വേണം യുവാക്കൾക്ക് തൊഴിലൊരുക്കുന്നതിൽ ഊന്നൽ, സാമ്പത്തിക അച്ചടക്കത്തെ ക്ഷീണിപ്പിക്കാതെ വളര്‍ച്ചയെ ഉത്തേജിപ്പിക്കണം

Mail This Article
സങ്കീര്‍ണമായ ജിയോ-പൊളിറ്റിക്കല്‍, ജിയോ-സാമ്പത്തിക ഘടകങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സാഹചര്യത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ പുതിയ ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 8.2 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.4 ശതമാനത്തിലേക്ക് കുറയുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും ഇന്ത്യ ആഗോള തലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ്.
സമ്പദ്ഘടനയ്ക്കു ദീര്‍ഘകാല തന്ത്രങ്ങളിലൂടെ ഹ്രസ്വകാല പിന്തുണ നല്‍കി തൊഴില്‍ സൃഷ്ടിക്കാനും വളര്‍ച്ചയെ ത്വരിതപ്പെടുത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നിര്‍മാണം, കൃഷി, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ഡിജിറ്റല്‍ രംഗം തുടങ്ങിയവയിലാകും കൂടുതല്‍ പ്രാധാന്യം. വര്‍ധിക്കുന്ന ഉപഭോഗത്തിലൂടെ വിവിധ മേഖലകളിലെ ഡിമാന്‍ഡ് ഉയര്‍ത്തുകയും സ്വകാര്യ നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്ത് വളര്‍ച്ചാ ചക്രത്തെ സൃഷ്ടിക്കാനാവും.

∙അടിസ്ഥാന സൗകര്യ മേഖലയിലെ സര്‍ക്കാരിന്‍റെ വന്‍തോതിലുള്ള ചെലവഴിക്കലുകള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും സ്വകാര്യ നിക്ഷേപം കുറവാണ്. കൂടാതെ സംസ്ഥാനങ്ങളുടെ മൂലധനച്ചെലവിനായി സര്‍ക്കാര്‍ പിന്തുണ വര്‍ധിപ്പിച്ചേക്കാം. ഇതോടൊപ്പം നിര്‍മാണ മേഖലയെ കൂടുതല്‍ മല്‍സരാധിഷ്ഠിതമാക്കാനുള്ള നടപടികളായ ഉല്‍പാദന അധിഷ്ഠിത ഇന്‍സെന്‍റീവ് പദ്ധതികള്‍ പോലുള്ളവയും പ്രതീക്ഷിക്കാം.
∙ലക്ഷക്കണക്കിന് യുവാക്കള്‍ വരും ദശകങ്ങളില്‍ തൊഴില്‍ മേഖലയിലേക്ക് കടക്കുമെന്നതിനാല്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിലായിരിക്കും ബജറ്റ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മാണം, വിനോദ സഞ്ചാരം, ടെക്സ്റ്റൈല്‍സ് തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേക്കാം. തൊഴില്‍ സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും കഴിവുകള്‍ വികസിപ്പിക്കാനും നീക്കങ്ങളുണ്ടായേക്കും.
വേണം ചെറുകിടക്കാർക്ക് പിന്തുണ
∙രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ വലിയ പങ്കു വഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയ്ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേക്കാം. എംഎസ്എംഇകള്‍ക്കുള്ള വായ്പാ ലഭ്യത മെച്ചപ്പെടുത്തുന്നതും കയറ്റുമതിക്കുള്ള പ്രോത്സാഹനങ്ങള്‍ വിപുലീകരിക്കുന്നതും ബജറ്റില്‍ തുടര്‍ന്നേക്കാം.
∙കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം വെല്ലുവിളികള്‍ നേരിടുന്ന കാര്‍ഷിക മേഖലയ്ക്കായി കര്‍ഷകര്‍ക്ക് ഈടില്ലാതെ വായ്പ ലഭ്യമാക്കാന്‍ പുതിയ വായ്പാ ഗ്യാരന്റി പദ്ധതികള്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ നല്‍കുന്ന തുക ഉയര്‍ത്തി കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായവും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചേക്കാം.

∙ഗ്രാമീണ മേഖലകളെ പിന്തുണയ്ക്കുന്നതിന് ഉപഭോഗം വര്‍ധിപ്പിക്കുവാനാവും ശ്രമിക്കുക. കര്‍ഷകര്‍ക്കുള്ള സഹായം വര്‍ധിപ്പിച്ചും ചെറിയ വരുമാനക്കാര്‍ക്കുള്ള നികുതിയില്‍ ഇളവു നല്‍കിയും ഇതു ചെയ്തേക്കാം. വീടുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് താങ്ങാനാവുന്ന ഭവന മേഖലയിലും ചില നീക്കങ്ങള്‍ പ്രതീക്ഷിക്കാം. ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സബ്സിഡികളും ഉപഭോഗം വര്‍ധിപ്പിക്കാന്‍ സഹായകമാകും. എംജിഎന്‍ആര്‍ഇജിഎ പോലുള്ളവയ്ക്കും ഊന്നല്‍ നല്‍കിയേക്കും.
∙മൊത്തത്തിലുള്ള ധനകാര്യ മാനേജ്മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ 2025 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി ലക്ഷ്യം ജിഡിപിയുടെ 4.9 ശതമാനത്തില്‍ നിലനിര്‍ത്താനും, വേണ്ടിവന്നാല്‍ അല്പം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. കൂടാതെ 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഇനിയും താഴ്ത്തും. സര്‍ക്കാരിന്‍റെ കടം നിയന്ത്രിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും ദീര്‍ഘകാല വളര്‍ച്ചയും പിന്തുണയ്ക്കുന്നതിനായിരിക്കും ബജറ്റ് ശ്രദ്ധ നല്‍കുക.
ശമ്പളക്കാര്‍ക്കും സ്ഥിരം ഉപഭോക്താക്കള്‍ക്കും ചില മിതമായ ഇളവുകളും ശക്തമായ സാമ്പത്തിക ആസൂത്രണത്തോടൊപ്പം ഗ്രാമീണ മേഖലയിലെ പിന്തുണ ശക്തമാക്കുന്നതും കൂടിയാവും ബജറ്റിലെ നടപടികള്‍ എന്നാണ് പ്രതീക്ഷ. ഇതിനായി ഹ്രസ്വകാല ആശ്വാസവും ദീര്‍ഘകാല നിക്ഷേപങ്ങളും സന്തുലിതമാക്കി കൊണ്ടു പോകുന്ന നടപടികളാവും സര്‍ക്കാര്‍ ബജറ്റില്‍ സ്വീകരിക്കുക എന്നു പ്രതീക്ഷിക്കാം.
ലേഖകൻ ബന്ധന്‍ ബാങ്കന്റെ ചീഫ് ഇക്കണോമിസ്റ്റും ഗവേഷണ വിഭാഗം മേധാവിയുമാണ്
അഭിപ്രായങ്ങൾ വ്യക്തിപരം