പച്ചക്കറിവില കുറഞ്ഞു; രാജ്യത്ത് പണപ്പെരുപ്പം 4 മാസത്തെ താഴ്ചയിൽ, കേരളത്തിൽ പക്ഷേ വിലക്കയറ്റത്തോത് മേലോട്ട്

Mail This Article
ഒക്ടോബറിൽ കത്തിക്കയറിയ പച്ചക്കറി വിലകൾ കഴിഞ്ഞ രണ്ടുമാസമായി താഴേക്കിറങ്ങിയതോടെ, രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോതും (CPI Inflation/Retail Inflation) താഴേക്ക്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം നവംബറിലെ 5.48 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4-മാസത്തെ താഴ്ചയായ 5.22 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.
ഒക്ടോബറിൽ റീട്ടെയ്ൽ പണപ്പെരുപ്പം 14-മാസത്തെ ഉയരമായ 6.21 ശതമാനമായിരുന്നു. സവാള, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലക്കുതിപ്പായിരുന്നു ഒക്ടോബറിൽ വൻ തിരിച്ചടിയായത്.

എന്നാൽ, കാർഷികോൽപാദനം മെച്ചപ്പെട്ട് വിപണിയിൽ വൻതോതിൽ സ്റ്റോക്ക് എത്തിത്തുടങ്ങിയതോടെ കഴിഞ്ഞ രണ്ടുമാസമായി ഇവയുടെ വില കുറഞ്ഞു. ഇതു പണപ്പെരുപ്പം കുറയാനും സഹായകമായി. ദേശീയതലത്തിൽ ഗ്രാമീണമേഖലകളിലെ പണപ്പെരുപ്പം നവംബറിലെ 5.95 ശതമാനത്തിൽ നിന്ന് 5.76 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.89ൽ നിന്ന് 4.58 ശതമാനത്തിലേക്കും കഴിഞ്ഞമാസം കുറഞ്ഞു.
കുറയുന്ന ഭക്ഷ്യവില
റീട്ടെയ്ൽ പണപ്പെരുപ്പത്തിൽ 45.9% വെയിറ്റേജുള്ളതാണ് ഭക്ഷ്യവില സൂചിക (Food Price Index). ഒക്ടോബറിൽ ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) 15-മാസത്തെ ഉയരമായ 10.9 ശതമാനമായിരുന്നു. നവംബറിൽ ഇത് 9.04 ശതമാനത്തിലേക്കും കഴിഞ്ഞമാസം 8.39 ശതമാനത്തിലേക്കും താഴ്ന്നത് റീട്ടെയ്ൽ പണപ്പെരുപ്പത്തെയും താഴേക്ക് നയിച്ചു.

പച്ചക്കറികളുടെ വിലക്കയറ്റനിരക്ക് ഒക്ടോബറിൽ 42.18 ശതമാനമായിരുന്നു. നവംബറിൽ ഇത് 29.33 ശതമാനമായി; ഡിസംബറിൽ 25.56 ശതമാനവും. ഭക്ഷ്യധാന്യങ്ങളുടെ (Cereals) വിലനിലവാരം പക്ഷേ കഴിഞ്ഞമാസം നവംബറിലെ 6.88 ശതമാനത്തിൽ നിന്ന് 9.67 ശതമാനമായി കൂടി. പയർവർഗങ്ങളുടേത് (Pulses) 5.41ൽ നിന്ന് 3.83 ശതമാനമായി കുറഞ്ഞു.
പലിശഭാരം കുറയുമോ?
കഴിഞ്ഞ രണ്ടുമാസമായി പണപ്പെരുപ്പം കുറയുകയാണെങ്കിലും റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യ്ക്കുള്ളിലേക്ക് തിരികെവന്നിട്ടില്ല. പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്ക് ഗവർണർ അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (MPC/എംപിസി) ലക്ഷ്യം. പണപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും ഇപ്പോഴും ഉയർന്നതലത്തിൽ തുടരുന്നതിനാൽ, ഫെബ്രുവരിയിൽ ചേരുന്ന യോഗത്തിലും എംപിസി പലിശനിരക്ക് (റീപ്പോനിരക്ക്/Repo Rate) കുറയ്ക്കാനുള്ള സാധ്യത വിരളം.

