ജിഡിപി താഴ്ന്നിട്ടും തിളക്കം മായാതെ ഇന്ത്യ; അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്

Mail This Article
സാമ്പത്തികരംഗത്ത് തളർച്ച പ്രകടമെങ്കിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയെന്ന (fastest growing major economy) നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് രാജ്യാന്തര നാണയനിധിയുടെ (IMF) റിപ്പോർട്ട്. 2024-25ലും 2025-26ലും 2026-27ലും ഇന്ത്യ തന്നെയായിരിക്കും ഒന്നാമത്.
രാഷ്ട്രീയ, സാമ്പത്തികരംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ ചൈനയ്ക്കോ (China GDP) ഏറ്റവും വലിയ സമ്പദ്ശക്തിയായ യുഎസിനോ (US Economy) ഇന്ത്യയുടെ തൊട്ടടുത്ത് പോലും ഈ വർഷങ്ങളിൽ എത്താനാകില്ല. യുഎസും ജർമനിയും യുകെയും ജപ്പാനും ഉൾപ്പെടെ ലോകത്തെ വൻ സാമ്പത്തികശക്തികളുടെ വളർച്ചനിരക്ക് 2.5 ശതമാനത്തിൽ കൂടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യ വളരും 6.5%
2024-25 മുതൽ 2026-27 വരെ ഓരോ സാമ്പത്തിക വർഷവും ഇന്ത്യക്ക് 6.5% ജിഡിപി വളർച്ചനിരക്കാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ഇന്ത്യ ഒഴികെ മറ്റ് പ്രമുഖ രാജ്യങ്ങളുടെയെല്ലാം വളർച്ചനിരക്ക് ഐഎംഎഫ് പ്രവചിക്കുന്നത് കലണ്ടർ വർഷപ്രകാരമാണ്. ഏപ്രിൽ മുതൽ മാർച്ചുവരെ നീളുന്ന സാമ്പത്തികവർഷമാണ് ഇന്ത്യ പിന്തുടരുന്നത്.

കലണ്ടർ വർഷം (ജനുവരി-ഡിസംബർ) കണക്കാക്കിയാലും ഇന്ത്യ തന്നെയാണ് ഏറെ മുന്നിലെന്ന് ഐഎംഎഫിന്റെ റിപ്പോർട്ടിലുണ്ട്. 2025ൽ 6.8%, 2026ൽ 6.5% എന്നിങ്ങനെയാണ് ഇതുപ്രകാരം ഇന്ത്യയുടെ വളർച്ചനിരക്ക് അനുമാനിക്കുന്നത്.
ലോകത്തിന് വളർച്ചാസ്ഥിരത; പണപ്പെരുപ്പം താഴേക്ക്
ആഗോള സമ്പദ്‍വ്യവസ്ഥ 2024ൽ 3.2% വളരുമെന്ന് വിലയിരുത്തിയ ഐഎംഎഫ്, തുടർന്നുള്ള രണ്ടുവർഷങ്ങളിലും വളർച്ചനിരക്ക് പ്രതീക്ഷിക്കുന്നത് 3.3% വീതമാണ്. രാജ്യാന്തരതലത്തിൽ പണപ്പെരുപ്പം (Inflation) 2025ൽ 4.2 ശതമാനത്തിലേക്കും 2026ൽ 3.5 ശതമാനത്തിലേക്കും കുറയും. അതേസമയം, പണനയം (Policy rates) സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നത് തിരിച്ചടിയാണ്. ഇതു തരണംചെയ്യാൻ മികച്ച നയങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും വേണമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

വികസിത സമ്പദ്‍വ്യവസ്ഥകളുടെ (Advanced economies) വളർച്ചനിരക്ക് 2024ലെ 1.7 ശതമാനത്തിൽ നിന്ന് 2025ൽ 1.9 ശതമാനത്തിലേക്ക് മെച്ചപ്പെടും. 2026ൽ പക്ഷേ 1.8 ശതമാനത്തിലേക്ക് താഴും. വളരുന്ന സമ്പദ്‍വ്യവസ്ഥകളുടെ (Emerging/developing economies) വളർച്ചനിരക്ക് 2024ലും 2025ലും 4.2% വീതമായിരിക്കും; 2026ൽ ഇത് 4.3 ശതമാനകുമെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യ തന്നെ നമ്പർ വൺ
2024 മുതൽ 2026 വരെ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരും. യുഎസിന്റെ വളർച്ചനിരക്ക് 2024ൽ 2.8%, 2025ൽ 2.7%, 2026ൽ 2.1% എന്നിങ്ങനെയായിരിക്കും. ജർമനി 2024ൽ നെഗറ്റീവ് 0.2%, 2025ൽ 0.3%, 2026ൽ 1.1% എന്നിങ്ങനെയാകും വളർന്നേക്കുക. ജപ്പാനും 2024ൽ നെഗറ്റീവ് 0.2% വളർച്ചയാണ് കുറിക്കുക. 2025ൽ ഇത് 1.1 ശതമാനവും 2026ൽ 0.8 ശതമാനവുമാകും.
സ്പെയിൻ, യുകെ, റഷ്യ, ബ്രസീൽ, മെക്സിക്കോ, സൗദി അറേബ്യ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കും 4.1 ശതമാനത്തിലധികം വളർച്ചനിരക്ക് ഐഎംഎഫ് വിലയിരുത്തുന്നില്ല. ചൈന 2024ൽ 4.8%, 2025ൽ 4.6%, 2026ൽ 4.5% എന്നിങ്ങനെയുമാകും വളരുക.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business