കേന്ദ്ര ബജറ്റിൽ ധനമന്ത്രിയുടെ മുന്നിലെ വെല്ലുവിളികൾ ഇവയാണ്

Mail This Article
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റും ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റുമാണ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്നത്.
ഇന്ത്യൻ സമ്പദ്ഘടനയുടെ അടിത്തറ സുശക്തമാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്കു കാണിക്കുന്നതും ഇന്ത്യയിലാണ്.
ഇതൊക്കെയാണെങ്കിലും ഒട്ടുവളരെ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഈ വെല്ലുവിളികൾ എന്തെല്ലാമാണെന്നും ബജറ്റിൽ അവയെ നേരിടുന്നതിന് എന്തു ചെയ്യാമെന്നുമാണ് ഇവിടെ ചർച്ചചെയ്യുന്നത്.

പ്രധാന വെല്ലുവിളികൾ:
1. കുറഞ്ഞുകൊണ്ടിരിക്കുന്ന ജിഡിപി വളർച്ച
ഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ നാലു പാദങ്ങളിലായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നടപ്പു സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ 6.7 ശതമാനമുണ്ടായിരുന്ന ജിഡിപി വളർച്ച രണ്ടാം പാദത്തിൽ 5.4 ശതമാനമായി കുറഞ്ഞു. ഒന്നാം പാദത്തിൽ 6.8% വളർച്ച കൈവരിച്ച മൊത്ത മൂല്യവർധന (GVA) രണ്ടാം പാദത്തിൽ വളർന്നത് 5.6 ശതമാനമാണ്. കഴിഞ്ഞ ഏഴു പാദങ്ങളിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ചയാണിത്.
2024–’25 വർഷത്തേക്കുള്ള നാഷനൽ അക്കൗണ്ട്സിന്റെ ആദ്യ മുൻകൂർ കണക്കെടുപ്പ് എൻഎസ്ഒ പുറത്തുവിട്ടിരിക്കുന്നു. നടപ്പുവർഷത്തെ നമ്മുടെ ജിഡിപി വളർച്ചയും ജിവിഎ വളർച്ചയും 6.4% ആയിരിക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്. 2023–’24 ൽ ഇത് യഥാക്രമം 8.2 ശതമാനവും 7.2 ശതമാനവും ആയിരുന്നു. ഈ കണക്കുകൾ യാഥാർഥ്യമായാൽ കഴിഞ്ഞ നാലു വർഷത്തിനിടെ ആദ്യമായിട്ടായിരിക്കും ജിഡിപി വളർച്ച 7 ശതമാനത്തിൽ താഴെയാകുന്നത്. സാമ്പത്തികവർഷത്തെ ആദ്യ പകുതിയിൽ 6 ശതമാനവും രണ്ടാം പകുതിയിൽ 6.8 ശതമാനവും വളർച്ചയായിരിക്കും കൈവരിക്കുക.
ഉപഭോഗത്തിൽ വന്ന കുറവ്, സർക്കാർ ചെലവിലുണ്ടായ ഇടിവ്, കുറഞ്ഞ സ്വകാര്യ മുതൽമുടക്ക്, പണപ്പെരുപ്പം, ഉയർന്ന പലിശനിരക്ക്, കുറയുന്ന ബാങ്കു വായ്പാ വളർച്ച തുടങ്ങിയ പലതും ജിഡിപി വളർച്ച കുറയുന്നതിനു കാരണമായി.
2. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത മൂലധനച്ചെലവ്:
കോവിഡ് കാലം മുതൽ കേന്ദ്രസർക്കാർ മൂലധനച്ചെലവിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നു. അതു സമ്പദ്ഘടനയുടെ തിരിച്ചുവരവിനു ശക്തിപകർന്നു. ഉയർന്ന മൂലധനച്ചെലവ്, സമ്പദ്ഘടനയിൽ ശക്തമായ സംവർധകഫലം (multiphior epoct)ഉണ്ടാക്കും. സ്വകാര്യ നിക്ഷേപകരെ ഗ്രീൻഫീൽഡ് പ്രോജക്ടുകളിലും ബ്രൗൺ ഫീൽഡ് പ്രോജക്ടുകളിലും നിക്ഷേപം ഇറക്കുന്നതിനു പ്രേരിപ്പിക്കും. നടപ്പു സാമ്പത്തിക വർഷം 11.11 ലക്ഷം കോടി രൂപയാണ് കേന്ദ്രബജറ്റിൽ മൂലധനച്ചെലവിനായി വകയിരുത്തിയത്. ഇതു ജിഡിപിയുടെ 3.4 ശതമാനം വരും. എന്നാൽ ഇത്രയും തുക നടപ്പുവർഷം ചെലവഴിക്കുന്നതിനു സാധ്യതയില്ല. ഒന്നാം പാദത്തിലെ പൊതു തിരഞ്ഞെടുപ്പും ധനക്കമ്മി നിയന്ത്രിക്കലും ഇതിനു കാരണമായി. പൊതു മൂലധനച്ചെലവ് ഉയർത്തുന്നതിനനുസരിച്ച് സ്വകാര്യമേഖല അവരുടെ പങ്കു വഹിക്കുന്നില്ല. കുറഞ്ഞ ഡിമാൻഡ്, ഉയർന്ന ഉൽപാദനച്ചെലവ്, ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ തുടങ്ങിയവ കോർപറേറ്റ് നിക്ഷേപത്തിനു തടസ്സമുണ്ടാക്കുന്നുെവന്ന് അവർ പറയുന്നു.

3. നിയന്ത്രണവിധേയമാവാത്ത പണപ്പെരുപ്പം:
നടപ്പു സാമ്പത്തികവർഷം പണപ്പെരുപ്പം ഇന്ത്യയിൽ ഉയർന്ന നിരക്കിലാണു കാണപ്പെടുന്നത്. ഭക്ഷ്യവിലക്കയറ്റമാണ് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നത്. ഒക്ടോബറിൽ 6.21 ശതമാനമായിരുന്ന ചില്ലറ പണപ്പെരുപ്പവും 10.87 ശതമാനമായിരുന്ന ഭക്ഷ്യ വിലക്കയറ്റവും ഡിസംബറിൽ യഥാക്രമം 5.22 ശതമാനവും 8.65 ശതമാനവുമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും അപകടനില ഇപ്പോഴും തരണംചെയ്തിട്ടില്ല. സുസ്ഥിര വളർച്ചയുമായി മുന്നോട്ടുപോകുന്നതിൽ സ്ഥിരതയാർന്ന പണപ്പെരുപ്പം നിർണായകമാണ്. നിക്ഷേപത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ ഊർജം നൽകുന്നതാണ് കുറഞ്ഞ പണപ്പെരുപ്പം. ഉറച്ച വിലസ്ഥിരതയും വിപണിയിലെ അനിശ്ചിതത്വം കുറയുകയും ചെയ്താൽ നിക്ഷേപവും നീക്കിയിരിപ്പും കൂടും. ഇതു സാമ്പത്തികവളർച്ചയ്ക്ക് വേഗംകൂട്ടും. ഉയർന്ന വിലക്കയറ്റം പാവപ്പെട്ടവർക്കു ബാധ്യത സൃഷ്ടിക്കും. ആർബിഐയുടെ ലക്ഷ്യം ചില്ലറ പണപ്പെരുപ്പം നാലു ശതമാനത്തിലേക്കു കൊണ്ടുവരികയാണ്. ബജറ്റിൽ ഇതിനു നടപടിയുണ്ടാവണം.
