ADVERTISEMENT

കൊച്ചി∙ കുതിരവണ്ടികളിലെ യാത്രക്കൂലിയെയും ടേപ് റിക്കോർഡർ, ഡിവിഡി പ്ലെയർ, ടോർച്ച് തുടങ്ങിയ കാലഹരണപ്പെട്ട ഉൽപന്നങ്ങളുടെ വിലകളെയുമൊക്കെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഉപഭോക്തൃ വില സൂചികയിലും സമ്പദ്‌വ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കാത്ത മൊത്ത വില സൂചികയിലും വരുത്തുന്ന മാറ്റങ്ങൾ അടുത്ത വർഷം നിലവിൽവരും.

 ഉൽപന്ന, സേവന​​​​ങ്ങൾക്കു സൂചികകളിലുള്ള പ്രാതിനിധ്യം പരിഷ്കരിക്കുന്നതിനൊപ്പം രണ്ടു സൂചികകളുടെയും അടിസ്ഥാന വർഷം പുതുക്കി നിശ്ചയിക്കുന്നതുമാണ്. അതോടെ വിലക്കയറ്റത്തിന്റെ ഏറെക്കുറെ കൃത്യമായ നിരക്കും അതിനോടു പൊരുത്തപ്പെടുന്ന പലിശ നിരക്കും നിർണയിക്കാനാകും.

ഇന്ത്യയിലെ ആദ്യത്തെ ബുള്ള്യൻ എക്‌സ്‌ചേഞ്ചായ ഇന്ത്യ ഇന്റർനാഷനൽ ബുള്ള്യൻ എക്‌സ്‌ചേഞ്ചിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും. ഗുജറാത്തിലെ ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റിയാണു വേദി (File Photo by SAM PANTHAKY / AFP)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും. (File Photo by SAM PANTHAKY / AFP)

മൊത്ത വില സൂചികയുടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു പകരം ‘പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ്’ (പിപിഐ) എന്ന സൂചിക ആവിഷ്കരിക്കാനും സർക്കാരിന് ഉദ്ദേശ്യമുണ്ട്. മൊത്ത വില സൂചികയ്ക്കു പകരം മിക്ക രാജ്യങ്ങളും രാജ്യാന്തരതലത്തിൽ അംഗീകാരമുള്ള സിസ്റ്റം ഓഫ് നാഷനൽ അക്കൗണ്ട്സ് (എസ്എൻഎ) അനുശാസിക്കുന്ന പിപിഐയെയാണ് ആശ്രയിക്കുന്നത്.

 ഉൽപാദനച്ചെലവിലെ മാറ്റങ്ങൾക്ക് അനുസൃതമായി ഉൽപ്പാദകർക്കു ലഭിക്കുന്ന വിലയിലെ ശരാശരി മാറ്റത്തിന്റെ അളവുകോലാണു പിപിഐ.

മൊത്ത വില സൂചികയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിർണയത്തിന് അടിസ്ഥാനമാക്കുന്ന ഉപഭോക്തൃ വില സൂചികയും സമകാലിക യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതല്ലെന്ന വ്യാപകമായ വിമർശനമാണു പരിഷ്കാര നടപടികൾക്കു കാരണം.

പണപ്പെരുപ്പത്തിന്റെ തോതു നിർണയിക്കുന്നതിൽ സുപ്രധാന പങ്കുള്ള ഉപഭോക്തൃ വില സൂചികയിൽ ഭക്ഷ്യോൽപന്നങ്ങൾക്ക് 54.2% പ്രാതിനിധ്യമുണ്ട്. ഇതിൽ 10 ശതമാനത്തോളം കുറവു വരുത്തിയേക്കും. കുടുംബ ബജറ്റിൽ ഭക്ഷ്യോൽപന്നങ്ങൾക്കുള്ള ചെലവു പഴയ കാലത്തെ അപേക്ഷിച്ചു കുറവാണെന്നാണു പഠനങ്ങളിൽ നിന്നുള്ള സൂചന. 

വരുമാന വർധനയ്ക്ക് ആനുപാതികമായി കുടുംബങ്ങളുടെ ഭക്ഷ്യോൽപന്നച്ചെലവു വർധിക്കുകയല്ല  ആകമാന ചെലവിൽ അതിന്റെ  വിഹിതം കുറയുകയാണു ചെയ്യുന്നതെന്നുമുള്ള സാമ്പത്തിക ശാസ്ത്രത്തിലെ ‘ഏംഗൽസ് നിയമം’ ശരിവയ്ക്കുന്നതാണു പഠനം.

price-hike

ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വർഷം 2011 – ’12 എന്നതിനു പകരം 2024 എന്നു നിശ്ചയിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്മാർട് ഫോൺ ഉൾപ്പെടെയുള്ള ആധുനിക ഉൽപന്നങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന പരിഷ്കരിച്ച സൂചിക അടുത്ത ജനുവരിയിൽ നിലവിൽ വരും.

മൊത്ത വില സൂചികയുടെ നിലവിലെ അടിസ്ഥാന വർഷവും 2011 – ’12 എന്നതിനു പകരം 2024 എന്നു നിശ്ചയിക്കാനാണ് ഉദ്ദേശ്യം. ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിൽ 55% പങ്കുള്ള സേവന മേഖലയ്ക്കു നിലവിലെ സൂചികയിൽ പ്രാതിനിധ്യമില്ല. ഈ പോരായ്മയും പരിഹരിക്കും.

 പരിഷ്കരിച്ച സൂചിക അടുത്ത വർഷം അവസാനത്തോടെ നിലവിൽ വരും. മൊത്ത വില സൂചികയ്ക്കു പകരമുള്ള പിപിഐ 2027ന്റെ അവസാനത്തോടെ മാത്രമേ നിലവിൽ വരാൻ സാധ്യതയുള്ളൂ.

 ജിഡിപിയുടെയും വ്യവസായോൽപാദന സൂചിക (ഐഐപി) യുടെയും അടിസ്ഥാന വർഷം മറ്റു സൂചികകളുടേതിനു സമാനമായി നിശ്ചയിക്കാനും ആലോചനയുണ്ട്.

English Summary:

India's inflation calculation will be overhauled next year. New indices, including the PPI, will replace outdated methods, leading to a more accurate inflation rate calculation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com