കയറ്റുമതി പ്രോത്സാഹന നയം മന്ത്രിസഭ അംഗീകരിച്ചു

Mail This Article
തിരുവനന്തപുരം∙ കേരളത്തെ പ്രധാനപ്പെട്ട കയറ്റുമതി സംസ്ഥാനമാക്കുകയെന്ന കാഴ്ചപ്പാടോടെ വ്യവസായ വകുപ്പ് തയാറാക്കിയ കേരള കയറ്റുമതി പ്രോത്സാഹന നയത്തിനു മന്ത്രിസഭ അംഗീകാരം നൽകി. കയറ്റുമതിരംഗത്തെ വ്യവസായ സ്ഥാപനങ്ങൾക്ക് വെയർഹൗസിങ്, കോൾഡ് സ്റ്റോറേജ്, ലോജിസ്റ്റിക് സൗകര്യമൊരുക്കുന്നതിന് ഒരു കോടി രൂപ വരെ സബ്സിഡി നൽകാൻ നയത്തിൽ നിർദേശമുണ്ട്.
തുറമുഖങ്ങളിലെ ഗതാഗത നിരക്ക്, കൈകാര്യച്ചെലവ് എന്നിവ ഉൾപ്പെടെയുള്ള ലോജിസ്റ്റിക് ചെലവുകളുടെ 50 % ‘റീ ഇംബേഴ്സ്മെന്റ്’ നൽകും. ആദ്യത്തെ കയറ്റുമതി മുതൽ 5 വർഷത്തേക്കു യൂണിറ്റിന് 15 ലക്ഷം എന്ന പരിധിയിലാണു തുക അനുവദിക്കുക. ദേശീയ,രാജ്യാന്തര മേളകളിൽ പങ്കെടുക്കുന്നതിനു വർഷം പരമാവധി 2 ലക്ഷം രൂപ സബ്സിഡി നൽകും. കയറ്റുമതി വികസന ഫണ്ട് എന്ന പേരിൽ പ്രത്യേകനിധി രൂപീകരിക്കും. കയറ്റുമതി ഗവേഷണം, വിപണിയെക്കുറിച്ചുള്ള പഠനം തുടങ്ങിയവയ്ക്കായി ഒരു സ്ഥാപനത്തിന് ഒരു കോടി രൂപ വരെ ഫണ്ട് നൽകും. എൻഐബിഎൽ അംഗീകൃത ലാബുകൾ, കയറ്റുമതി ഇൻകുബേഷൻ കേന്ദ്രങ്ങൾ, ഉപദേശ സമിതികൾ എന്നിവ സ്ഥാപിക്കാൻ നയത്തിൽ നിർദേശമുണ്ട്. ഓരോ സാമ്പത്തികവർഷവും വ്യവസായ ഇൻസെന്റീവ് സ്കീമിനു വകയിരുത്തിയ പദ്ധതി വിഹിതത്തിൽ കയറ്റുമതി പ്രോത്സാഹനത്തിനുള്ള വിവിധ ഇൻസെന്റീവുകൾ പരിമിതപ്പെടുത്തണമെന്ന വ്യവസ്ഥയിലാണു നയത്തിനു മന്ത്രിസഭാ അംഗീകാരം.