4. രൂപയുടെ മൂല്യശോഷണം:
ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്. ഇറക്കുമതിക്കാരിൽനിന്നു ഡോളറിന്റെ ആവശ്യം ഉയർന്നതും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അവരുടെ നിക്ഷേപം പിൻവലിച്ച് പുറത്തേക്കു കൊണ്ടുപോകുന്നതും ഡോളറിന്റെ ആവശ്യം കൂട്ടി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കു കുറയ്ക്കുകയും 2025ൽ രണ്ടു തവണ മാത്രമേ പലിശ കുറയ്ക്കാൻ സാധ്യതയുള്ളൂ എന്നതരത്തിൽ സൂചന നൽകിയതും യുഎസ് കടപ്പത്രത്തിലെ ആദായം കൂട്ടി. ഇതു ഡോളറിനെ കൂടുതൽ ശക്തമാക്കി. രൂപ ഉൾപ്പെടെയുള്ള കറൻസികളുടെ മൂല്യം ഇടിയാൻ കാരണമായി. നടപ്പു സാമ്പത്തികവർഷം ഇത് എഴുതുന്നതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 3.39% ഇടിവാണു രേഖപ്പെടുത്തിയത്. നടപ്പു കലണ്ടർ വർഷത്തിൽ രേഖപ്പെടുത്തിയത് 0.68% ഇടിവാണ്. രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കാൻ ആർബിഐ വിപണിയിൽ നിരന്തരം ഇടപെട്ട് ഡോളർ വിറ്റഴിക്കുന്നുണ്ട്.

5. കുറഞ്ഞുകൊണ്ടിരിക്കുന്ന വിദേശനാണയ കരുതൽ ശേഖരം:
ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരത്തിൽ ഗണ്യമായ ഇടിവാണ് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2024 സെപ്റ്റംബർ 27ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം 70489 കോടി ഡോളറിന്റെ സർവകാല റെക്കോർഡിൽ എത്തിയിരുന്നു. 2025 ജനുവരി 24ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണയ കരുതൽശേഖരം 11 ആഴ്ചയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയിരിക്കുന്നു. അതായത് 63398 കോടി ഡോളറിൽ. ഇതിനു മുൻപത്തെ ആഴ്ചയിൽ കരുതൽ ശേഖരം 62587 കോടി ഡോളറായിരുന്നു. വിദേശ നിക്ഷേപം പിൻവലിക്കപ്പെടുന്നതും ഭൗമ രാഷ്ട്രീയ സമ്മർദങ്ങളും ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റതുമെല്ലാം വിദേശ നാണയ ശേഖരം ഇടിയാൻ കാരണമാക്കിയിട്ടുണ്ട്.
6. കുറയുന്ന ബാങ്ക് വായ്പാ വളർച്ച:
രാജ്യത്തെ വാണിജ്യ ബാങ്കുകളിലെ വായ്പാ വളർച്ച കുറയുന്നുണ്ട്. 2023 ഒക്ടോബറിൽ ബാങ്കു വായ്പാ വളർച്ച 15.5% ആയിരുന്നെങ്കിൽ 2024 ഒക്ടോബറിൽ അത് 12.8% ആയി കുറഞ്ഞിരിക്കുന്നു. വ്യക്തിഗത വായ്പകളിലും കാർഷികാനുബന്ധ മേഖലകളിലെ വായ്പകളിലുമുണ്ടായ കുറവാണ് ബാങ്കു വായ്പാ വളർച്ച കുറയാൻ കാരണം. കുറഞ്ഞ ഉപഭോക്തൃ ആവശ്യം, ബാങ്കു നിക്ഷേപത്തിൽ വരുന്ന കുറവ്, ഉയർന്ന പലിശനിരക്ക്, സുരക്ഷിതമല്ലാത്ത വായ്പ ഒഴിവാക്കൽ തുടങ്ങിയവ വായ്പ കുറയാൻ കാരണമായിട്ടുണ്ട്.
