വാഹന വിൽപന, പ്രവാസി നിക്ഷേപം, ജിഡിപി... സമ്പദ് വ്യവസ്ഥയ്ക്ക് 2025ൽ സ്വപ്നങ്ങൾ ഒട്ടേറെ; പ്രതീക്ഷാനിർഭരം പുതുവർഷം

Mail This Article
കൊച്ചി∙ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതു ശുഭപ്രതീക്ഷകളുടെ പുതുവർഷം. വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഡിമാൻഡിൽ സാരമായ വർധനയ്ക്കു സാധ്യത സൂചിപ്പിക്കുന്ന കണക്കുകളാണു പ്രതീക്ഷകൾക്ക് അടിസ്ഥാനം.‘ഹൈ ഫ്രീക്വൻസി ഡേറ്റ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കണക്കുകൾക്കു പുറമേ സാമ്പത്തിക വളർച്ച, പണപ്പെരുപ്പം തുടങ്ങിയവയുമായി ബന്ധപ്പെട്ട സൂചികകളിലും പ്രതീക്ഷയുണ്ട്. ഓഹരി വിപണി പ്രസരിപ്പു വീണ്ടെടുക്കുമെന്നും ഉപഭോഗ വർധന വ്യവസായോൽപാദനം ഉയർത്തുമെന്നും അനുമാനിക്കുന്നു. വിദേശ നിക്ഷേപത്തിലെ വർധനയും പ്രതീക്ഷകളിൽ ഉൾപ്പെടുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ –സെപ്റ്റംബർ കാലയളവിൽ സാമ്പത്തിക വളർച്ചയ്ക്കു നേരിട്ട തളർച്ച വിട്ടുമാറാൻ ഉത്സവകാലത്തു വിവിധ മേഖലകളിലുണ്ടായ ഉണർവും ഗ്രാമീണ ഉപഭോഗത്തിലെ വർധനയും സഹായകമായി എന്നാണു രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോർട്ട്.
ചരക്കു ഗതാഗതത്തിന്റെ അളവ്, വൈദ്യുതി ഉപഭോഗം, ഇ – വേ ബില്ലുകളുടെ എണ്ണം, ബാങ്ക് ഇടപാടുകളുടെ തോത്, പൊതു ഗതാഗത സൗകര്യം, ഇന്ധന വിൽപന, വ്യാപാരശാലകളിൽ എത്തുന്നവരുടെ സംഖ്യ എന്നിവയിലൊക്കെ അനുഭവപ്പെടുന്ന വർധനയുടെ കണക്കുകളെയാണു വിപണി ഗവേഷകർ ‘ഹൈ ഫ്രീക്വൻസി ഡേറ്റ’എന്നു വിശേഷിപ്പിക്കുന്നത്. ഇവയിലെല്ലാം വർധനയുടെ ലക്ഷണങ്ങളാണു കാണുന്നത്.

