സംസ്ഥാന സർക്കാർ നാളെ 1,255 കോടി രൂപ കടമെടുക്കും, ജനങ്ങൾക്കും ‘സഹായിക്കാം’, പലിശ വാഗ്ദാനം ഇങ്ങനെ

Mail This Article
കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ സംയോജിതമായി നാളെ 20,325 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1,255 കോടി രൂപയുടെ വായ്പയാണ് കേരളമെടുക്കുന്നത്. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കിയാണിത്. ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനും മികച്ച പലിശ വരുമാനം നേടാനും വ്യക്തികൾക്കും അവസരമുണ്ട്.
അരുണാചൽ പ്രദേശ് 395 കോടി രൂപ, ബിഹാർ 2,000 കോടി രൂപ, ഹിമാചൽ പ്രദേശ് 500 കോടി രൂപ, ജമ്മു കശ്മീർ 400 കോടി രൂപ, കർണാടക 4,000 കോടി രൂപ, മേഘാലയ 635 കോടി രൂപ, മിസോറം 140 കോടി രൂപ എന്നിങ്ങനെ നാളെ കടമെടുക്കുന്നുണ്ട്. 3,000 കോടി രൂപയാണ് രാജസ്ഥാന്റെ ലക്ഷ്യം. തമിഴ്നാട് 2,000 കോടി രൂപയുടെയും തെലങ്കാന 1,500 കോടി രൂപയുടെയും കടപ്പത്രങ്ങളിറക്കും. ഉത്തർപ്രദേശ് 3,000 കോടി രൂപ, ബംഗാൾ 1,500 കോടി രൂപ എന്നിങ്ങനെയാണ് കടമെടുപ്പ്. 4 മുതൽ 25 വർഷം വരെ കാലാവധിയുള്ള കടപ്പത്രങ്ങളാണ് ഈ സംസ്ഥാനങ്ങൾ നാളെ പുറത്തിറക്കുക.
നിങ്ങൾക്കും നിക്ഷേപിക്കാം
ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, വികസന പദ്ധതികൾക്ക് പണം ഉറപ്പാക്കൽ തുടങ്ങിയവ ആവശ്യങ്ങൾക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്. ഇതിനുള്ള വഴിയാണ് സ്റ്റേറ്റ് ഡെവലപ്മെന്റ് ലോൺ (എസ്ഡിഎൽ). റിസർവ് ബാങ്കാണ് സംസ്ഥാന സർക്കാരുകളുടെ കടപ്പത്രങ്ങൾ ഇറക്കിയുള്ള ഈ കടമെടുപ്പിന് മേൽനോട്ടം വഹിക്കുന്നത്.

ഓരോ സംസ്ഥാനത്തിനും അവയ്ക്ക് അനുവദനീയമായ പരിധിപ്രകാരം കടമെടുക്കാം. കേരളത്തിന്റെ നാളത്തെ 1,255 കോടി രൂപയുടെ കടമെടുപ്പും ഈ പരിധിക്ക് അനുസൃതമാണ്. മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, പ്രൊവിഡന്റ് ഫണ്ടുകൾ, വാണിജ്യ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയാണ് ഈ കടപ്പത്രങ്ങൾ വാങ്ങാറുള്ളത്. വ്യക്തികൾക്കും റിസർവ് ബാങ്കിന്റെ ആർബിഐ റീട്ടെയ്ൽ ഡയറക്ട് പ്ലാറ്റ്ഫോം വഴിയോ സീറോദ (Zerodha) പോലുള്ള ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ വഴിയോ ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാം.
എങ്ങനെ നിക്ഷേപിക്കാം? എന്താണ് നേട്ടം?
സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കും പങ്കാളിയാകാമെന്ന ഉദ്ദേശ്യത്തോടെയാണ്, ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നത്. കേരളം നാളെ പുറത്തിറക്കുന്ന കടപ്പത്രങ്ങളിൽ മിനിമം 10,500 രൂപയുടെയും തുടർന്ന് അതിന്റെ ഗുണിതങ്ങളുടെയും നിക്ഷേപം ട്രേഡിങ് പ്ലാറ്റ്ഫോമുകൾ വഴി നടത്താം. 7.1 ശതമാനമാണ് പലിശ വാഗ്ദാനം. 2042 ഡിസംബർ 16 ആണ് മെച്യൂരിറ്റി തീയതി. പലിശ നൽകുക സംസ്ഥാന സർക്കാരാണെങ്കിലും അത് നിശ്ചയിക്കുന്നത് റിസർവ് ബാങ്കാണ്. മെച്യൂരിറ്റി കാലാവധി വരെ അർധ വാർഷികമായാണ് (ജൂൺ 18നും ഡിസംബർ 18നും) പലിശ ലഭിക്കുക.

ഓഹരി, മ്യൂച്വൽഫണ്ട്, ബാങ്ക് എഫ്ഡി തുടങ്ങിയവയ്ക്ക് സമാനമായ നിക്ഷേപ മാർഗമായി എസ്ഡിഎല്ലിനെയും പരിഗണിക്കാനാകും. അതേസമയം ഓഹരി, കടപ്പത്രം എന്നിവ റിസ്കുകൾക്ക് വിധേയമാണെങ്കിൽ എസ്ഡിഎല്ലിന് റിസ്ക് ഇല്ലെന്നതും റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലാണെന്നതും നിക്ഷേപകർക്ക് ഗുണകരമാണ്.
കടം വാരിക്കൂട്ടുന്ന കേരളം
നടപ്പു സാമ്പത്തിക വർഷം (2024-25) ആകെ 37,512 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എങ്കിലും, കിഫ്ബിയും പെൻഷൻ ഫണ്ട് കമ്പനിയുമെടുത്ത വായ്പ സർക്കാരിന്റെ തന്നെ കടമെടുപ്പായി കണക്കാക്കി ഇതിൽ നിന്ന് കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. അതോടെ, നടപ്പുവർഷം എടുക്കാവുന്ന കടം 28,512 കോടി രൂപയായി കുറഞ്ഞു. എന്നാൽ, ഓണക്കാലത്തെ സാമ്പത്തികഞെരുക്കം കണക്കിലെടുത്ത് കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത് അംഗീകരിച്ച കേന്ദ്രം, അധികമായി 4,200 കോടി രൂപയെടുക്കാൻ അനുവദിച്ചിരുന്നു. അതോടെ, ആകെ എടുക്കാവുന്ന കടം 32,712 കോടി രൂപയായി.

ഇപ്പോൾ 1,255 കോടി രൂപ കൂടി എടുക്കുന്നതോടെ ഈ വർഷത്തെ കടമെടുപ്പ് 32,002 കോടി രൂപയാകും. അതായത്, ശേഷിക്കുക വെറും 710 കോടി രൂപ. ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും. അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം. ജനുവരി മുതൽ മാർച്ചുവരെ ഇനി മൂന്നുമാസം കൂടി മുന്നിലുണ്ടെന്നിരിക്കേയും കടമെടുക്കാൻ ശേഷിക്കുന്നത് 710 കോടി രൂപ മാത്രമായതിനാലും സംസ്ഥാന സർക്കാരിന്റെ ഇനിയുള്ള നീക്കങ്ങൾ എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ഏവരും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business