7. നിഷ്ക്രിയ ആസ്തി:
2014–’15 സാമ്പത്തികവർഷത്തിനും 2023–’24 സാമ്പത്തിക വർഷത്തിനുമിടയിൽ ഇന്ത്യയിലെ ബാങ്കുകൾ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു കൊല്ലംകൊണ്ടു പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 6.5 ലക്ഷം കോടി രൂപയായിരുന്നു. 2024 സെപ്റ്റംബർ 30വരെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തികൾ 3,16,331 കോടി രൂപയാണ്. സ്വകാര്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 1,34,339 കോടി രൂപയാണ്. പൊതുമേഖലാ ബാങ്കുകളിലെ വായ്പയിൽ 3.01% നിഷ്ക്രിയ ആസ്തികളാണെങ്കിൽ സ്വകാര്യ ബാങ്കുകളുടേത് 1.86 ശതമാനമാണ്. നടപ്പു സാമ്പത്തികവർഷത്തെ ആദ്യ പകുതിയിൽ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,000 കോടി രൂപയാണ്. നിഷ്ക്രിയ ആസ്തികൾ ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയെയാണു പ്രതികൂലമായി ബാധിക്കുന്നത്.

8. കറന്റ് അക്കൗണ്ടിലെ കമ്മി:
ഇന്ത്യയുടെ കറന്റ് അക്കൗണ്ടിലെ കമ്മി 2025–’26ലും ഉയർന്നു നിൽക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ഇറക്കുമതി കയറ്റുമതിയെക്കാൾ കൂടുമെന്നാണു കരുതുന്നത്. അതു വ്യാപാരക്കമ്മി ഉയർത്തും. ട്രംപിന്റെ വ്യാപാരനയങ്ങൾ ഭിന്നദിശകളിലേക്കു നീങ്ങാൻ സാധ്യതയുള്ളതിനാൽ അത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുകയും കയറ്റുമതി നടപ്പുവർഷത്തെക്കാൾ പിന്നിൽപോകുകയും ചെയ്യും. ഏപ്രിൽ–ഡിസംബർ കാലത്തെ ഇന്ത്യയുടെ വ്യാപാരക്കമ്മി 21077 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലത്ത് അത് 18974 കോടി ഡോളറായിരുന്നു. വിദേശപണമെടുക്കലിന്റെ (External payment) ഒരു പ്രധാന സൂചകമാണ് കറന്റ് അക്കൗണ്ടിലെ കമ്മി (CAD). നടപ്പു സാമ്പത്തികവർഷത്തെ ഒന്നാം പാദത്തിൽ സിഎഡി, ജിഡിപിയുടെ 1.1 ശതമാനമായിരുന്നെങ്കിൽ രണ്ടാം പാദത്തിലത് 1.2 ശതമാനമാണ്. അതായത് 1120 കോടി ഡോളർ.
തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്പത്തിക അസമത്വം, ഉയർന്ന ധനക്കമ്മി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വെല്ലുവിളികൾ വേറെയുമുണ്ട്.
ബജറ്റിൽ ധനമന്ത്രി ചെയ്യേണ്ടത്:
ബജറ്റിനു രൂപം നൽകുമ്പോൾ ഏതൊരു ധനമന്ത്രിയും മൂന്നു കാര്യങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്. സാമ്പത്തികവളർച്ചയ്ക്കു ശക്തി പകരുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുകയും നിലനിർത്തുകയും ചെയ്യുക, ജനജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുക. ഈ മൂന്നു കാര്യങ്ങളും ഒരുമിച്ചുകൊണ്ടുപോകുക അത്ര എളുപ്പമല്ല. എങ്കിലും അങ്ങനെ ചെയ്തേപറ്റൂ.
മേൽപറഞ്ഞ മൂന്നു കാര്യങ്ങൾ കൈവരിക്കുന്നതിനുള്ള ചില നടപടികളാണു പറയാൻപോകുന്നത്.
