

കേരളത്തിലും കുറഞ്ഞു;വിലക്കയറ്റം 6.32%
കേരളത്തിലെ വിലക്കയറ്റത്തോത് ഒക്ടോബറിൽ 6.47 ശതമാനമായിരുന്നത് 6.32 ശതമാനമായി കുറഞ്ഞു. നഗരമേഖലകളിലെ വിലക്കയറ്റം 5.02%, ഗ്രാമങ്ങളിലേത് 7.05%.