ഹൽവയുണ്ടാക്കി, മധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

Mail This Article
ന്യൂഡൽഹി∙ 'ഹൽവ പാചക'ത്തോടെ കേന്ദ്രബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിലും ബജറ്റ് അവതരണം അന്നു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഓഹരി വിപണികൾ ഫെബ്രുവരി ഒന്നിനും പ്രവർത്തിക്കും.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിലായിരുന്നു ഹൽവ പാചകച്ചടങ്ങ്. എല്ലാവർഷവും ബജറ്റിന്റെ അന്തിമനടപടികൾ ആരംഭിക്കുന്നത് ഹൽവ പാചകത്തോടെയാണ്. വലിയ ഇരുമ്പു ചട്ടിയിൽ തയാറാക്കുന്ന ഹൽവ ധനമന്ത്രിയും നൂറോളം ഉദ്യോഗസ്ഥരും പങ്കിട്ടു കഴിക്കും. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലാണ് ചടങ്ങ് നടക്കാറുള്ളത്. ഹൽവ പാചകത്തിനു ശേഷം പ്രധാന ഉദ്യോഗസ്ഥർ 'ലോക്ക്–ഇൻ' രീതിയിലേക്കു മാറും.

രഹസ്യ സ്വഭാവം ഉറപ്പാക്കാൻ, ബജറ്റ് തയാറാക്കുന്നതിൽ പങ്കു വഹിക്കുന്ന ഉദ്യോഗസ്ഥർ മുതൽ അച്ചടി നിർവഹിക്കുന്ന ജീവനക്കാർ വരെ ധനമന്ത്രാലയ ഓഫിസിൽ തന്നെ താമസിക്കും. ഇവർക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ നിയന്ത്രണമുണ്ട്.