∙അടിസ്ഥാന സൗകര്യ വികസനത്തിനു ശക്തി പകർന്ന്, ധനപരമായ സൂക്ഷ്മജാഗ്രത പാലിച്ച് സ്ത്രീകൾ, യുവജനങ്ങൾ, കർഷകർ, അടിസ്ഥാന ജീവിതമാർഗങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർ തുടങ്ങിയവർക്ക് വൈദഗ്ധ്യം നൽകിയും ക്ഷേമനടപടികൾ കൈക്കൊണ്ടും ധനസഹായം നൽകിയും അവരുടെ ഉപഭോഗം കൂടുന്നതിനുള്ള നടപടികൾ ബജറ്റിലുണ്ടായിരിക്കണം.
∙ഉപയോക്താവിന്റെ വികാരം പരമപ്രധാനമാണ്. നികുതി നൽകിയതിനു ശേഷമുള്ള വരുമാനം (disposible income) ഉയർത്തുന്നതിനു നികുതിപരമായ ആശ്വാസം നൽകേണ്ടത് അത്യാവശ്യമാണ്. അതിന് ആദായനികുതി നിരക്കുകളിൽ കുറവു വരുത്തേണ്ടതുണ്ട്. അതു മൊത്തത്തിലുള്ള ചോദനം ഉയർത്തുന്നതിനു സഹായിക്കും.
∙സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം നൽകി ആഭ്യന്തര ഉൽപാദനവും കയറ്റുമതിയും പരിപോഷിപ്പിക്കണം. വ്യവസായ നയത്തിനുപരിയായി ഒരു മാനുഫാക്ചറിങ് പോളിസിക്കു രൂപം നൽകി അവ നടപ്പിലാക്കേണ്ട സമയമായിരിക്കുന്നു.

∙നിർമിതിബുദ്ധി, ഹരിത സാങ്കേതികവിദ്യ, രാജ്യരക്ഷ, ആരോഗ്യ പരിപാലനം എന്നിവയിൽ വേണ്ടത്ര വൈദഗ്ധ്യമുള്ളവരെ ലഭിക്കുന്നതിനു പ്രയാസമുണ്ട്. തൊഴിൽ ഉത്തേജന പരിപാടികളുടെ ലളിതവൽക്കരണം തൊഴിൽ സൃഷ്ടിക്കുന്നതിനു ഗണ്യമായ സംഭാവനകൾ നൽകും.
∙ആരോഗ്യമേഖലയുടെ വളർച്ചയ്ക്കായി കൂടുതൽ മുതൽമുടക്കിനു പ്രോത്സാഹനം നൽകണം. ചരക്കു സേവന നികുതിയുടെ ഊരാക്കുടുക്കുകളിൽനിന്ന് ഈ മേഖലയെ മോചിപ്പിക്കുകയാണെങ്കിൽ ടൂറിസം വ്യവസായത്തിന്റെ വളർച്ചയ്ക്കും വലിയതോതിൽ തൊഴിൽ സൃഷ്ടിക്കുന്നതിനും സഹായമാകും.
∙കുറച്ചു കാലമായി ചില്ലറ വ്യാപാരമേഖല ഡിമാൻഡിലെ കുറവു കാരണം മാന്ദ്യം ബാധിച്ച നിലയിലാണ്. ഇവയെ രക്ഷിക്കുന്നതിനു സർക്കാർ ഭാഗത്തുനിന്നു നടപടിയുണ്ടാവണം.
