ട്രംപിനും മെലനിയയ്ക്കും സ്വന്തമായി മീം നാണയങ്ങൾ, സംഗതി തമാശയോ! കാത്തിരുന്നു കാണാം

Mail This Article
അമേരിക്കയെ ലോകത്തിന്റെ ക്രിപ്‌റ്റോകറൻസി തലസ്ഥാനമാക്കി മാറ്റുമെന്ന് പറഞ്ഞ പ്രസിഡന്റ് ട്രംപ്, സ്വന്തം പേരിലും ഭാര്യയുടെ പേരിലും പുതിയ മീം നാണയങ്ങൾ അവതരിപ്പിച്ചു. ട്രംപ്, മെലനിയ നാണയങ്ങൾ സ്ഥാനാരോഹണ ദിനമായ ഇന്നലെ കുതിച്ചുയർന്നിരുന്നു. നർമ സ്വഭാവമുള്ള ഒരു ക്രിപ്റ്റോ കോയിൻ ആണ് മീം കോയിൻ എന്നറിയപ്പെടുന്നത്. സാധാരണയായി മൂല്യമോ ആധികാരികതയോ പ്രയോജനമോ ഇല്ലാത്ത ഒരു ക്രിപ്‌റ്റോകറൻസിയെ ആണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ മീം കോയിൻ ആയി ഇറങ്ങിയ ഡോജ് കോയിനും, ഷിബ ഇനുവും നിക്ഷേപകരെ അതിലേക്ക് ആകര്‍ഷിക്കുകയായിരുന്നു.
ഫൈറ്റ് ഫൈറ്റ് ഫൈറ്റ്
"ഞങ്ങൾ നിലകൊള്ളുന്ന എല്ലാത്തിനും വിജയിക്കുന്നു!" എന്ന് അർഥം വരുന്ന രീതിയിൽ ആണ് ട്രംപ് മീം കോയിൻ ഒരുക്കിയിരിക്കുന്നത്. ജൂലൈയിൽ നടന്ന രാഷ്ട്രീയ റാലിയിൽ നടന്ന വധശ്രമത്തോടുള്ള ട്രംപിൻ്റെ പ്രതികരണത്തെ പരാമർശിക്കുന്ന "ഫൈറ്റ് ഫൈറ്റ് ഫൈറ്റ്" എന്ന വാക്കുകൾക്ക് മുകളിൽ മുഷ്ടി ഉയർത്തി പിടിച്ചിരിക്കുന്ന ട്രംപിൻ്റെ ചിത്രത്തോടുകൂടിയാണ് മീം കോയിൻ വിപണിയിലെത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ച മെലനിയ ട്രംപ് തൻ്റെ മീം കോയിൻ പ്രഖ്യാപിച്ചു. പ്രഥമവനിതയുടെ കറുപ്പും വെളുപ്പും ഫോട്ടോയിൽ കൈകൾ കൂപ്പി നന്ദി എന്നപോലെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ മീം നാണയങ്ങൾ ട്രംപിന് തന്റെ ഓൺലൈൻ ജനപ്രീതി പ്രയോജനപ്പെടുത്തുന്നതിനും തന്നെ പിന്തുണക്കുന്നവരെ പ്രോജക്റ്റിലേക്ക് ആകർഷിക്കുന്നതിനുമുള്ള ഒരു മാർഗമാണെന്ന് ഡിജിറ്റൽ ആസ്തി നിക്ഷേപ സ്ഥാപനമായ അസിമെട്രിക് സിഇഒ ജോ മക്കാൻ അഭിപ്രായപ്പെട്ടു. ട്രംപിൻ്റെ സോഷ്യൽ മീഡിയ കമ്പനി പോലെയുള്ള ഉൽപ്പന്നങ്ങൾ പ്രസിഡന്റിന് പിന്തുണ കാണിക്കുന്നതിനുള്ള ഒരു മാർഗമായി വ്യക്തിഗത നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്.
മീം നാണയങ്ങൾ അപകടകരമാണോ?
ക്രിപ്‌റ്റോ സെക്ടറിലെ വളരെ അസ്ഥിരമായ ഒന്നാണ് മീം നാണയങ്ങൾ. അവ പലപ്പോഴും ഒരു തമാശയായി ആരംഭിക്കുന്നവയാണ്. അവയ്ക്ക് അന്തർലീനമായ മൂല്യമില്ല. എന്നാൽ ആവശ്യത്തിന് ആളുകൾ അവ വാങ്ങാൻ തയ്യാറാണെങ്കിൽ അവയുടെ വില ഉയരാൻ തുടങ്ങും. എന്നാൽ അവയുടെ വിലകൾ അങ്ങേയറ്റം ചാഞ്ചാട്ടമുള്ളവയായിരിക്കും. അതായത് സ്ഥിരത എന്നൊരു കാര്യം ഇവക്ക് ഉണ്ടാകില്ല. ഉദാഹരണത്തിന് ട്രംപ് നാണയം വിൽക്കുന്ന വെബ്സൈറ്റ് അത് വാങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്."ഈ കോയിൻ അങ്ങേയറ്റം അസ്ഥിരമായിരിക്കാമെന്നും ട്രംപ് മീമുകളുടെ വിൽപ്പനയുമായോ മറ്റ് വിനിയോഗവുമായോ ബന്ധപ്പെട്ട് നിങ്ങൾക്ക് ഗണ്യമായ നഷ്ടം ഉണ്ടായേക്കാം" എന്നും മുന്നറിയിപ്പിലുണ്ട്.
2021ലും 2022ലുമാണ് മീം കോയിനുകൾ ജനപ്രീതി നേടാൻ തുടങ്ങിയത്. മീം കോയിൻ വാങ്ങിയവർക്കു കൈപൊള്ളിയെങ്കിലും അതിലൂടെ മാത്രം കോടികൾ വാരിയവരുമുണ്ട്. ബൈഡൻ ഭരണകൂടം അന്യായമായി തളർത്തിയ ക്രിപ്റ്റോ വ്യവസായത്തെ ട്രംപ് പിന്തുണയ്ക്കുന്നതിനായാണ് മീം കോയിനുകൾ പുറത്തിറക്കിയത് എന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.