വൈദ്യുതി,ഇന്ധന ഉപഭോഗം
ഇ– വേ ബില്ലുകളുടെ എണ്ണത്തിൽ വാർഷികാടിസ്‌ഥാനത്തിലെ വളർച്ച 16.3ശതമാനമാണ്. ടോൾ പ്ലാസകളിൽ നിന്നുള്ള പിരിവിലെ വർധന 10ശതമാനത്തിനു മുകളിലെത്തി. കൃഷി, വ്യവസായ മേഖലകളിൽ നിന്നുണ്ടായ വർധിത ഡിമാൻഡ് മൂലം വൈദ്യുതി ഉപയോഗത്തിലെ വർധന 10 ശതമാനമാണ്. ഇന്ധന ഉപയോഗത്തിൽ ഇന്ത്യ ചൈനയെ കടത്തിവെട്ടി ഒന്നാം സ്‌ഥാനത്തേക്കു കുതിക്കുന്നു.
ഇ – കൊമേഴ്സ്, ക്വിക് കൊമേഴ്സ്
മാളുകളിലേക്ക് ഒഴുകിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. ഇ – കൊമേഴ്സ്, ക്വിക് കൊമേഴ്സ് രംഗങ്ങൾ അദ്ഭുതാവഹമായ വളർച്ചയാണു കൈവരിക്കുന്നത്. ബാങ്കുകൾ ഇഷ്യു ചെയ്തിട്ടുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 10.72 കോടിയായി. ഒരു വർഷം മുൻപ് എണ്ണം 9.6കോടി മാത്രമായിരുന്നു. എസ്ബിഐ കാർഡ്സ് 2,31,058ക്രെഡിറ്റ് കാർഡുകളാണു പുതുതായി ഇഷ്യു ചെയ്‌തത്. എച്ച്ഡിഎഫ്സി ബാങ്ക് 1,87,118 കാർഡുകൾ കൂടി ഇഷ്യു ചെയ്തു.
വാഹന വിൽപന
വാഹന വിൽപന ഈ വർഷം മെച്ചപ്പെട്ട നിലയിലായിരിക്കും എന്നാണു നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. കാർ വിൽപനയിൽ 5% വർധന പ്രതീക്ഷിക്കുന്നു. ഇരുചക്ര വാഹന വിൽപനയിൽ 8–10 ശതമാനവും ട്രാക്ടർ വിൽപനയിൽ 2–4 ശതമാനവുമാണു പ്രതീക്ഷിക്കുന്ന വർധന. വാണിജ്യ വാഹന വിൽപനയും ഉയരാനാണു സാധ്യത.

കിട്ടാക്കടം
ബാങ്കുകൾ, ഭവന വായ്പ ഏജൻസികൾ, സ്വർണപ്പണയ രംഗത്തു പ്രവർത്തിക്കുന്ന കമ്പനികൾ തുടങ്ങിയവയിൽനിന്നുള്ള കണക്കുകളിൽ കിട്ടാക്കടത്തിന്റെ അളവു കുറയുന്നതായി കാണുന്നുണ്ട്. ഈ പ്രവണത ഈ വർഷവും തുടർന്നേക്കും.
എൻആർഐ നിക്ഷേപം
ഇക്കഴിഞ്ഞ ഏപ്രിൽ –ഒക്ടോബർ കാലയളവിൽ എൻആർഐ നിക്ഷേപമായി രാജ്യത്തേക്ക് എത്തിയത് 1,01,065 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിലേതിന്റെ ഇരട്ടിയോളമാണിത്. പണമടവിന്റെ കണക്കുകൾ ഈ വർഷം കൂടുതൽ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

ജിഡിപി, നികുതി വരുമാനം
ആഭ്യന്തര മൊത്ത ഉപഭോഗം (ജിഡിപി) ഈ വർഷം 6.5% ആയിരിക്കുമെന്നു കണക്കാക്കുന്നു. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.3 ശതമാനത്തിലൊതുങ്ങും. ധന കമ്മിയുടെ ലക്ഷ്യം ജിഡിപിയുടെ 4.4 ശതമാനമായി ബജറ്റിൽ നിശ്‌ചയിക്കാനാണു സാധ്യത. പ്രത്യക്ഷ നികുതി വരുമാനത്തിൽ 16 – 20% വരെ വർധന പ്രതീക്ഷിക്കുന്നു.

