' ചൈന പ്ലസ് വൺ ' ഇന്ത്യക്കാരുടെ പോക്കറ്റ് നിറക്കുമോ?

Mail This Article
ചൈനയിലെ നിക്ഷേപത്തെക്കുറിച്ചു വിദേശ രാജ്യങ്ങൾ 2020 നു ശേഷം ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്.ചൈനയിൽ നിലവിലുള്ള നിക്ഷേപം തുടരണോ പുതിയ നിക്ഷേപം നടത്തണോ എന്ന കാര്യത്തിൽ അമേരിക്കയും യൂറോപ്പും വേണ്ട എന്ന അഭിപ്രായക്കാരാണ്. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറക്കാൻ ചൈന പ്ലസ് വൺ പോളിസി സഹായിക്കുമെന്നാണ് കരുതുന്നത്. ഉൽപ്പാദന ചെലവ് കുറവായതിനാലാണ് ചൈനയെ പാശ്ചാത്യ രാജ്യങ്ങൾ കണ്ണുമടച്ചു ഇത്രയും നാൾ ആശ്രയിച്ചിരുന്നത്. ട്രംപ് വന്നതോടെ ചൈന പ്ലസ് വൺ എന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാകുകയാണ്
എന്താണ് ചൈന പ്ലസ് വൺ?
കമ്പനികൾ ചൈനയിൽ മാത്രം നിക്ഷേപം നടത്തുന്നത് ഒഴിവാക്കുകയും തങ്ങളുടെ ബിസിനസുകൾ മറ്റ് രാജ്യങ്ങളിലും തുടങ്ങുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്ന തന്ത്രത്തെയാണ് ചൈന പ്ലസ് വൺ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ചൈനയിൽ ഒരു ഫാക്ടറി തുടങ്ങുകയാണെങ്കിൽ മറ്റൊരു രാജ്യത്തുംഫാക്റ്ററി തുടങ്ങണമെന്നാണ് ഈ നയത്തിന്റെ ചുരുക്കം. അമിതമായ ചൈന ആശ്രയം കുറക്കുന്നതിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത്.

കഴിഞ്ഞ 30 വർഷമായി, പാശ്ചാത്യ കമ്പനികൾ ചൈനയിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. കുറഞ്ഞ ഉൽപാദനച്ചെലവ്, അതുപോലെ തന്നെ ആഭ്യന്തര ഉപഭോക്തൃ വിപണിയുടെ വലുപ്പം എന്നിവയായിരുന്നു ചൈനയിൽ ഉൽപ്പാദനം തുടങ്ങാൻ പല കമ്പനികളും തീരുമാനിച്ചതിനു കാരണം. പക്ഷെ ഒരു പരിധി കഴിഞ്ഞതോടെ ചൈനയിൽ പാശ്ചാത്യ രാജ്യങ്ങളുടെ ബിസിനസുകൾ അമിതമായി കേന്ദ്രീകരിക്കുന്നതിലേക്ക് ഇത് നയിച്ചു എന്ന തിരിച്ചറിവ് അവർക്ക് ഉണ്ടായി. കോവിഡ് ഉണ്ടായതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലുമായി.
2023 ൽ ഇന്ത്യ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 18 സമ്പദ്‌വ്യവസ്ഥകളുടെ ഒരു സംഘം, ദീർഘകാലാടിസ്ഥാനത്തിൽ കൂട്ടായ വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി ഉണ്ടാക്കി. വിതരണ ശൃംഖലയുടെ ആശ്രിതത്വവും പ്രശ്ന പരിഹാരവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള ചൈന-പ്ലസ് വൺ തന്ത്രത്തിന്റെ ഭാഗമായി ഇത് കാണാം.
ജപ്പാനിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ഉദ്യോഗസ്ഥരും കമ്പനികളും 2008-ൽ തന്നെ ചൈനയിൽ നിന്ന് മാറി വൈവിധ്യവൽക്കരണ തന്ത്രം ആലോചന തുടങ്ങിയിരുന്നു. കഴിഞ്ഞ ദശകത്തിന്റെ അവസാനത്തിൽ, യുഎസ്-ചൈന വ്യാപാര സംഘർഷം കൂടിയപ്പോൾ ബഹുരാഷ്ട്ര കമ്പനികൾ ഒരു ബദൽ തന്ത്രമെന്ന നിലയിൽ ചൈന പ്ലസ്-വൺ നടപ്പിലാക്കാൻ തുടങ്ങി.
ഇന്ത്യക്കാരുടെ പോക്കറ്റ് എങ്ങനെ നിറയും?
ചൈന പ്ലസ് വൺ തന്ത്രം ഇന്ത്യയ്ക്ക് അതിന്റെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള സുപ്രധാന അവസരമാണ് നൽകുന്നത്. ചൈനയുടെ വർദ്ധിച്ചുവരുന്ന തൊഴിൽ ചെലവുകളും പാശ്ചാത്യരാജ്യങ്ങളുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം, ബഹുരാഷ്ട്ര കുത്തകകൾ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കാനുമാണ് ശ്രമിക്കുന്നത്. വലിയ ജനസംഖ്യയും തന്ത്രപ്രധാനമായ സ്ഥാനവുമുള്ള ഇന്ത്യക്ക് ഈ മാറ്റത്തിൽ നിന്ന് പ്രയോജനം നേടാം.
ഇന്ത്യക്കുള്ള ഒരു പ്രധാന നേട്ടം നിർമ്മാണത്തിലെ ചിലവ് കുറവാണ്. മത്സരാധിഷ്ഠിത വേതനവും വിദഗ്ധ തൊഴിലാളികളും ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്ക് ചൈനയ്ക്ക് പകരം ആകർഷകമായ ബദൽ നൽകാൻ ഇന്ത്യക്ക് കഴിയും. ഇന്ത്യയിൽ കൂടുതൽ പേർക്ക് ജോലി ലഭിക്കും. പ്രാദേശിക ഉൽപ്പാദനത്തിനും സാങ്കേതിക പ്രാദേശികവൽക്കരണത്തിനും പ്രാധാന്യം ലഭിക്കും. ഇന്ത്യയുടെ സ്വന്തം ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള നയങ്ങൾ വളർത്തിയെടുത്താൽ വിദേശ കുത്തകകളെപോലെ ഇന്ത്യക്കും അത് പ്രയോജനകരമായിരിക്കും.

