രൂപയ്ക്ക് വീണ്ടും റെക്കോർഡ് തകർച്ച; നേട്ടം പ്രവാസികൾക്കും കയറ്റുമതിക്കാർക്കും, രക്ഷയ്ക്കെത്തി റിസർവ് ബാങ്ക്
Mail This Article
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. ഇന്ന് വ്യാപാരം ആരംഭിച്ചതുതന്നെ ഡോളറിനെതിരെ 85.94 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലായിരുന്നു. കൂടുതൽ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഇടപെട്ടതോടെ, രൂപ 85.89ലേക്ക് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തരതലത്തിൽ മറ്റു കറൻസികളെ തരിപ്പണമാക്കിയുള്ള ഡോളറിന്റെ മുന്നേറ്റമാണ് രൂപയെ പ്രധാനമായും തളർത്തുന്നത്. ചൈനീസ് കറൻസിയായ യുവാൻ ഒന്നര വർഷത്തെ താഴ്ചയിലായി. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 109.22 എന്ന ശക്തമായ നിലയിലെത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇത് 100.38 ആയിരുന്നു.
യുഎസിൽ പ്രസിഡന്റ് സ്ഥാനത്തേക്കു തിരിച്ചെത്തുന്ന ട്രംപ്, ആഗോള വ്യാപാരയുദ്ധത്തിന് വഴിതുറന്ന് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയേക്കുമെന്ന വിലയിരുത്തലുകളാണ് ഡോളറിനെ ശക്തമാക്കുന്നത്. ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസിൽ ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര നികുതിനിരക്കുകൾ കുറയ്ക്കുക, ഗവൺമെന്റിന്റെ ചെലവ് കൂട്ടുക തുടങ്ങിയ ട്രംപിന്റെ നയങ്ങൾ യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനെയും (ട്രഷറി ബോണ്ട് യീൽഡ്) പിടിച്ചുയർത്തി.
10-വർഷ ട്രഷറി യീൽഡ് കഴിഞ്ഞ എട്ടരമാസത്തെ ഉയരമായ 4.73 ശതമാനത്തിലെത്തി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ പണനയ യോഗത്തിന്റെ മിനിട്ട്സ് ഇന്നലെ പുറത്തുവന്നിരുന്നു. അടുത്തയോഗത്തിലും അടിസ്ഥാന പലിശനിരക്ക് 0.25% കുറയ്ക്കാൻ ഒട്ടുമിക്ക അംഗങ്ങളും പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജാഗ്രത വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതും ഡോളറിനും ബോണ്ടിനും കരുത്താവുകയാണ്.
എന്താണ് രൂപയെ തളർത്തുന്നത്?
ഡോളർ മുന്നേറുന്നതിനാൽ, ഡോളർ അധിഷ്ഠിത നിക്ഷേപങ്ങൾക്ക് പ്രിയമേറുകയുമാണ്. യുഎസിൽ കടപ്പത്രങ്ങൾ മികച്ച നേട്ടം നൽകുന്നുവെന്നത് ഇന്ത്യൻ ഓഹരി വിപണികളിൽ നിന്നടക്കം വിദേശ നിക്ഷേപം കൊഴിയാനും ഇടയാക്കുന്നു. ഉയർന്ന നേട്ടം ഉന്നമിട്ട് വിദേശ നിക്ഷേപകർ യുഎസ് കടപ്പത്രങ്ങളിലേക്ക് കൂടുമാറ്റം തുടങ്ങി.
ഈമാസം ഇതുവരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പിൻവലിച്ചത് 11,500 കോടി രൂപയാണ്. ഓഹരി വിപണിയിലെ വിദേശ നിക്ഷേപക്കൊഴിച്ചിലും പൊതുമേഖലാ എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാരിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും രൂപയ്ക്ക് ക്ഷീണമാകുന്നു.