എന്നാൽ, ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് കുത്തനെ താഴുന്നതിന് തടയിടാനായി പലിശഭാരം കുറയണമെന്ന ആവശ്യം ശക്തമാണ്. പലിശ കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാർ പോലും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റ് കൂടി വിലയിരുത്തിയ ശേഷമാകും റിസർവ് ബാങ്കിന്റെ തുടർ തീരുമാനം. ഫെബ്രുവരി 7നാണ് പണനയ പ്രഖ്യാപനം. യുഎസിൽ ഈമാസം 20ന് പ്രസിഡന്റ് ആയി സ്ഥാനമേൽക്കുന്ന ഡോണൾഡ് ട്രംപിന്റെ നയങ്ങൾ, ആഗോള സമ്പദ്‍രംഗത്തെ ചലനങ്ങൾ, ക്രൂഡ് വില വർധന തുടങ്ങിയ വെല്ലുവിളികളും എംപിസി പരിഗണിക്കും.
‘ഭക്ഷണം’ കുറയ്ക്കാൻ നീക്കം
പണപ്പെരുപ്പം നിർണയിക്കുന്നതിൽ നിന്ന് ഭക്ഷ്യവിലകളെ ഒഴിവാക്കാണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാർ ഇതിനുള്ള നീക്കവും നടത്തുന്നുണ്ട്. 2023-24ലെ സാമ്പത്തിക സർവേയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നിലവിൽ റീട്ടെയ്ൽ പണപ്പെരുപ്പത്തിൽ ഭക്ഷ്യവിലകൾക്ക് 45.9% വെയിറ്റേജുണ്ട്. ഗ്രാമങ്ങളിൽ ഇത് 54.2%, നഗരങ്ങളിൽ 36.3% എന്നിങ്ങനെയാണ്.

വെയിറ്റേജ് കുറയ്ക്കാനുള്ള നടപടികൾ ഫലപ്രദമായാൽ ഗ്രാമങ്ങളിലെ വെയിറ്റേജിൽ 6.5% കുറവുവരും; നഗരങ്ങളിലേതിൽ നിന്ന് 3.4 ശതമാനവും കുറയും. ഇത്, മൊത്തത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം കുറയാൻ സഹായിക്കും. നിലവിൽ റീട്ടെയ്ൽ പണപ്പെരുപ്പ സൂചികയുടെ അടിസ്ഥാനവർഷം 2011-12 ആണ്. അടിസ്ഥാനവർഷം 2024ലേക്ക് മാറ്റിയാകും മാറ്റങ്ങൾ കൊണ്ടുവരിക.
കേരളത്തിൽ പണപ്പെരുപ്പം മേലോട്ട്
ദേശീയതലത്തിൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും കടകവിരുദ്ധമായി കേരളത്തിൽ കൂടുകയാണ് ഡിസംബറിലുണ്ടായത്.
രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുള്ള സംസ്ഥാനങ്ങളിൽ മുൻനിരയിലുമുണ്ട് കേരളം; ദക്ഷിണേന്ത്യയിലും വിലക്കയറ്റത്തോത് കൂടുതൽ കേരളത്തിലാണ്. നവംബറിലെ 6.32ൽ നിന്ന് ഡിസംബറിൽ 6.36 ശതമാനമായാണ് കേരളത്തിലെ പണപ്പെരുപ്പ വർധന. ഒക്ടോബറിൽ 6.47% ആയിരുന്നു. ഗ്രാമങ്ങളിലെ പണപ്പെരുപ്പം കഴിഞ്ഞമാസം 7.05ൽ നിന്ന് 6.92 ശതമാനത്തിലേക്ക് കുറഞ്ഞു. നഗരങ്ങളിലേത് 5.02ൽ നിന്ന് 5.29 ശതമാനമായി കൂടി.
രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ മുൻമാസങ്ങളിലെ പോലെ ഡിസംബറിലും ബിഹാറിലും (7.36%) ഛത്തീസ്ഗഡിലുമാണ് (7.63%). ഒഡീഷയിൽ 6.96 ശതമാനം. ഉത്തർപ്രദേശിൽ 6.26%, ഉത്തരാഖണ്ഡിൽ 6.05%. ഡൽഹിയിലാണ് ഏറ്റവും കുറവ്; 2.51%. ദക്ഷിണേന്ത്യയിൽ തെലങ്കാനയിൽ 3.14%, ആന്ധ്രയിൽ 4.34%, തമിഴ്നാട്ടിൽ 5.20%, കർണാടകയിൽ 5.14% എന്നിങ്ങനെയാണ് നിരക്ക്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business