എട്ടാം ശമ്പള കമ്മീഷനും ബജറ്റ് പ്രതീക്ഷകളും പൂവണിയുമോ?

Mail This Article
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന നാളുകളായുള്ള ആവശ്യം ധനമന്ത്രി നിർമ്മല സീതാരാമൻ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് ആണ്.
സ്വകാര്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന കോടിക്കണക്കിന് ജീവനക്കാരെ പ്രതിനിധീകരിച്ച്, ട്രേഡ് യൂണിയൻ പ്രതിനിധികൾ കേന്ദ്ര ധനമന്ത്രിയെ കണ്ടു ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. 50 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാർക്കും 67 ലക്ഷം പെൻഷൻകാർക്കും എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ അവർ ഉന്നയിച്ചു.

ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള പ്രതീക്ഷകൾ ശക്തമായി ഉന്നയിച്ചതിനാൽ എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും ശക്തമായി. കഴിഞ്ഞ ശമ്പള പാനൽ രൂപീകരിച്ച് 10 വർഷത്തിലേറെയായി എന്ന കാര്യം വലിയ ചർച്ചയാണ്.
നാഷണൽ കൗൺസിൽ ഓഫ് ജോയിൻ്റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ (ജെസിഎം) സ്റ്റാഫ് സൈഡ് പ്രതിനിധീകരിക്കുന്ന സർക്കാർ ജീവനക്കാരുടെ യൂണിയനുകൾ, പണപ്പെരുപ്പം പരിഹരിക്കുന്നതിനായി ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്‌ടറിന് വേണ്ടിയും വാദിക്കുന്നു.
അടുത്ത ശമ്പള പാനൽ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് സർക്കാർ ആവർത്തിച്ച് നിലപാടെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.
നികുതി ഇളവ്
വ്യവസായ സ്ഥാപനങ്ങളും ട്രേഡ് യൂണിയനുകളും ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് ഇടത്തരക്കാരുടെ നികുതി ഭാരം കുറയ്ക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
എട്ടാം ശമ്പള കമ്മീഷനു പുറമേ, 2025-26 ബജറ്റിൽ അതിസമ്പന്നർക്ക് ഉയർന്ന നികുതി നൽകാനും ആദായനികുതി ഉയർത്താനും കേന്ദ്ര ധനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇളവ് പരിധി പ്രതിവർഷം 10 ലക്ഷം രൂപ, ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതി, സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ തുടങ്ങിയവയെല്ലാം ആവശ്യങ്ങളിൽപ്പെടുന്നു.
പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിസമ്പന്നർക്ക് 2 ശതമാനം അധിക നികുതി ചുമത്താനും ശേഖരിക്കുന്ന തുക അനൗപചാരിക തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായി ഉപയോഗിക്കാനും ചില ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നു. നിർമല സീതാരാമന്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റും മോദി 3.0 സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബജറ്റുമാണിത്.