റിസർവ് ബാങ്കിന്റെ രക്ഷാദൗത്യം
വിദേശനാണയ ശേഖരത്തിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ വഴി വൻതോതിൽ ഡോളർ വിറ്റൊഴിഞ്ഞാണ് രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കം കുറയ്ക്കാൻ റിസർവ് ബാങ്ക് ശ്രമിക്കുന്നത്. ഇതുമൂലം, ഇന്ത്യയുടെ വിദേശനാണയ ശേഖരം കുറയുന്നുമുണ്ട്. കഴിഞ്ഞ 13 ആഴ്ചയിൽ 12ലും ശേഖരം ഇടിഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ അവസാനവാരം 70,489 കോടി ഡോളർ എന്ന റെക്കോർഡ് ഉയരത്തിലായിരുന്ന ശേഖരം ഡിസംബർ 27ന് അവസാനിച്ച ആഴ്ചയിലുള്ളത് 64,027 ഡോളറിൽ.
രൂപ 92ലേക്കോ?
രൂപയുടെ മൂല്യം ഡോളറിനെതിരെ 2025ൽ തന്നെ 90-92ലേക്ക് ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ നയങ്ങൾ, പണപ്പെരുപ്പം, യുഎസ് കേന്ദ്രബാങ്കിന്റെ കർക്കശമായ പലിശനയം എന്നിവ ഡോളറിന് കുതിപ്പാകും. പുറമേ, ഇന്ത്യയിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) കുറച്ചാലും രൂപ തളരും. ഫെബ്രുവരിയിലാണ് റിസർവ് ബാങ്കിന്റെ അടുത്ത പണനയ നിർണയയോഗം. ഇന്ത്യൻ ജിഡിപി വളർച്ചനിരക്ക് തളർച്ചയുടെ ട്രാക്കിലാണെന്നതും പണപ്പെരുപ്പം താരതമ്യേന കുറഞ്ഞുവെന്നതും പലിശ കുറയ്ക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. പുറമേ, കേന്ദ്രസർക്കാരിൽ നിന്നും കനത്ത സമ്മർദ്ദം റിസർവ് ബാങ്കിനുമേലുണ്ട്.
പലിശനിരക്ക് കുറച്ചാൽ, കേന്ദ്രസർക്കാരിന്റെ കടപ്പത്ര ആദായനിരക്കും താഴും. ഫലത്തിൽ അവ അനാകർഷകമാകും. ഇത് വിദേശ നിക്ഷേപകരെ അകറ്റും. ഇത് രൂപയെ കൂടുതൽ ദുർബലമാക്കും.
മാത്രമല്ല, റീപ്പോനിരക്ക് കുറയുമ്പോൾ ബാങ്ക് വായ്പകളുടെ പലിശയും കുറയും. വായ്പാ ഡിമാൻഡും വിതരണവും കൂടുന്നത് വിപണിയിലേക്ക് പണലഭ്യത കൂടാനും പിന്നീടത് പണപ്പെരുപ്പം കൂടാനും വഴിവയ്ക്കും. ഇതും രൂപയ്ക്കാണ് തിരിച്ചടിയാവുക.
രൂപ തളർന്നാലുള്ള നേട്ടവും കോട്ടവും
രൂപ തളരുന്നത് വരുമാനത്തിന്റെ മുഖ്യപങ്കും കയറ്റുമതിയിലൂടെ നേടുന്ന ഐടി, ഫാർമ തുടങ്ങിയ മേഖലകൾക്ക് നേട്ടമാണ്. ഗൾഫ്, യുഎസ് എന്നിവിടങ്ങളിലെ പ്രവാസികൾക്കും രൂപയുടെ തളർച്ച ഗുണം ചെയ്യും. ഡോളറും ദിർഹവും റിയാലുമൊക്കെ നാട്ടിലേക്ക് അയക്കുമ്പോൾ കൂടുതൽ രൂപ മാറിക്കിട്ടുമെന്നതാണ് നേട്ടം.
അതേസമയം ഇറക്കുമതി നടത്തുന്നവർ, വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര നടത്തുന്നവർ എന്നിവർക്ക് രൂപയുടെ വീഴ്ച വൻ തിരിച്ചടിയാകും. ഇറക്കുമതി ചെയ്യുന്ന സ്വർണം, ക്രൂഡ് ഓയിൽ, ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ളവയ്ക്ക് വില കൂടും. ഇറക്കുമതിച്ചെലവ് വർധിക്കുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവയും കൂടാനിടയാക്കും. സ്വർണത്തിനും മറ്റും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്താൻ ഇത് കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചേക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business