കേന്ദ്ര ബജറ്റ് 2025: എന്താണ് ഹൽവ സെറിമണി? നിർമലയുടെ റെക്കോർഡ് എട്ടാം ബജറ്റ് ഫെബ്രുവരി ഒന്നിന്

Mail This Article
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ‘ഹൽവ സെറിമണി’ക്ക് പാർലമെന്റിലെ നോർത്ത് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ധനമന്ത്രാലയം ഇന്നു വേദിയാകും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേതൃത്വം നൽകും. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് രാവിലെ 11ന് നിർമല അവതരിപ്പിക്കുക.

തുടർച്ചയായി 8 ബജറ്റുകൾ അവതരിപ്പിക്കുകയെന്ന റെക്കോർഡാണ് നിർമലയെ കാത്തിരിക്കുന്നത്. തുടർച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായ് കുറിച്ച റെക്കോർഡ് കഴിഞ്ഞ ജൂലൈയിൽ തന്റെ 7-ാം ബജറ്റ് അവതരിപ്പിച്ച് നിർമല മറികടന്നിരുന്നു. മോദി സർക്കാരിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിക്കുക.

എന്താണ് ഹൽവ സെറിമണി?
ഓരോ ബജറ്റ് അവതരണത്തിനും മുന്നോടിയായി കേന്ദ്ര ധനമന്ത്രിമാരുടെ നേതൃത്വത്തിൽ നോർത്ത് ബ്ലോക്കിൽ ഹൽവ സെറിമണി നടത്താറുണ്ട്. അത് കീഴ്‍വഴക്കവുമാണ്. ബജറ്റ് തയാറാക്കുന്നതിനായി ഒപ്പം പ്രവർത്തിച്ച സഹപ്രവർത്തകരോടുള്ള നന്ദിസൂചകമായി നടത്തുന്ന ചടങ്ങാണിത്. ധനമന്ത്രി തന്നെ വലിയ കടായിയിൽ ഹൽവയുണ്ടാക്കുന്നതിന് നേതൃത്വം നൽകും. ധനമന്ത്രി തന്നെ മധുരം വിളമ്പുകയും ചെയ്യും. ബജറ്റ് അവതരണത്തിന് ഒരാഴ്ചയോളം മുമ്പാണ് ചടങ്ങ് സംഘടിപ്പിക്കുക.

ധനമന്ത്രാലയ ഉദ്യോഗസ്ഥർക്ക് ‘ക്വാറന്റൈൻ’ കാലം
ഹൽവ സെറിമണിക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ബജറ്റ് തയാറാക്കലിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സെറിമണിക്കുശേഷം ധനമന്ത്രാലയത്തിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും. ബജറ്റ് അവതരിപ്പിക്കുന്നതുവരെ ഇവരുടെ ‘ക്വാറന്റൈൻ’ തുടരും. അതുവരെ അവർക്ക് സ്വന്തം കുടുംബവുമായി പോലും ബന്ധപ്പെടാനാവില്ല. മൊബൈൽഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാനും അനുവദിക്കില്ല. ബജറ്റിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനാണിത്. 2021 മുതൽ കേന്ദ്ര ബജറ്റ് പൂർണമായും ഡിജിറ്റലാണ്. ബജറ്റ് രേഖകൾ, അവതരണശേഷം കേന്ദ്രത്തിന്റെ യൂണിയൻ മൊബൈൽ ആപ്പിൽ ലഭിക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business