രൂപയുടെ മൂല്യം
വിദേശനാണ്യ ശേഖരം തൃപ്തികരമായ നിലയിൽത്തന്നെ തുടരുമെന്നു വിശ്വസിക്കാം. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 90.00 വരെ എത്തിയേക്കാം എന്നു കരുതുന്നവർ ഏറെ. എന്നാൽ ആ നിലവാരത്തിലേക്കു വില ഇടിയില്ലെന്ന പക്ഷക്കാരും കുറവല്ല.
പണപ്പെരുപ്പ നിരക്ക്
പണപ്പെരുപ്പത്തിന്റെ തോതു നാലു ശതമാനത്തിൽ ഒതുങ്ങിയേക്കാം. ഭക്ഷ്യോൽപന്ന വിലക്കയറ്റമാകട്ടെ 4.6ശതമാനത്തിലൊതുങ്ങാം.
വായ്പ നിരക്കുകൾ
വായ്പ നിരക്കുകളുടെ പടിയിറക്കത്തിന് ഈ വർഷം തുടക്കമായേക്കുമെന്നു കരുതുന്നു. പണപ്പെരുപ്പ നിയന്ത്രണത്തിനല്ല സാമ്പത്തിക വളർച്ചയ്ക്കാണ് ആർബിഐ മുൻഗണന നൽകേണ്ടതെന്ന അഭിപ്രായത്തിനു സ്വീകാര്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ അടുത്ത മാസം തന്നെ 0.25%ഇളവിനു സാധ്യതയുണ്ട്. ഈ വർഷം പ്രതീക്ഷിക്കുന്ന ആകെ ഇളവ് 0.5ശതമാനമാണ്.
ഓഹരി വിപണി
റെക്കോർഡ് തിരുത്തി മുന്നേറാനാകും എന്നാണ് ഓഹരി വിപണിയുടെ പുതുവർഷ പ്രതീക്ഷ. സെൻസെക്സിന് 93,000 പോയിന്റ് വരെയും നിഫ്റ്റിക്ക് 29,000 പോയിന്റ് വരെയും ഉയരാനാകുമെന്ന് ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്‌ഥാപനമായ മോർഗൻ സ്‌റ്റാൻലി പ്രവചിക്കുന്നു. ഡിസംബർ അവസാനത്തോടെ നിഫ്‌റ്റി 27,000 പോയിന്റിൽ എത്തുമെന്നാണു ഗോൾഡ്‌മാൻ സാക്‌സ് റിസർച്ചിന്റെ റിപ്പോർട്ട്. ഓഹരികളുടെ പ്രാഥമിക വിപണിയായി കണക്കാക്കുന്ന ഐപിഒ വിപണിയിലൂടെ ഈ വർഷം നടത്തിയേക്കാവുന്ന മൂലധന സമാഹരണം മുൻവർഷത്തേതിന്റെ ഇരട്ടിയോളമാകാം. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലും വലിയ കുതിപ്പിനുള്ള സാധ്യതയാണു കാണുന്നത്.

ബജറ്റ് പ്രതീക്ഷകൾ
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചേക്കാവുന്ന ഇളവുകളിലാണു പ്രതീക്ഷ വ്യാപകമായിട്ടുള്ളത്. ആദായ നികുതി ഇളവ് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പ്രതീക്ഷകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. വ്യക്തിഗത ആദായ നികുതിക്കുള്ള ഇളവു പരിധി 20 ലക്ഷം രൂപയായി ഉയർത്തണമെന്നാണു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സിഐഐ) ആവശ്യപ്പെട്ടിരിക്കുന്നത്. 15 ലക്ഷം രൂപയുടെ ഇളവിനെങ്കിലും ധന മന്ത്രി തയാറായേക്കാം. കസ്റ്റംസ് തീരുവയുടെ ഘടന പരിഷ്‌കരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതീക്ഷകളും സഫലമായേക്കും.
കോർപറേറ്റ് മേഖല
കമ്പനികളിൽ നിന്നുള്ള വരുമാനക്കണക്കുകൾ മെച്ചപ്പെട്ടതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതിനൊപ്പം ലയനങ്ങളുടെയും ഏറ്റെടുക്കലുകളുടെയും എണ്ണത്തിൽ വർധനയും പ്രതീക്ഷിക്കുന്നുണ്ട്.
വിദേശ നിക്ഷേപം
പല ഉൽപന്നങ്ങൾക്കും ചൈനയെ മാത്രം ആശ്രയിക്കുന്നതിലെ അപകടം ‘ചൈന പ്ലസ്’ എന്ന നയം സ്വീകരിക്കാൻ വിദേശ നിക്ഷേപകർക്കു പ്രേരണയാകുന്നുണ്ട്. അല്ലെങ്കിൽത്തന്നെ ഇന്ത്യ മികച്ച നിക്ഷേപ ലക്ഷ്യമായി മാറിക്കൊണ്ടിരിക്കുകയുമാണ്. പല വ്യവസായങ്ങളുമായും ബന്ധപ്പെട്ട നയങ്ങൾ ഉദാരമാക്കിയതും ജിഎസ്‌ടി നടപ്പാക്കിയതും മറ്റും ബഹുരാഷ്‌ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ സഹായകമാകുന്നുണ്ട്. കടന്നുപോയ വർഷം വിദേശത്തുനിന്നുള്ള പ്രത്യക്ഷ നിക്ഷേപത്തിന്റെ (എഫ്‌ഡിഐ) പ്രതിമാസ ശരാശരി 450 കോടി ഡോളറായിരുന്നു. ഈ വർഷം ഇന്ത്യയിലേക്കുള്ള ഡോളർ പ്രവാഹം ഇതിനെക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണു കണക്കാക്കുന്നത്. ടെലികോം, മീഡിയ,ഫാർമസ്യൂട്ടിക്കൽസ്, ഇൻഷുറൻസ് തുടങ്ങി ഏതാനും മേഖലകളിലേക്കുള്ള വിദേശ നിക്ഷേപത്തിനു മാത്രമേ ഇപ്പോൾ സർക്കാരിന്റെ അനുമതി വേണ്ടൂ.

