കേന്ദ്ര ബജറ്റിൽ 10 ലക്ഷം രൂപവരെ വരുമാനക്കാർക്ക് ആദായനികുതി ഒഴിവാക്കിയേക്കും; പുതിയ നികുതി സ്ലാബിനും സാധ്യത

Mail This Article
ആദായനികുതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി നികുതിദായകർക്ക് ആശ്വാസം നൽകാൻ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തയാറായേക്കുമെന്ന് സൂചന. പുതിയ സ്കീമിൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കാനാണ് ആലോചനയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

നിലവിൽ പുതിയ സ്കീമിൽ 7 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 10% ആദായനികുതിയാണ് ബാധകം. 10 ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കിയശേഷം 15 ലക്ഷം മുതൽ 20 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്കായി പുതുതായി 25% എന്ന നികുതി സ്ലാബ് അവതരിപ്പിച്ചേക്കാമെന്നാണ് റിപ്പോർട്ട് പറയുന്നത്.
പുതിയ ആദായനികുതി സ്കീം പ്രകാരം നിലവിൽ 3 ലക്ഷം രൂപവരെ വരുമാനമുള്ളവരാണ് ആദായനികുതി ബാധ്യത ഇല്ലാത്തവർ. 3 ലക്ഷത്തിന് മുകളിൽ 7 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 5%, 7 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെ 10%, 10 ലക്ഷത്തിന് മുകളിൽ 12 ലക്ഷം രൂപവരെയുള്ളവർക്ക് 15%, 12 ലക്ഷത്തിന് മുകളിൽ 15 ലക്ഷം രൂപവരെയുള്ളവർക്ക് 20%, 15 ലക്ഷത്തിന് മുകളിൽ 30% എന്നിങ്ങനെയാണ് സ്ലാബുകൾ.

കഴിഞ്ഞ ബജറ്റിൽ നിർമല സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയിരുന്നു. ഇതുൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ചേർത്ത് നിലവിൽ പുതിയ സ്കീം പ്രകാരം 7.75 ലക്ഷം രൂപവരെ വാർഷിക വരുമാനത്തിന് ആദായനികുതി അടയ്ക്കേണ്ടതില്ല. വരുമാനം ഇതിലും കൂടുതലാണെങ്കിൽ മാത്രമാണ് ആദായനികുതി ബാധകം.
ഉപഭോഗം കൂട്ടണം, സാമ്പത്തിക വളർച്ചയും
നടപ്പുവർഷം (2024-25) ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് 4 വർഷത്തെ താഴ്ചയായ 6.4 ശതമാനത്തിലേക്ക് ഇടിയുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ആദ്യ അനുമാനക്കണക്ക് വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ വളർച്ചനിരക്ക് 7 പാദത്തിലെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.

സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചതും ഗ്രാമീണ ഉപഭോഗത്തിലെ തളർച്ചയുമാണ് ജിഡിപിയെ പിന്നോട്ടടിക്കുന്നതെന്നാണ് വിലയിരുത്തൽ. ജനങ്ങളുടെ നികുതിഭാരം കുറച്ച് ഉപഭോക്തൃ വിപണിക്കും അതുവഴി സാമ്പത്തിക വളർച്ചയ്ക്കും കരുത്തേകാൻ നിർമല ഇക്കുറി ശ്രമിക്കുമെന്നാണ് വിലയിരുത്തൽ.
നികുതിയിലെ പ്രതീക്ഷകൾ
ഫെബ്രുവരി ഒന്നിനാണ് നിർമല 2025-26 സമ്പദ്‍വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത്. ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ആദായനികുതിയിൽ ഇളവിന് പുറമേ റിബേറ്റുകളും മറ്റ് ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 10 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കിയാൽ കേന്ദ്രത്തിന്റെ വരുമാനത്തിൽ 50,000 കോടി രൂപ മുതൽ ഒരുലക്ഷം കോടി രൂപവരെ കുറഞ്ഞേക്കാം.

എന്നാൽ, ഉപഭോക്തൃ വിപണിക്ക് ഉണർവേകാനായി ഈ നഷ്ടം സഹിക്കാൻ കേന്ദ്രം തയ്യാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നികുതിഭാരം കുറച്ചാൽ, ആ പണം ജനങ്ങൾ ഉപഭോഗത്തിനായി ചെലവിടും. ഉൽപന്ന/സേവന ഡിമാൻഡ് വർധിക്കുന്നത് വിപണിക്ക് നേട്ടമാകും. സാമ്പത്തിക പ്രവർത്തനങ്ങൾ ഉഷാറാകും. ജിഡിപി വളർച്ചയും മെച്ചപ്പെടും.
പഴയ സ്കീമുകാർക്ക് നിരാശയോ?
പഴയ ആദായനികുതി സ്കീമിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയില്ല. നിലവിൽ ആദായ നികുതിദായകരിൽ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മാത്രമല്ല, പുതുതായി ആദായനികുതി ബ്രായ്ക്കറ്റിലേക്ക് എത്തുന്നവർ ഓട്ടോമാറ്റിക്കായി ചേരുന്നത് പുതിയ സ്കീമിലാണ്. അല്ലെങ്കിൽ പുതിയ സ്കീമിൽ ചേരാൻ താൽപര്യമില്ലെന്ന് രേഖാമൂലം വ്യക്തമാക്കണം. പുതിയ സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാണ് കേന്ദ്രവും ശ്രമിക്കുന്നത്.

വന്നേക്കും ഡയറക്റ്റ് ടാക്സ് കോഡ്
ഇക്കുറി ബജറ്റിൽ നിർമല ഡയറക്റ്റ് ടാക്സ് കോഡ്-2025 (DTC 2025) അവതരിപ്പിക്കാനും സാധ്യതയുണ്ട്. നിലവിലെ ഇൻകം ടാക്സ് ആക്റ്റ്-1961ന് പകരമാണ് ഇതു വരിക. ലഘൂകരിച്ച ചട്ടങ്ങളാണ് ഡിടിസി-2025ൽ ഉണ്ടാവുകയെന്നത് നികുതിദായകർക്ക് നേട്ടമാകും. ആദായ നികുതി സ്ലാബുകൾ കുറയ്ക്കുക, നടപടിക്രമങ്ങൾ ലഘൂകരിക്കുക, കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുള്ളതാണ് ഡിടിസി-2025. 5 ലക്ഷം മുതൽ 15 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഇത് ആശ്വാസമാകും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business