ADVERTISEMENT

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ (Modi 3.0) ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) അവതരിപ്പിക്കവേ, കഴിഞ്ഞവർഷം ജൂലൈ 23ന് ഇന്ത്യൻ ഓഹരി വിപണി നിലതെറ്റി വീഴുന്നതായിരുന്നു കാഴ്ച. സെൻസെക്സ് (sensex) ഒരുവേള 1,278 പോയിന്റും നിഫ്റ്റി (nifty) 435 പോയിന്റും മൂക്കുകുത്തി. നിക്ഷേപകരുടെ കീശയിൽ നിന്ന് (ആസ്തിമൂല്യം) ചോർന്നത് ഒറ്റയടിക്ക് 8 ലക്ഷം കോടി രൂപയും. വ്യാപാരാന്ത്യത്തിൽ അന്നു സെൻസെക്സ് വെറും 73 പോയിന്റിലേക്കും നിഫ്റ്റി 30 പോയിന്റിലേക്കും നഷ്ടം നിജപ്പെടുത്തിയെങ്കിലും ആ ബജറ്റ് ഏൽപ്പിച്ച ‘ആഘാതം’ ഇനിയും മാറിയിട്ടില്ല. 

ബജറ്റിലെ നികുതി പരിഷ്കാരമായിരുന്നു  വിപണിക്ക് നിരാശയായത്. ഹ്രസ്വകാല മൂലധന നേട്ട നികുതി (STCG) 15ൽ നിന്ന് 20 ശതമാനമാക്കിയതും ദീർഘകാല മൂലധന നേട്ട നികുതി (LTCG) 10ൽ നിന്ന് 12.5 ശതമാനമാക്കിയതും വിപണിയെ ഉലച്ചു. ഊഹക്കച്ചവടക്കാർക്ക് (ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ്/F&O) കടിഞ്ഞാണിടാൻ ഓഹരി ഇടപാടു നികുതി (STT) കൂട്ടിയ നടപടിയും തിരിച്ചടിയായി. 

stock-market-bull-and-bear-main1
Image: Shutterstock/teguhsupriyanto27

ഫ്യൂച്ചേഴ്സ് വിഭാഗത്തിൽ 0.0125ൽ നിന്ന് 0.02 ശതമാനത്തിലേക്കും ഓപ്ഷൻസ് വിഭാഗത്തിൽ 0.0625ൽ നിന്ന് 0.1 ശതമാനത്തിലേക്കുമാണ് നികുതി വർധിപ്പിച്ചത്. എന്നാൽ, ഈ നികുതി വർധനകൾ അത്ര ഭാരിച്ചതല്ലെന്ന വിലയിരുത്തലുകൾ ഉണ്ടായതോടെയായിരുന്നു അന്ന് ഓഹരി വിപണികൾ നഷ്ടം നിജപ്പെടുത്തിയത്.

Image Credit: filmfoto / istockphoto.com.
Image Credit: filmfoto / istockphoto.com.

ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിൽ നിന്ന് ഒരു സാമ്പത്തിക വർഷത്തിന് മുകളിൽ നേടുന്ന ലാഭം 1.25 ലക്ഷം രൂപയിൽ അധികമാണെങ്കിലാണ് 12.5% നികുതി ഈടാക്കുക. ഒരുലക്ഷം രൂപയായിരുന്ന പരിധിയാണ് കഴിഞ്ഞവർഷം 1.25 ലക്ഷം രൂപയാക്കിയത്. ഇത് നിക്ഷേപകർക്ക് നേട്ടവുമായിരുന്നു. ഓഹരിയിൽ നിന്ന് നേടുന്ന ലാഭത്തിന്റെ നല്ലൊരുപങ്ക് കൈവശം തന്നെ വയ്ക്കാൻ അതുപകരിച്ചിരുന്നു. ഒരുവർഷത്തിനു മുമ്പ് തന്നെ ഓഹരി, മ്യൂച്വൽഫണ്ട് എന്നിവ വിറ്റഴിക്കുന്നത് വഴി നേടുന്ന ലാഭത്തിനാണ് 20% നികുതി ബാധകം. 

ഊഹക്കച്ചവടക്കാർ ജാഗ്രതൈ!

എഫ് ആൻഡ് ഒ ഇടപാടുകളെ നിയന്ത്രിക്കാനുള്ള പ്രയത്നത്തിലാണ് കേന്ദ്രസർക്കാരും ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി). കഴിഞ്ഞ ബജറ്റിൽ എസ്ടിടി വർധിപ്പിച്ച നടപടി വിപണിയിലേക്കുള്ള പണമൊഴുക്കിൽ 30-40% വരെ കുറവുണ്ടാകാൻ ഇടവരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

India's Finance Minister Nirmala Sitharaman (5L) poses for photos before presenting the  union budget in the Parliament in New Delhi on July 23, 2024. (Photo by Sajjad HUSSAIN / AFP)
India's Finance Minister Nirmala Sitharaman (5L) poses for photos before presenting the union budget in the Parliament in New Delhi on July 23, 2024. (Photo by Sajjad HUSSAIN / AFP)

ഇതു ഓഹരി വിപണിയുടെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, നികുതിഭാരം കുറയ്ക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, ഊഹക്കച്ചവടത്തിന് പൂട്ടിടുകയെന്ന നയമുള്ള കേന്ദ്രസർക്കാർ, ഇക്കുറി നികുതി കുറയ്ക്കുകയല്ല, വീണ്ടും കൂട്ടിയേക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഭാവിയിലെ ഏതെങ്കിലും ദിവസം കണക്കാക്കി അന്നുണ്ടാകാൻ സാധ്യതയുള്ള വിലയിൽ വാങ്ങലും വിൽക്കലും നടത്താൻ ഏർപ്പെടുന്ന കരാറാണ് എഫ് ആൻഡ് ഒ. ഇതിനെ കേന്ദ്രം തന്നെ ‘ഊഹക്കച്ചവടം’ എന്നാണ് വിശേഷിപ്പിക്കുന്നത്. നിക്ഷേപകർക്ക് നഷ്ടസാധ്യത ഏറെയെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ് ആൻഡ് ഒയ്ക്കെതിരെ സെബിയും നിലപാട് കടുപ്പിക്കുന്നത്.

ഓഹരി വിപണിയുടെ പ്രതീക്ഷകൾ

ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ 2025-26 സമ്പദ്‍വർഷത്തേക്കുള്ള ബജറ്റ് (Union Budget 2025) അവതരിപ്പിക്കുക. അന്നു ശനിയാഴ്ചയാണെങ്കിലും ബജറ്റ് അവതരണം പ്രമാണിച്ച് ഓഹരി വിപണി പ്രവർത്തിക്കും. പതിവുപോലെ, ഇക്കുറിയും ബജറ്റിൽ ഓഹരി വിപണി പ്രതീക്ഷിക്കുന്നത് ഒട്ടേറെ അനുകൂല പ്രഖ്യാപനങ്ങളാണ്. മാനുഫാക്ചറിങ്, കയറ്റുമതി, കാർഷികം, അടിസ്ഥാനസൗകര്യം, പ്രതിരോധം, ആരോഗ്യം, റെയിൽവേ, ഉപഭോക്തൃവിപണി തുടങ്ങിയ മേഖലകൾക്ക് ഊർജം പകരുന്ന പ്രഖ്യാപനങ്ങൾ ആശിക്കുന്നു. ഇന്ത്യയ്ക്ക് ആഗോളതലത്തിൽ മത്സരക്ഷമത ഉറപ്പാക്കാൻ ബജറ്റിൽ പിന്തുണ അനിവാര്യവുമാണ്.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)

ആദായനികുതി ഭാരം കുറയ്ക്കുക, സർക്കാരിന്റെ മൂലധനച്ചെലവ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഓഹരി വിപണിക്കുണ്ട്. പുതിയ ആദായനികുതി സ്കീമിൽ 15 ലക്ഷം രൂപവരെയുള്ള വരുമാനക്കാരെ നികുതിബാധ്യതയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന വാർത്തകളുണ്ട്. റിബേറ്റ് നൽകിയായിരിക്കും ഈ ആനുകൂല്യം. പക്ഷേ, ഇതിനുള്ള സാധ്യത വിരളമാണ്. അതേസമയം, ആദായനികുതി ബാധകമല്ലാത്ത വരുമാനപരിധി (ബേസിക് എക്സംപ്ഷൻ) നിലവിലെ 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കിയേക്കാം. പുറമേ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 75,000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയാക്കാനും സാധ്യതകളുണ്ട്.

നരേന്ദ്ര മോദി. Image Credit: X/@narendramodi
നരേന്ദ്ര മോദി. Image Credit: X/@narendramodi

കേന്ദ്രത്തിന്റെ മൂലധനച്ചെലവ് 2018-19ലെ ജിഡിപിയുടെ 1.63% എന്നതിൽ നിന്ന് കഴിഞ്ഞ ബജറ്റിൽ ജിഡിപിയുടെ 3.4 ശതമാനമായി കൂട്ടിയിരുന്നു. ഇക്കുറിയും ബജറ്റിൽ 11 ലക്ഷം കോടി രൂപയിൽ കുറയാത്ത വിഹിതമുണ്ടാകും. കഴിഞ്ഞവർഷം 11.11 ലക്ഷം കോടി രൂപയായിരുന്നു. റെയിൽവേയ്ക്കുള്ള വിഹിതവും കൂട്ടിയേക്കാം.

real-estate-dispute

റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകാൻ ഭവനവായ്പാ പലിശയിന്മേലുള്ള ആദായനികുതി ഇളവ് പരിധി നിലവിലെ 2 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയെങ്കിലുമാക്കുക, മൂലധന നേട്ടനികുതിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്. നികുതി ഇളവുകളിലൂടെ ജനങ്ങളുടെ പക്കൽ അധികപണമെത്തിയാൽ അതു ഉപഭോഗവിപണിക്കും ഓഹരിവിപണിക്കും ജിഡിപി വളർച്ചയ്ക്കും കരുത്താകുമെന്നാണ് വിലയിരുത്തലുകൾ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Union Budget 2025: Stock market expects tax reduction this time.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com