കൂടുതൽ ബാങ്കുകൾ
ഏതു സമയത്തും ബാങ്ക് ലൈസൻസിനായി അപേക്ഷ സമർപ്പിക്കാമെന്ന വ്യവസ്ഥ നിലവിൽ വന്നുകഴിഞ്ഞതിനാൽ പുതുവർഷത്തിലെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്ന് ഏതാനും പുതിയ യൂണിവേഴ്‌സൽ ബാങ്കുകളുടെ രംഗപ്രവേശമാണ്. ചില സ്‌മോൾ ഫിനാൻസ് ബാങ്കുകൾ തന്നെ ഈ അവസരം പ്രയോജനപ്പെടുത്തിയേക്കും എന്നാണു സൂചന.
പൊതു മേഖലയിലെ ഏതാനും ബാങ്കുകളുടെ ലയനത്തിനും ഈ വർഷം സാധ്യതയുണ്ട്. തകർച്ചയിൽനിന്നു രക്ഷപ്പെട്ട യെസ് ബാങ്കിൽ ഓഹരി പങ്കാളിത്തം നേടാൻ ചില വിദേശ ധനസ്‌ഥാപനങ്ങൾ നടത്തുന്ന ശ്രമങ്ങൾ വിജയിക്കാനും സാധ്യത.
വെല്ലുവിളികളും
പുതുവർഷ പ്രതീക്ഷകൾക്കു കണക്കില്ലെന്നു പറയാം. എന്നാൽ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു വെല്ലുവിളിയായേക്കാവുന്ന ചിലതുമുണ്ടെന്ന കാര്യം അവഗണിക്കാനാകില്ല. ജനുവരി 20നു യുഎസ് പ്രസിഡന്റായി സ്‌ഥാനമേൽക്കുന്ന ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി നയം ഇന്ത്യയെ എത്രമാത്രം ബാധിക്കുമെന്നു നിശ്ചയമില്ല. യുദ്ധമേഖലകളിൽ നിന്നുയരുന്ന പുകപടലങ്ങൾ ഇന്ത്യയെ മാത്രമല്ല ലോകസമ്പദ്‌വ്യവസ്‌ഥയെ ആകെത്തന്നെ ബാധിച്ചേക്കാം. അസംസ്കൃത എണ്ണയുടെ വില ഉയർന്നാൽ അതും സമ്പദ്‌വ്യവസ്‌ഥയെ തളർത്തും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business