കൂടാതെ, കോർപ്പറേറ്റ് പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യ ഇതിനകം തന്നെ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് ബിസിനസ് നടത്തിപ്പ് എളുപ്പമാക്കുന്നു. ചൈനയ്ക്ക് പുറത്ത് ഫാക്ടറികൾ നിർമ്മിക്കാനുള്ള ആഗോള കമ്പനികളുടെ ശ്രമങ്ങളിൽ നിന്ന് പണമുണ്ടാക്കാൻ ഇന്ത്യക്ക് അവസരമുണ്ടെന്ന് രാജ്യാന്തര ഏജൻസികളുടെ തലവന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഡാറ്റ സ്വകാര്യ നിയമം
വിദേശ സാങ്കേതിക കമ്പനികൾ ചൈനയിലെ ഡാറ്റ ശേഖരിക്കുന്നതും സംഭരിക്കുന്നതും എങ്ങനെയെന്ന് വ്യക്തമാക്കുന്ന കർശനമായ ഡാറ്റാ സ്വകാര്യതാ നിയമം ചൈന കൊണ്ടുവന്നതോടെ വിദേശ കമ്പനികൾക്ക് ചൈനയെ അധികം താല്പര്യമില്ലാതായി എന്ന കാര്യവും ഇതിനു പിന്നിലുണ്ട്.
2022 നവംബറിൽ ചൈനയുടെ വ്യക്തിഗത വിവര സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നു. വ്യക്തിഗത ഉപയോക്തൃ വിവരങ്ങൾ വിദേശത്തേക്ക് അയയ്‌ക്കുന്നതിന് കമ്പനികൾ ഇപ്പോൾ അനുമതി നേടിയിരിക്കണം. പുതിയ നിയന്ത്രണം പാലിക്കൽ ചെലവ് ഉയർത്തുകയും അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ, നിയന്ത്രണങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തും. പാശ്ചാത്യ കമ്പനികൾ ചൈന വിട്ടു പോകാൻ ഇതും കാരണമായി.
ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുക, ഇന്ത്യയിൽ തന്നെ വിറ്റഴിക്കുക
കോവിഡ് ഉണ്ടായതോടെ മറ്റ് രാജ്യങ്ങൾ ചൈനയെ തീർത്തും ഒറ്റപ്പെടുത്തി. ചൈനയുടെ സീറോ-കോവിഡ് നയം തുടർന്നതു മൂലം 2021 ലും, 2022 ലും വ്യാവസായിക, വിതരണ ശൃംഖല ആഗോളതലത്തിൽ തടസ്സപ്പെട്ടു. ആഗോള വിതരണ ശൃംഖലയുടെ വിശ്വാസ്യത തകർന്നതോടെ യുഎസും യൂറോപ്പും, ചൈനയെ അമിതമായി ആശ്രയിക്കുന്നതിൽ നിന്നും വിട്ടു നിൽക്കാനും തീരുമാനിച്ചു.
ഇങ്ങനെ മറ്റ് സ്ഥലങ്ങൾ നോക്കാൻ നിർബന്ധിതരായത് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് നേട്ടമായി. വിദേശ കമ്പനികളെ ഇന്ത്യയുടെ നയങ്ങൾക്കൊണ്ട് ഇവിടെ നിലനിർത്താനായാൽ വരുന്ന ദശകത്തിലെ ആഗോള ശക്തിയായി വളരാൻ ഇന്ത്യയെ സഹായിക്കും.താരതമ്യേന കുറഞ്ഞ ഉൽപ്പാദന ചെലവിനൊപ്പം, ഇന്ത്യയുടെ വളരുന്ന ജനസംഖ്യ നല്ല വിപണി നല്കുമെന്നതിനാൽ വിദേശ കമ്പനികൾക്കും ഇരട്ടി നേട്ടം ലഭിക്കും.

എന്നാൽ 2024 ഡിസംബർ അവസാന വാരം പുറത്തിറക്കിയ നീതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യക്ക് ഇതുവരെ ചൈന പ്ലസ് വണ്ണിന്റെ നേട്ടം ശരിയായ രീതിയിൽ ലഭിച്ചിട്ടില്ല എന്നാണ്. അമേരിക്കയും ചൈനയും തമ്മിൽ വ്യാപാര യുദ്ധം കടുക്കുന്ന ഈ സമയത്തെങ്കിലും ഇന്ത്യക്ക് ചൈന പ്ലസ് വണ്ണിൽ നിന്നും മുതലെടുപ്പ് നടത്തിയേ മതിയാകൂ.