∙കാർഷികമേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന 17ശതമാനത്തോളമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഈ മേഖലയെ ആശ്രയിച്ചാണ് 45 ശതമാനത്തോളം ജനങ്ങൾ ജീവിക്കുന്നത്. ഈ മേഖലയുടെ വളർച്ചയ്ക്കായി ബജറ്റിൽ കാര്യമായ ഇടപെടൽ ആവശ്യമാണ്. കുറഞ്ഞ പലിശയ്ക്ക് ദീർഘകാല വായ്പകൾ ലഭ്യമാക്കുക, നികുതികൾ കുറയ്ക്കുക, ചെറുകിട കർഷകർക്കു കിസാൻ സമ്മാൻ പദ്ധതിവഴി നൽകുന്ന തുക ഇന്നുള്ള 6,000 രൂപയിൽനിന്നു 12,000 രൂപയായി ഉയർത്തുക, കർഷകർക്കു പ്രീമിയമില്ലാത്ത വിള ഇൻഷുറൻസ് പ്രധാനമന്ത്രി ഫസ്സൽ ബീമയോജന വഴി നടപ്പിലാക്കുക. കാർഷിക നിവേശങ്ങളെ (inputs) ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുക. ഇതൊക്കെ കാർഷികവിളകളുടെ ഉൽപാദനം കൂടുന്നതിനും ഇറക്കുമതിയിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനും വഴിയൊരുക്കും.
∙കാർഷിക ഉൽപന്നങ്ങൾക്കുള്ള താങ്ങുവില സ്വാമിനാഥൻ കമ്മിഷന്റെ ശുപാർശപ്രകാരം നടപ്പിലാക്കുക. ശാസ്ത്രീയമായ ഭൂപരിഷ്കരണ നിയമങ്ങളും തൊഴിൽ നിയമങ്ങളും നടപ്പിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിനുള്ള നടപടികൾ സ്വീകരിക്കുക.
∙ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിനു പ്രധാന വശവുമായി ബന്ധപ്പെട്ട നടപടികൾ അനിവാര്യമാണ്. പ്രാദേശിക തലത്തിൽത്തന്നെ ശീതീകരണ ശൃംഖല ആരംഭിക്കുന്നതിനു നടപടികൾ ആവശ്യമാണ്.
∙ഹോട്ടൽ, ടൂറിസം മേഖലകൾക്ക് അടിസ്ഥാന സൗകര്യ പദവി നൽകണം. അങ്ങനെ വരുമ്പോൾ അവർക്കു വിദേശനിക്ഷേപം ആകർഷിക്കാനും കടംവാങ്ങൽ ചെലവു കുറയ്ക്കാനും കഴിയും.

∙പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുന്നത് ഉപയോക്താക്കളുടെയും ബിസിനസുകാരുടെയും സാമ്പത്തികഭാരം കുറയ്ക്കും.
∙തുടർച്ചയായി ആഗോള എതിർ കാറ്റ് ഉണ്ടാക്കുന്ന അനിശ്ചിതത്വത്തിൽനിന്നു മോചനം നേടുന്നതിനു ഭൗതിക, സാമൂഹിക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള മൂലധനച്ചെലവ് ഉയർത്തി സർക്കാർ സ്ഥായിയായി വളർച്ചയുടെ ശക്തി കൂട്ടണം. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തണം.
∙ദീർഘകാല വളർച്ചയ്ക്കായി വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, തൊഴിൽസൃഷ്ടി എന്നിവയിൽ ലക്ഷ്യംവച്ച് മുതൽമുടക്കു നടത്തുന്നതിന് ഊന്നൽ നൽകണം. മനുഷ്യമൂലധനത്തിൽ മുതൽമുടക്കു നടത്തുകയാണെങ്കിൽ അതു മെച്ചപ്പെട്ട ഫലം നൽകും. മനുഷ്യമൂലധനത്തിന്റെ ഗുണമേന്മ കൂട്ടുന്നതിനുവേണ്ടിയാണ് കൂടുതൽ നിക്ഷേപം നടത്തേണ്ടത്. അതു സ്ഥായിയായ വികസനത്തിലേക്കുള്ള ശക്തമായ അടിത്തറയായിരിക്കും. അത് എല്ലാവരുടെയും ക്ഷേമം ഉയർത്തുകതന്നെ ചെയ്യും.
ലേഖകന്‍ സാമ്പത്തിക വിദഗ്ധനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം